Connect with us

International

ദുബൈയില്‍ ഇന്ന് രാവിലെ വരെ റദ്ദാക്കിയത് 1,244 വിമാനങ്ങള്‍; വിമാനത്താവളങ്ങള്‍ പൂര്‍വസ്ഥിതിയിലേക്ക്

ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ ചെക്ക്-ഇന്‍ എമിറേറ്റ്‌സ് ഇന്ന് രാവിലെ പുനരാരംഭിച്ചു. ടെര്‍മിനല്‍ ഒന്നിലെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്.

Published

|

Last Updated

ദുബൈ | വെള്ളപ്പൊക്കം മൂലമുണ്ടായ പ്രവര്‍ത്തന തടസ്സത്തില്‍ നിന്ന് ദുബൈ വിമാനത്താവളം മുക്തിനേടുന്നു. ഇന്ന് രാവിലെ വരെ 1,244 വിമാനങ്ങള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തതായി വിമാനത്താവള വക്താവ് പറഞ്ഞു.

നാളെ രാവിലെയോടെ ദുബൈ രാജ്യാന്തര വിമാനത്താവള പ്രവര്‍ത്തനം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാകുമെന്നു ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മാജിദ് അല്‍ ജോക്കര്‍ അറിയിച്ചു. ‘ഇന്ന് രാവിലെ മുതല്‍ ടെര്‍മിനല്‍ 1, ടെര്‍മിനല്‍ 3 എന്നിവ ക്രമേണ സാധാരണ നിലയിലായി. രാത്രിയോടെ കൂടുതല്‍ കാര്യക്ഷമമായി.

യാത്രക്കാരുടെ സുരക്ഷക്കായിരുന്നു ദുബൈ വിമാനത്താവളങ്ങള്‍ മുന്‍ഗണന നല്‍കിയത്. വിമാനത്താവളത്തിലെ യാത്രക്കാരില്‍ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ കിണഞ്ഞു ശ്രമിച്ചുവെന്നും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പറഞ്ഞു.

ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളുടെ ചെക്ക്-ഇന്‍ എമിറേറ്റ്‌സ് ഇന്ന് രാവിലെ പുനരാരംഭിച്ചു. ടെര്‍മിനല്‍ ഒന്നിലെ പ്രവര്‍ത്തനവും പുനരാരംഭിച്ചിട്ടുണ്ട്. ടെര്‍മിനല്‍ 2-ലും പ്രവര്‍ത്തനങ്ങള്‍ സജീവമായി. അതേസമയം, വിമാനത്താവളങ്ങളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലും വിമാനങ്ങള്‍ വൈകുകയും തടസ്സപ്പെടുകയും ചെയ്യുന്നത് പ്രതീക്ഷിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. കണ്‍ഫോം ആയ ഫ്‌ളൈറ്റ് ടിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ വിമാനത്താവളത്തിലേക്ക് വരേണ്ടതുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം പ്രതികൂല കാലാവസ്ഥയുടെ ആഘാതം ലഘൂകരിക്കാന്‍ കഠിനമായ പരിശ്രമമാണ് നടത്തിയത്. ചൊവ്വാഴ്ചത്തെ തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് റണ്‍വേയില്‍ വെള്ളം നിറഞ്ഞതാണ് പ്രവര്‍ത്തന തടസ്സത്തിന് കാരണമായത്.

ഷാര്‍ജ
ഷാര്‍ജ വിമാനത്താവളം ഫ്‌ളൈറ്റുകളുടെ തുടര്‍ച്ച സ്ഥിരീകരിച്ചു. യാത്രക്കാരോട് അവരുടെ ഫ്‌ളൈറ്റ് ഡാറ്റ പരിശോധിക്കാനും ടിക്കറ്റ് റിസര്‍വേഷന്‍ ഉണ്ടെങ്കില്‍ മാത്രം വിമാനത്താവളത്തിലേക്ക് എത്താനും അധികൃതര്‍ ആവശ്യപ്പെട്ടു.

