Palakkad
ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം; മാതാവിനും കുഞ്ഞിനും രക്ഷകരായി ജീവനക്കാര്‍
ഇന്നലെ പുലര്‍ച്ചെ 1.22നാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു.
പാലക്കാട് | ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സില്‍ യുവതിക്ക് സുഖപ്രസവം. മാതാവിനും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. പാലക്കാട് തിരുമിറ്റക്കോട് ചാത്തന്നൂര്‍ സ്വദേശിനിയായ 25 വയസ്സുകാരിയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇന്നലെ പുലര്‍ച്ചെ 1.22നാണ് 108 ആംബുലന്‍സ് കണ്‍ട്രോള്‍ റൂമിലേക്ക് അത്യാഹിത സന്ദേശം എത്തുന്നത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആംബുലന്‍സിന്റെ സേവനം തേടുകയായിരുന്നു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലന്‍സിന് കൈമാറി. ഉടന്‍ ആംബുലന്‍സ് പൈലറ്റ് അലന്‍ ടോമി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിനീഷ് വിജയന്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയെ ആംബുലന്‍സിലേക്ക് മാറ്റി.
യുവതിയുടെ ആരോഗ്യനില വഷളായതിനാല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിനീഷ് വിജയന്‍ നടത്തിയ
പരിശോധനയില്‍ പ്രസവം എടുക്കാതെ മുന്നോട്ടുപോകുന്നത് മാതാവിനും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കി ആംബുലന്‍സില്‍ തന്നെ ഇതിനുവേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കി.
പുലര്‍ച്ചെ 1.55ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിനീഷ് വിജയിന്റെ പരിചരണത്തില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിനീഷ് മാതാവും കുഞ്ഞുമായുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമശുശ്രൂഷ നല്‍കി.
തുടര്‍ന്ന് ആംബുലന്‍സ് പൈലറ്റ് അലന്‍ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.



