Kerala
യുവാവിന്റെ മരണം കൊലപാതകം; സുഹൃത്തുക്കള്‍ അറസ്റ്റില്‍
ആലപ്പുഴ കാവാലം കുന്നമ്മ സ്വദേശിയായ സുരേഷ് കുമാറി (30)ന്റെ മരണം കൊലപാതകം. സുഹൃത്തുക്കളായ ഹരി കൃഷ്ണന്‍, യദു കുമാര്‍ എന്നിവര്‍ അറസ്റ്റില്‍.

ആലപ്പുഴ | ആലപ്പുഴയില്‍ കാവാലം കുന്നമ്മ സ്വദേശിയായ സുരേഷ് കുമാറി (30)ന്റെ മരണം കൊലപാതകമാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ സുരേഷ് കുമാറിന്റെ സുഹൃത്തുക്കളായ ഹരി കൃഷ്ണന്‍, യദു കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഈമാസം രണ്ടിന് സുരേഷ് മരണപ്പെട്ടത്. മസ്തിഷ്‌ക അണുബാധയായിരുന്നു മരണ കാരണം. എന്നാല്‍, മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുരേഷിനെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. മര്‍ദനത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് പിന്നീട് മസ്തിഷ്‌ക അണുബാധയായി മാറിയതെന്നും തെളിഞ്ഞു. തലയോട്ടിക്ക് ക്ഷതമേറ്റതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
സുരേഷിനെ നാലുപേര്‍ ചേര്‍ന്ന് മര്‍ദിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. അറിയിച്ചത്. പിന്നാലെ സുരേഷിന്റെ മാതാവ് നല്‍കിയ പരാതിയില്‍ പുളിങ്കുന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.