വെള്ളപ്പൊക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ടുപേര്‍ മരിച്ചെന്ന വാര്‍ത്ത തെറ്റ്
ഷാര്‍ജ ഷാര്‍ജയിലെ വെള്ളപ്പൊക്കമുള്ള തെരുവില്‍ കറങ്ങിനടക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ട് തെറ്റാണെന്ന് അധികൃതര്‍. റിപ്പോര്‍ട്ട് നിഷേധിച്ച പോലീസ് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ ഷാര്‍ജ പോലീസ് മേധാവി കമാന്‍ഡര്‍ ഇന്‍-ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സാരി അല്‍ ഷംസി താമസക്കാരോട് അഭ്യര്‍ഥിച്ചു. തെറ്റായ വാര്‍ത്തകള്‍, തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ കിംവദന്തികള്‍, റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിക്കുന്നത് യു എ ഇ സൈബര്‍ ക്രൈം നിയമപ്രകാരം 2,00000 ദിര്‍ഹം പിഴയും ജയില്‍ ശിക്ഷയും ലഭിക്കുന്ന ശിക്ഷയാണ്.

വെള്ളക്കെട്ടില്‍ വലഞ്ഞു താമസക്കാര്‍
ഷാര്‍ജയിലും ദുബൈയിലും നിരവധിയിടങ്ങളില്‍ മഴവെള്ളം നിറഞ്ഞു കിടക്കുന്നതിനാല്‍ പുറത്തിറങ്ങാനാവാതെ താമസക്കാര്‍. വലിയ കെട്ടിടങ്ങള്‍ അടക്കമുള്ളവയില്‍ വൈദ്യുതിയും വെള്ളവുമില്ലാത്തതും താമസക്കാരുടെ ജീവിതം ദുഷ്‌കരമാക്കുകയാണ്. യാത്രക്കാര്‍ ഇപ്പോഴും തങ്ങളുടെ ഫ്‌ളൈറ്റുകളുടെ അവസ്ഥയെക്കുറിച്ച് നിരന്തരം അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ബസുകളുടെയും മെട്രോ പ്രവര്‍ത്തനങ്ങളുടെയും അപ്ഡേറ്റുകള്‍ക്കായി യാത്രക്കാര്‍ പരിശോധന നടത്തുന്നു. റോഡുകളുടെ അവസ്ഥയും വെള്ളക്കെട്ടും സംബന്ധമായി വാഹന ഉപയോക്താക്കളും നിരന്തരം അന്വേഷണം നടത്തുന്നു. വിവിധ റോഡുകളിലൂടെ സഞ്ചരിക്കുന്നവര്‍ റോഡുകളുടെ വീഡിയോ, ചിത്രങ്ങള്‍ പങ്കുവെച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പൂര്‍ണമായും സ്വകാര്യ മേഖലയിലെ ജീവനക്കാരും വിദൂരത്തിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പഠിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

റോഡുകളില്‍ ചിലത് തുറന്നു
ദുബൈയിലെ റോഡുകളില്‍ ഭൂരിഭാഗവും ഗതാഗതത്തിനായി തുറന്നിട്ടുണ്ടെങ്കിലും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ ചില റോഡുകള്‍ ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട അധികാരികള്‍ റോഡിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് അശ്രാന്തമായി പരിശ്രമിക്കുന്നു. വെള്ളം വറ്റിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സജീവമായി നടക്കുകയാണ്. നാളത്തോടെ ഏതാണ്ട് നല്ലൊരു ശതമാനം റോഡുകളും പൂര്‍വസ്ഥിതിയിലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാക്സി, പബ്ലിക് ബസ് സര്‍വീസുകള്‍ പഴയ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

ഷാര്‍ജയിലെ നിരവധി റോഡുകള്‍ വെള്ളത്തിനടിയിലാണ്. ഷാര്‍ജ വ്യാവസായിക മേഖലകളിലെ മിക്ക തെരുവുകളും വെള്ളപ്പൊക്കം കാരണം അടച്ചിട്ടിരിക്കുകയാണ്. വിദഗ്ധ തൊഴിലാളികള്‍ ഉള്‍പ്പെടെ 600 ജീവനക്കാര്‍, 450 ടാങ്കുകള്‍, 220 മൊബൈല്‍ പമ്പുകള്‍, ഡാം പമ്പുകള്‍ എന്നിവ വെള്ളക്കെട്ട് നീക്കാന്‍ പ്രവര്‍ത്തിച്ചു വരികയാണെന്ന് ഷാര്‍ജ മുന്‍സിപ്പാലിറ്റി അറിയിച്ചു.

ദുബൈ ട്രാമും മെട്രോയും
എല്ലാ ട്രാം സ്റ്റേഷനുകളും പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. മെട്രോയുടെ വിവിധ സ്റ്റേഷനുകള്‍ അടച്ചിട്ടിരിക്കുകയാണ് അവ പൂര്‍വസ്ഥിതിയിലാക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുകയാണെന്ന് ആര്‍ ടി എ അറിയിച്ചു.

