From the print
നിക്ഷേപത്തില്‍ നിന്ന് പിടിച്ചെടുക്കും; ജി എസ് ടി കുടിശ്ശിക പിരിക്കാന്‍ കടുത്ത നടപടി
നിക്ഷേപങ്ങള്‍ മരവിപ്പിച്ച് തുക ഈടാക്കും. വിവരങ്ങള്‍ ശേഖരിച്ച് ജി എസ് ടി വകുപ്പ്.

തിരുവനന്തപുരം | നികുതി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളുമായി സംസ്ഥാന ജി എസ് ടി വകുപ്പ്. നികുതി കുടിശ്ശിക വരുത്തുന്നവരുടെ ബേങ്ക്, ഓഹരി വിപണി നിക്ഷേപങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ആവശ്യമെങ്കില്‍ പണം പിടിച്ചെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. നികുതി കുടിശ്ശിക പിരിച്ചെടുക്കാനായി ജി എസ് ടി നിയമം നല്‍കുന്ന ഈ സൗകര്യം ആദ്യമായി പ്രയോഗിക്കാനാണ് നടപടികള്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 35 സ്ഥാപനങ്ങളില്‍ നിന്ന് റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതി കുടിശ്ശിക പിരിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ നോട്ടീസ് അയച്ചും നേരിട്ടെത്തി നിര്‍ബന്ധിച്ചും നികുതി ഈടാക്കുന്ന രീതിയാണ് നടപ്പാക്കിവരുന്നത്. എന്നിട്ടും അടയ്ക്കാത്തവര്‍ക്കായി വാര്‍ഷിക ആംനെസ്റ്റി പദ്ധതിയും പ്രഖ്യാപിക്കാറുണ്ട്. ഇത് കാര്യക്ഷമമല്ലാതെ വന്നതോടെയാണ് നിയമത്തിലെ മുഴുവന്‍ റിക്കവറി മാര്‍ഗങ്ങളും പ്രയോഗിക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും നികുതി അടച്ചില്ലെങ്കില്‍ വ്യാപാരിയുടെ ലഡ്ജറില്‍ തുകയുണ്ടെങ്കില്‍ അത് നികുതിയായി ഈടാക്കുകയെന്നതാണ് ആദ്യഘട്ടമായി നടപ്പാക്കുന്നത്. ഇതോടൊപ്പം വ്യാപാരിക്ക് സര്‍ക്കാറില്‍ നിന്ന് പണം ലഭിക്കാനുണ്ടെങ്കില്‍ അതും കുടിശ്ശിക ഇനത്തില്‍ വരവുവെക്കും. ഇതിന് പുറമെയാണ് ബേങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, ഓഹരി വിപണി, ഇന്‍ഷ്വറന്‍സ് പോളിസികള്‍ തുടങ്ങിയവയില്‍ നിന്ന് കുടിശ്ശിക വസൂലാക്കാനുള്ള സാധ്യതകളും തേടുന്നത്. നിക്ഷേപങ്ങള്‍ മരവിപ്പിച്ചുകൊണ്ടായിരിക്കും തുക ഈടാക്കുക. അതും സാധിച്ചില്ലെങ്കില്‍ സ്ഥാവരജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്കും ജി എസ് ടി വകുപ്പ് കടന്നേക്കും. കഴിഞ്ഞ ദിവസം ജില്ലകളില്‍ സംഘടിപ്പിച്ച റിക്കവറി ഡ്രൈവുകളില്‍ ജി എസ് ടി വകുപ്പ് അധികൃതര്‍ ഇത് സംബന്ധിച്ച് സൂചന നല്‍കിയിരുന്നു.
നികുതി കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളുടെ ബേങ്ക് അക്കൗണ്ടും സ്ഥാവരജംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. കുടിശ്ശികയുള്ള നൂറോളം സ്ഥാപനങ്ങളില്‍ വകുപ്പ് ഈ നടപടികള്‍ സ്വീകരിക്കുകയും സ്ഥാവരജംഗമ വസ്തുവകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
ജി എസ് ടി നിയമത്തിലെ 159ാം വകുപ്പ് പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മനഃപൂര്‍വമായി കുടിശ്ശിക വരുത്തിയ നികുതിദായകരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികളും പരിഗണനയിലുണ്ട്.
ആംനെസ്റ്റി പദ്ധതി ഉപയോഗപ്പെടുത്താം
തിരുവനന്തപുരം വാറ്റ്, കെ ജി എസ് ടി കുടിശ്ശികയുള്ള വ്യാപാരികള്‍, സേവനദാതാക്കള്‍ ആംനെസ്റ്റി സ്‌കീം വഴി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെയോ അല്ലാതെയോ നികുതി അടച്ച് തുടര്‍ നടപടികള്‍ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം റിക്കവറി നടപടികളിലേക്ക് കടക്കുമെന്നും സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ പ്രജനി രാജന്‍ അറിയിച്ചു. ആംനെസ്റ്റി സ്‌കീം വഴി കുടിശ്ശികയുടെ നിശ്ചിത ശതമാനം അടച്ച് നടപടി ഒഴിവാക്കാന്‍ ജൂണ്‍ 30 വരെ അവസരമുണ്ട്.
വിവരങ്ങള്‍ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പില്‍ നിന്നും ചരക്ക് സേവന നികുതി വകുപ്പിന്റെ www.keralataxes.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.