Gulf
വിദേശ ജയിലുകളിൽ 10,152 ഇന്ത്യക്കാർ; കൂടുതൽ പേരും സഊദിയിൽ
മോചനത്തിന് കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന ആവശ്യം ശക്തം

ദുബൈ | വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനത്തിന് കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു. നിമിഷപ്രിയ വിഷയം പ്രധാന ചർച്ചയായ പശ്ചാത്തലത്തിലാണ് വിവിധ കേസുകളിലായി വിദേശത്ത് കഴിയുന്ന തടവുകാരുടെ വിഷയം സജീവമാവുന്നത്. 86 രാജ്യങ്ങളിലായി 10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ഏപ്രിലിൽ പാർലിമെൻ്ററി സമിതിയെ അറിയിച്ചിരുന്നു.
ചൈന, കുവൈത്ത്, നേപ്പാൾ, ഖത്വർ, സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലാണ് കൂടുതൽ ഇന്ത്യക്കാർ ജയിലുകളിൽ കഴിയുന്നത്. സഊദി അറേബ്യയിലും യു എ ഇയിലുമായി ഏതാണ്ട് 2000ൽ അധികം പേർ തടവിലാക്കപ്പെട്ടിട്ടുണ്ട്. ബഹ്‌റൈൻ, കുവൈത്ത്, ഖത്വർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും നേപ്പാളിൽ 1,317 പേരും മലേഷ്യയിൽ 338 പേരും ചൈനയിൽ 173 പേരും ജയിലുകളിൽ കഴിയുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഇവരിൽ 49 പേർ വധശിക്ഷ കാത്ത് കഴിയുന്നവരാണ്.
വിവിധ രാജ്യങ്ങളുമായി തടവുകാരെ കൈമാറുന്നതിനുള്ള ഉടമ്പടികൾ നിലവിലുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വെറും എട്ട് ഇന്ത്യൻ തടവുകാരെ മാത്രമേ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചിട്ടുള്ളൂ. ഇറാനിൽ നിന്നും യുകെയിൽ നിന്നും മൂന്ന് പേരെ വീതവും കംബോഡിയയിൽ നിന്നും റഷ്യയിൽ നിന്നും രണ്ട് പേരെയും മാത്രമാണ് ഇക്കാലയളവിൽ രാജ്യത്ത് എത്തിച്ചത്. തടവുകാരുടെ മോചനത്തിനും തിരിച്ചയപ്പിനുമായി ഇന്ത്യൻ മിഷനുകളും എംബസികളും അതത് രാജ്യങ്ങളിലെ അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും മന്ത്രാലയം സമിതിയെ അറിയിച്ചു.
ആസ്‌ട്രേലിയ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ബ്രസീൽ, കംബോഡിയ, ഫ്രാൻസ്, ഹോങ്കോംഗ്, ഇറാൻ, ഇസ്റാഈൽ, ഇറ്റലി, കസാക്കിസ്ഥാൻ, കുവൈത്ത്, റഷ്യ, സഊദി അറേബ്യ, ശ്രീലങ്ക, യു എ ഇ, യു കെ എന്നീ രാജ്യങ്ങളുമായി തടവുകാരെ കൈമാറുന്നതിനുള്ള കരാർ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ട്. ഈ നടപടിക്രമങ്ങൾ സമയമെടുക്കുന്നതും വിവിധ അനുമതികൾ ആവശ്യമുള്ളതുമാണ്. തടവുകാരൻ്റെയും തടവിലാക്കപ്പെട്ട രാജ്യത്തിൻ്റെയും കൈമാറ്റം ചെയ്യുന്ന രാജ്യത്തിൻ്റെയും സമ്മതം ഇതിന് ആവശ്യമാണ്.
വിദേശത്ത് തടവിലാക്കപ്പെട്ട ഇന്ത്യക്കാരിൽ ബഹുഭൂരിഭാഗം സാമ്പത്തികമോ അതാത് പ്രദേശത്തെ തൊഴിൽ വ്യവസ്ഥകൾ പാലിക്കാത്തതിന്റെയോ പേരിലുള്ള ചെറിയ കേസുകളിലാണ് അകപ്പെടുന്നത്. ഇവർക്ക് കൃത്യമായ സമയങ്ങളിൽ നിയമസഹായം നൽകുന്നതിന് എംബസികൾ മുന്നോട്ട് വന്നാൽ കേസുകൾ വേഗത്തിൽ പരിഹരിക്കപ്പെടാവുന്നതാണ്. ഈ ആവശ്യത്തിനായി അഭിഭാഷകരുടെ ഒരു പാനൽ എംബസികളുടെ കീഴിൽ പ്രവർത്തിക്കുന്നുവെങ്കിലും പ്രവർത്തനം സജീവമാണെന്നതിന് വ്യക്തമായ റിപോർട്ടുകളില്ല. കേരള സർക്കാരിന് കീഴിലുള്ള നോർക്കയും അഭിഭാഷകരുടെ പാനൽ രൂപവത്കരിച്ചിട്ടുണ്ട്. എന്നാൽ ഫലപ്രദമായ നീക്കങ്ങൾ നടക്കുന്നില്ലെന്നതാണ് വസ്തുത.
കേസുകളിൽ അകപ്പെട്ട നിരവധിപേരെ നിയമവിധേയമായി മോചിപ്പിക്കുന്നതിന് സ്വകാര്യ ശ്രമങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഇതിന് പലപ്പോഴും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, വ്യവസായ പ്രമുഖൻ എം എ യൂസുഫലി തുടങ്ങിയവരും ഐ സി എഫ് പോലുള്ള വിവിധ സാമൂഹിക സംഘങ്ങളും തങ്ങൾക്ക് കഴിയാവുന്നത് ചെയ്യാറുണ്ട്.
ഇത്തരത്തിലുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനൊപ്പം കേന്ദ്ര സർക്കാർ എംബസികൾക്കും കോൺസുലേറ്റുകൾക്കും കീഴിലായി സമർപ്പിത നിയമ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താൽ ഈ വിഷയത്തിൽ പരിഹാരമുണ്ടാവുമെന്ന് തന്നെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരൊക്കെ പറയുന്നത്.
ഇത്തരത്തിലുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനൊപ്പം കേന്ദ്ര സർക്കാർ എംബസികൾക്കും കോൺസുലേറ്റുകൾക്കും കീഴിലായി സമർപ്പിത നിയമ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താൽ ഈ വിഷയത്തിൽ പരിഹാരമുണ്ടാവുമെന്ന് തന്നെയാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരൊക്കെ പറയുന്നത്.
അതേസമയം, വിദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരടക്കമുള്ള സമൂഹം അതാത് രാജ്യങ്ങളിലെ നിയമ സംവിധാനത്തെ മാനിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുകയും അനധികൃത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനെ കുറിച്ചുള്ള ബോധവത്കരണം വ്യാപിപ്പിക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്. നിയമ സഹായ കേന്ദ്രങ്ങൾക്ക് ഇക്കാര്യത്തിലും ഏറെ പ്രവർത്തിക്കാനാവും.
---- facebook comment plugin here -----