Connect with us

Kerala

ഓണത്തിന് മുന്‍പ് 1000 കെ സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങും;റേഷന്‍ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും:മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ വ്യാപാരികളുടെ മെയ് മാസത്തെ കമ്മീഷന്‍ ജൂണ്‍ 29 മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി

Published

|

Last Updated

കോഴിക്കോട്  | സംസ്ഥാനത്തെ റേഷന്‍ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങള്‍ക്കും വ്യാപാരികളുടെ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. കെ സ്റ്റോറുകളുടെ പ്രവര്‍ത്തനങ്ങളുടെ കോഴിക്കോട് മേഖലാതല അവലോകന യോഗവും റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡില്‍ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കെ സ്റ്റോറുകളുടെ പ്രവര്‍ത്തനം കേരളത്തിലെ പൊതുവിതരണ മേഖലയ്ക്ക് പുതുജീവന്‍ നല്‍കിയതായി മന്ത്രി പറഞ്ഞു. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകള്‍ പ്രവര്‍ത്തനമാരംഭിക്കും. കെ സ്റ്റോര്‍ പദ്ധതി വഴി വ്യാപാരികളുടെ വരുമാനം വര്‍ധിപ്പിക്കാനും ഗ്രാമീണമേഖലയില്‍ റേഷന്‍കടകള്‍ ശക്തിപ്പെടുത്താനും സാധിച്ചു.

റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡിലെ അംഗത്വം സമയബന്ധിതമായി പുതുക്കാന്‍ സാധിക്കാത്ത റേഷന്‍ വ്യാപാരികള്‍ക്ക് അംഗത്വം നഷ്ടപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി അംഗത്വ ഫീസ് മാത്രം അടച്ചു അംഗത്വം പുന:സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 1082 കേസുകളാണ് അദാലത്തില്‍ പരിഹരിക്കുക.

റേഷന്‍ വ്യാപാരികളുടെ മെയ് മാസത്തെ കമ്മീഷന്‍ ജൂണ്‍ 29 മുതല്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍
ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ മനോജ് കുമാര്‍ കെ കെ, റേഷന്‍ വ്യാപാരി ക്ഷേമനിധി അംഗം മുഹമ്മദലി, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍
പങ്കെടുത്തു.

 

Latest