Saudi Arabia
14 ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുക ലക്ഷ്യം; ബഹിരാകാശ ദൗത്യവുമായി സഊദി
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ബഹിരാകാശ സഞ്ചാരികളായ റയ്യാന ബര്‍നാവി, അലി അല്‍-ഖര്‍നി, മറിയം ഫിര്‍ദൂസ്, അലി അല്‍-ഗംദി എന്നിവരെ സ്വീകരിച്ചു.

റിയാദ് | ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ ആഗോളതലത്തില്‍ സ്ഥാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹിരാകാശ ദൗത്യവുമായി സഊദി അറേബ്യ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള രാജ്യത്തിന്റെ ശാസ്ത്ര ദൗത്യം ആരംഭിക്കുന്നതിന് മുന്നോടിയായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ബഹിരാകാശ സഞ്ചാരികളായ റയ്യാന ബര്‍നാവി, അലി അല്‍-ഖര്‍നി, മറിയം ഫിര്‍ദൂസ്, അലി അല്‍-ഗംദി എന്നിവരെ സ്വീകരിച്ചു. ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെ മുസ്ലീം-സഊദി അറബ് വനിതയായിരിക്കും ബര്‍നാവിയെന്ന് സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബഹിരാകാശ യാത്രികരായ റയ്യാന ബര്‍നാവിയും അലി അല്‍-ഖര്‍നിയും മെയ് മാസത്തില്‍ ഐ എസ് എസിലേക്കുള്ള ആക്സിയം സ്പേസിന്റെ രണ്ടാമത്തെ ബഹിരാകാശ യാത്രിക ദൗത്യമായ എ എ ക്‌സ്ബ-2 ബഹിരാകാശ ദൗത്യ സംഘത്തില്‍ ചേരും.
ബഹിരാകാശ യാത്രികര്‍ മനുഷ്യരാശിയുടെ നന്മക്കായുള്ള സുസ്ഥിര പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുള്ള നൂതനാശയങ്ങളിലും ബഹിരാകാശ ഗവേഷണങ്ങളിലും സഊദി ജനതയുടെ കഴിവുകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്ന് കിരീടാവകാശി പറഞ്ഞു.
മെയ് എട്ടിന് സഊദി സമയം രാവിലെ 05.43 നാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള കേപ് കനാവറലിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 കുതിച്ചുയരുക. ഭ്രമണപഥത്തില്‍ സഞ്ചരിക്കുന്ന സ്പേസ് എക്സ് ബഹിരാകാശ നിലയത്തില്‍ 10 ദിവസം ചെലവഴിക്കും.
1985-ല്‍ പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് എന്ന വ്യോമസേനാ പൈലറ്റായിരുന്നു സഊദിയെ പ്രതിനിധീകരിച്ച് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്.