National
അഞ്ച് വര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തം; മരണം 133 ആയി
മരണ സംഖ്യ ഇനിയുമുയര്‍ന്നേക്കും

അഹ്മദാബാദ് | കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നായി അഹമ്മദാബാദ് എയര്‍ ഇന്ത്യാ വിമാനാപകടം മാറി. ഇതുവരെ 133 പേര്‍ മരിച്ചതായാണ് വിവരം. കത്തിയമര്‍ന്നതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. മരിച്ചവരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കും. 242 പേരാണ് ജീവനക്കാരുള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദ് വിമാനത്താവളം വിമാന ദുരന്തത്തിന് സാക്ഷ്യം വഹിക്കുന്നത് ഇത് രണ്ടാം തവണ. 37 വര്‍ഷം മുമ്പ് 1988 ഒകബോര്‍ 19ന് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ അക 113 വിമാനം അപകടത്തില്‍പ്പെട്ട് 164 പേര്‍ മരിച്ചിരുന്നു. അപകടത്തില്‍പ്പെട്ട ബോയിംഗ് 737-200 വിമാനത്തിന്റെ കാലപ്പഴക്കമാണ് അന്ന് ദുരന്ത കാരണമായി വിലയിരുത്തപ്പെട്ടത്.
ഇത്തവണയുണ്ടായ അപകടത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. മുമ്പ് എയര്‍ ഇന്ത്യയുടെ തന്നെ മറ്റൊരു വിമാനം 2020 ആഗസ്റ്റ് ഏഴിന് കോഴിക്കോട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങുന്നതിനിടെ അപകടത്തില്‍പ്പെട്ടിരുന്നു. എയര്‍ ഇന്ത്യയുടെ ഐ എക്സ് 344 ദുബായ്- കരിപ്പൂര്‍ വിമാനം 35 അടി താഴേക്ക് വീണ് 18 പേരാണ് അന്ന് മരിച്ചത്. ഇതിനെയെല്ലാം കടത്തിവെട്ടിയ വന്‍ ദുരന്തമാണ് അഹ്മാദാബാദില്‍ ഇന്നുണ്ടായത്.
65 വര്‍ഷത്തിനിടെ രാജ്യത്ത് ഇതുവരെ 19 വിമാനാപകടങ്ങളുണ്ടായത്. ഏകദേശം 1449 പേര്‍ ഇതുവരെ വിമാന ദുരന്തങ്ങളില്‍ മരിച്ചു.