വാഹനങ്ങള്‍ മാറ്റണം
മഴയെ തുടര്‍ന്ന് വിവിധ തെരുവുകളിലും റോഡുകളിലും പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മാറ്റണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കാനാണ് ഇതെന്ന് ദുബൈ പോലീസ് വ്യക്തമാക്കി.

ഇന്റര്‍സിറ്റി ബസ് തുടങ്ങാന്‍ വൈകും
ദുബൈക്കും മറ്റ് എമിറേറ്റുകള്‍ക്കുമിടയിലുള്ള എല്ലാ ഇന്റര്‍സിറ്റി ബസ് സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവച്ചതായി ആര്‍ ടി എ വ്യക്തമാക്കി.

മറൈന്‍ സേവനങ്ങള്‍
കടല്‍ ഗതാഗത സേവനങ്ങള്‍ ഇന്നത്തോടെ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ആര്‍ ടി എ അറിയിച്ചു.

പെയ്ഡ് പാര്‍ക്കിംഗ് സോണുകളില്‍ ഫീസിളവില്ല
ദുബൈയിലെ പെയ്ഡ് പാര്‍ക്കിംഗ് ഏരിയകളില്‍ ഫീസിളവ് ഇല്ലെന്ന് ആര്‍ ടി എ വ്യക്തമാക്കി. എല്ലാ പാര്‍ക്കിംഗ് കണ്‍ട്രോള്‍ സോണുകള്‍ക്കും പാര്‍ക്കിംഗ് ഫീസ് ബാധകമാണ്. എന്നാല്‍ ഓരോ സ്ഥലത്തെയും കാലാവസ്ഥാ സാഹചര്യങ്ങള്‍ അടിസ്ഥാനമാക്കി വെവ്വേറെയാണ് ഇതിന്റെ വിഷയങ്ങള്‍ പരിഗണിക്കുകയെന്ന് ആര്‍ ടി എ അറിയിച്ചു.

റെയ്ന്‍ ഹീറോകള്‍ക്ക് റെസ്‌ക്യൂ മെഡലുകള്‍ സമ്മാനിക്കും
കനത്ത മഴയെ തുടര്‍ന്ന് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ രാവും പകലും അധ്വാനിച്ച ‘പ്രതിരോധത്തിന്റെ ഒന്നാം നിര’യുടെ കഠിനവും അശ്രാന്തവുമായ പ്രവര്‍ത്തനത്തെ ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ ആദരിക്കും.

പോലീസ്, എമര്‍ജന്‍സി, റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, മുന്‍സിപ്പാലിറ്റി, സിവില്‍ ഡിഫന്‍സ്, ഹെല്‍ത്ത്, ആംബുലന്‍സ് സര്‍വീസസ്, എയര്‍പോര്‍ട്ട് അധികൃതര്‍ തുടങ്ങി എല്ലാ പൊതു-സ്വകാര്യ സ്ഥാപനങ്ങളിലെയും വകുപ്പുകളിലെയും പ്രത്യേക പരിശ്രമങ്ങള്‍ക്ക് കൗണ്‍സില്‍ പ്രത്യേക സ്മരണിക മെഡല്‍ പുറത്തിറക്കി.

എല്ലാവരും മാനവികതയുടെ ഒരു പൊതു കേന്ദ്രത്തിന് കീഴില്‍ ഒന്നിക്കുകയും ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളിലൊന്നായി തിരികെ കൊണ്ടുവരാന്‍ പരിശ്രമിക്കുകയും ചെയ്തു. കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു.

16 കുടുംബങ്ങള്‍ക്ക് അഭയം നല്‍കി
അസ്ഥിരമായ കാലാവസ്ഥയുടെയും കനത്ത മഴയുടെയും വെളിച്ചത്തില്‍, വെള്ളം കെട്ടിക്കിടക്കുന്ന ആഭ്യന്തര, ബാഹ്യ റോഡുകളില്‍ ഉമ്മുല്‍ ഖുവൈന്‍ പോലീസ് ശ്രമങ്ങള്‍ ശക്തമാക്കി. മഴവെള്ളം അടിഞ്ഞുകൂടിയ ചില റോഡുകള്‍ അടച്ചും വാഹനങ്ങള്‍ ഇതര റോഡുകളിലേക്ക് തിരിച്ചുവിട്ടും മഴവെള്ളം അടിഞ്ഞുകൂടുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ കൈകാര്യം ചെയ്തും പ്രവര്‍ത്തിച്ചു. പ്രതികൂല കാലാവസ്ഥയില്‍ ദുരിതമനുഭവിക്കുന്ന 16 കുടുംബങ്ങള്‍ക്ക് അഭയം നല്‍കിയതായും സേന അറിയിച്ചു.

