Kerala
12കാരനെ ഐസ് ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവം; ബാലാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി
നാളെത്തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കോഴിക്കോട് | കൊയിലാണ്ടി അരിക്കുളത്ത് 12 കാരനെ പിതൃസഹോദരി ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. നാളെത്തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൊയിലാണ്ടി അരിക്കുളത്ത് അഹമ്മദ് ഹസ്സന്‍ റിഫായിയാണ് കൊല്ലപ്പെട്ടത്.
ഹസ്സന്റെ പിതൃസഹോദരി താഹിറ നടത്തിയ ആസൂത്രണം, നേരത്തെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയിരുന്നോ എന്നതുള്‍പ്പടെ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കേസിന്റെ അന്വേഷണ പുരോഗതിയുള്‍പ്പെടെ ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കൊയിലാണ്ടി പോലീസിനോട് തിങ്കളാഴ്ച തന്നെ കമ്മീഷന്‍ ആവശ്യപ്പെടും.