Kozhikode
യുവജന നൈപുണ്യ സംഗമം നാളെ മര്‍കസില്‍
ഇക്കൊല്ലം പഠനം പൂര്‍ത്തീകരിച്ച മുഴുവന്‍ ഐ ടി ഐ വിദ്യാര്‍ഥികള്‍ക്കും ജോബ് ഓഫര്‍ ലെറ്റര്‍ കൈമാറും.

കോഴിക്കോട് | ലോക യുവജന നൈപുണ്യ ദിനത്തിന്റെ ഭാഗമായി മര്‍കസ് തൊഴിലധിഷ്ഠിത വിദ്യാഭ്യാസ കേന്ദ്രമായ ഐ ടി ഐ യില്‍ ഇന്ന് (ജൂലൈ 15, ചൊവ്വ) സ്‌കില്‍സ്പിറേഷന്‍ യുവജന നൈപുണ്യ സംഗമം നടക്കും. രാവിലെ 10 ന് ഐ ടി ഐ ക്യാമ്പസില്‍ നടക്കുന്ന സംഗമം കേരള യുവജനകാര്യ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. അഡ്വ. പി ടി എ റഹീം എം എല്‍ എ മുഖ്യാതിഥിയാവും. ചടങ്ങില്‍ ഈ വര്‍ഷം പഠനം പൂര്‍ത്തീകരിച്ച മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ജോബ് ഓഫര്‍ ലെറ്റര്‍ കൈമാറും. പതിമൂന്ന് ട്രേഡുകളിലെ 206 വിദ്യാര്‍ഥികള്‍ക്കാണ് 30 കമ്പനികളിലായി പ്ലേസ്‌മെന്റ് ലഭിച്ചത്. ഐ ടി ഐ യുമായി സഹകരിക്കുന്ന കമ്പനികളെയും തൊഴില്‍ ദാതാക്കളെയും ആദരിക്കും.
യുവാക്കള്‍ക്കിടയില്‍ സംരംഭകത്വവും ശുഭ ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പരിപാടിയുടെ ഭാഗമായി നടക്കുന്ന യൂത്ത് സമ്മിറ്റ് രാജ്യസഭാ എം പി. ഡോ. ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിക്കും. ഐ ടി ഐ പൂര്‍വ വിദ്യാര്‍ഥികളായ 27 യുവസംരംഭകരെ ചടങ്ങില്‍ ആദരിക്കും.
എല്‍ ബി എസ് ഡയറക്ടര്‍ ഡോ. എം അബ്ദുറഹ്മാന്‍, സി പി എം ജില്ലാ സെക്രട്ടറി എം മെഹ്ബൂബ്, ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീണ്‍ കുമാര്‍, കോഴിക്കോട് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, കെ പി സി സി സെക്രട്ടറി കെപി നൗഷാദ് അലി, യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ധനീഷ് ലാല്‍, പി കെ ബാപ്പു ഹാജി, ആര്‍ ജെ ഡി ജനറല്‍ സെക്രട്ടറി സലീം മടവൂര്‍, എസ് വൈ എസ് സെക്രട്ടറി കലാം മാവൂര്‍, വ്യാപാര-തൊഴില്‍-സംരംഭകത്വ രംഗത്തെ പ്രമുഖര്‍, രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ പരിപാടിയില്‍ സംബന്ധിക്കും.