കോളം വാര്‍ത്ത
അടിയന്തര കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാന്‍ ഒരു സംയോജിത മുന്‍കരുതല്‍ പദ്ധതി വികസിപ്പിക്കാന്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ഏജന്‍സികളോട് നിര്‍ദേശിച്ചു. അപ്രതീക്ഷിത കാലാവസ്ഥാ സാഹചര്യങ്ങളില്‍ വിവിധ മേഖലകളില്‍ സന്നദ്ധത വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണിത്. ബന്ധപ്പെട്ട നിരവധി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ദുബൈയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും അദ്ദേഹം വിശകലനം ചെയ്തു.

ദുബൈയിലെ പ്രഥമ ഉപ ഭരണാധികാരിയും യു എ ഇ ഉപ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.

അനുഭവങ്ങള്‍, വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ മുന്‍കൈയെടുക്കല്‍, ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ എന്നിവ കൂടുതല്‍ വികസനത്തിനും മെച്ചപ്പെടുത്തലിനും അനുഭവ ശേഖരണത്തിനുമുള്ള അവസരമാണെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു.

അജ്മാനും പദ്ധതി ആവിഷ്‌കരിക്കും
കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന കാലാവസ്ഥയുടെ വെളിച്ചത്തില്‍ എമിറേറ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സമഗ്രമായ നവീകരിച്ച തന്ത്രപരമായ പദ്ധതി വികസിപ്പിക്കുന്നതിനെക്കുറിച്ച് അജ്മാന്‍ മുന്‍സിപ്പാലിറ്റി ആന്‍ഡ് പ്ലാനിംഗ് വിഭാഗം ചര്‍ച്ച ചെയ്തു. മേധാവി ഷെയ്ഖ് റാഷിദ് ബിന്‍ ഹുമൈദ് അല്‍ നുഐമി അധ്യക്ഷത വഹിച്ചു. സമൂഹത്തിന്റെ ജീവിതനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് എല്ലാ ദീര്‍ഘകാല, ഇടത്തരം, ഹ്രസ്വകാല അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള പൂര്‍ണ സന്നദ്ധത ഉറപ്പാക്കുന്ന സംയോജിത പദ്ധതിയാണ് രൂപപ്പെടുത്തുക.

ബേങ്ക് ശാഖകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം
ബേങ്ക് ശാഖകള്‍ സന്ദര്‍ശിക്കുന്നത് മാറ്റിവെക്കേണ്ടതിന്റെയും ഡിജിറ്റല്‍ സേവനങ്ങളെ ആശ്രയിക്കുകയും എ ടി എമ്മുകള്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബേങ്കുകള്‍ ഉപഭോക്താക്കളെ ഓര്‍മിപ്പിച്ചു. ബ്രാഞ്ചില്‍ പോകുന്നതിന് മുമ്പ് മഴ ബാധിത പ്രദേശമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സ്മാര്‍ട്ട് ആപ്ലിക്കേഷനുകളിലൂടെ ആവശ്യമായ എല്ലാ ബേങ്കിംഗ് സേവനങ്ങളും ലഭ്യമാണെന്ന് അവര്‍ വ്യക്തമാക്കി.

നന്ദി പറഞ്ഞ് മുന്‍സിപ്പാലിറ്റി സന്ദേശം
പ്രതികൂല കാലാവസ്ഥയില്‍ ജനങ്ങളുടെ സഹകരണത്തിനും ധാരണയ്ക്കും നന്ദി അറിയിച്ച് ദുബൈ മുന്‍സിപ്പാലിറ്റി സന്ദേശം. ആശ്വാസം ഉറപ്പാക്കുന്ന എല്ലാം നല്‍കാനുള്ള തീവ്രശ്രമം തുടരുകയാണെന്നും വെള്ളക്കെട്ടുള്ള സ്ഥലങ്ങള്‍ അറിയിക്കണമെന്നും സന്ദേശം പറഞ്ഞു.

 

---- facebook comment plugin here -----

Latest