National
അഹ്മദാബാദ് വിമാന ദുരന്തം: 242 പേരും മരിച്ചു; ആരെയും രക്ഷിക്കാനായില്ല
വിമാനമിടിച്ച കെട്ടിടത്തിലെ അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരിച്ചു

അഹ്മദാബാദ് | രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം കുതിച്ചുയര്‍ന്നു. അഹ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്നുവീണ് തീപ്പിടിച്ച് ജീവനക്കാരുള്‍പ്പെടെ 242 പേരും മരിച്ചതായാണ് വിവരം. ആരെയും രക്ഷിക്കാനായില്ലെന്ന് ഗുജറാത്ത് പോലീസ് സ്ഥിരീകരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ വിജയ് രൂപാണിയും മരിച്ചവരിലുണ്ട്. പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയാണ് മരിച്ച മലയാളി. യു കെയിൽ നഴ്സായ രഞ്ജിത നാല് ദിവസത്തെ അവധിയിൽ വന്ന് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വിമാനം വീഴുന്നതിനിടെ കെട്ടിടത്തില്‍ തട്ടി ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരണപ്പെട്ടു. അഹ്മദാബാദ് ബി ജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ഡോക്ടര്‍മാരും മെഡിക്കൽ വിദ്യാർഥികളും താമസിക്കുന്ന കെട്ടിടത്തിലാണ് വിമാനം തട്ടിയത്. ഹോസ്റ്റലിലെ നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട 11 വർഷം പഴക്കമുള്ള എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. ടേക്ക് ഓഫിന് പിന്നാലെ ഉച്ചക്ക് 1.38നാണ് അപകടമുണ്ടായത്. പറന്നുയർന്നയുടനെ അഞ്ച് മിനുട്ടിനുള്ളിൽ 15 കിലോമീറ്റർ അകലെ വിമാനം വീഴുകയായിരുന്നു. ഇതോടെ വിമാനം തീ ഗോളമായി കത്തി. കത്തിക്കരിഞ്ഞ നിലയിലായതിനാൽ രക്ഷാപ്രവർത്തനം കൊണ്ട് ഫലമുണ്ടായില്ല. പോലീസും അഗ്നിശമനസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ത്യൻ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.