Connect with us

Kerala

കെ എം എം എല്ലിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍

5 വര്‍ഷത്തേക്കുള്ള ഓര്‍ഡര്‍ ലഭിച്ചത് വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറഡിന് പ്രതിരോധ മേഖലയില്‍ നിന്ന് 105 കോടിയുടെ ഓര്‍ഡര്‍. പ്രതിരോധ മേഖലയിൽ നിന്ന് കെ.എം.എം.എല്ലിന് സമീപകാലത്ത് ലഭിക്കുന്ന വലിയ ഓർഡറാണിത്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ നേവിയുടെ വിവിധ ആപ്ലിക്കേഷനുകളുടെ നിര്‍മ്മാണത്തിനാണ് ടൈറ്റാനിയം സ്‌പോഞ്ചിന് വേണ്ടിയുള്ള ഓര്‍ഡര്‍. വ്യവസായ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ടൈറ്റാനിയം സ്‌പോഞ്ച് വിപണനത്തിന് പുതിയ സാധ്യത തുറന്നത്.

5 വര്‍ഷങ്ങളിലായി വിവിധ ഗ്രേഡുകളിലുള്ള 650 ടണ്ണിന്റെ ഓര്‍ഡറാണ് ലഭിച്ചത്. ബഹിരാകാശ മേഖലയില്‍ ഉപയോഗിക്കുന്ന ഗ്രേഡിന് പുറമെ ഉല്‍പാദിപ്പിക്കപ്പെടുന്ന ടൈറ്റാനിയം സ്‌പോഞ്ച് കമ്പനിയില്‍ തന്നെ സൂക്ഷിക്കേണ്ട സ്ഥിതിയായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പുതിയ ഓര്‍ഡര്‍ ലഭിച്ചതോടെ ടൈറ്റാനിയം സ്‌പോഞ്ച് ലോഹം രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വിവിധ പദ്ധതികള്‍ക്ക് ഉപയോഗിക്കാനാകും.

ജനുവരിയില്‍ വ്യവസായ മന്ത്രി പി രാജീവുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് വിപണനം സമയബന്ധിതമായി നിർവ്വഹിക്കാൻ വര്‍ക്കിങ്ങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതെത്തുടർന്ന് നേവിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം കെ.എം.എം.എല്‍ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിയാബിന്റെ നേതൃത്വത്തിലും ചര്‍ച്ചകള്‍ നടന്നു. ഇതേത്തുടർന്നാണ് ഓർഡർ ലഭിച്ചത്. പുതിയ ഓര്‍ഡര്‍ വര്‍ഷങ്ങളായി കമ്പനിയില്‍ കെട്ടിക്കിടക്കുന്ന നോണ്‍ എയറോസ്‌പേസ് ഗ്രേഡ് ടൈറ്റാനിയം സ്‌പോഞ്ചിനും വിപണി കണ്ടെത്താൻ വഴി തുറന്നിരിക്കുകയാണ്. ഭാവിയിലും കൂടുതല്‍ ഓര്‍ഡറുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പ്രതിരോധമേഖലയില്‍ നിന്നും കെ.എം.എം.എല്ലിന് ലഭ്യമാക്കാനും ധാരണയായിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

---- facebook comment plugin here -----