Kerala
യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തിയത് ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്ന്
കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ചെന്നും ഇതോടെ കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് പിതാവ് ഷിജിന്‍ പോലീസിന് നല്‍കിയ മൊഴി
തിരുവനന്തപുരം | ഭാര്യയിലുള്ള സംശയത്തെ തുടര്‍ന്ന് യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തി. നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണമാണ് കൊലപാതകമെന്നു വ്യക്തമായത്. പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. മൂന്നാം തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ ഭാര്യയിലുള്ള സംശയം മൂലം താന്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നു കുറ്റസമ്മതം നടത്തുകയായിരുന്നു.
കുട്ടിയെ മടിയിലിരുത്തി കൈമുട്ട് കൊണ്ട് വയറ്റില്‍ ഇടിച്ചെന്നും ഇതോടെ കുഞ്ഞ് കുഴഞ്ഞുവീണെന്നുമാണ് പിതാവ് ഷിജിന്‍ പോലീസിന് നല്‍കിയ മൊഴി. പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര ഡിവൈ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് കുറ്റസമ്മതം.
കാഞ്ഞിരംകുളം തവ്വാവിള ഷിജിന്‍ ഭവനില്‍ ഷിജില്‍- കൃഷ്ണപ്രിയ ദമ്പതികളുടെ ഏക മകന്‍ ഇഹാന്‍ (അപ്പു) ആണ് വെളിയാഴ്ച രാത്രി മരിച്ചത്. കുഞ്ഞിന്റെ വയറ്റിലേറ്റ ക്ഷതവും അതുമൂലമുണ്ടായ ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്തത്.
കുട്ടി ബിസ്‌കറ്റ് കഴിച്ചതിനെത്തുടര്‍ന്നു കുഴഞ്ഞുവീണു എന്നായിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അച്ഛന്‍ ഡോക്ടര്‍മാരോടു പറഞ്ഞിരുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പിതാവിന്റെ കുറ്റസമ്മതം. സംഭവത്തില്‍ നേരത്തെ നെയ്യാറ്റിന്‍കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. കുറ്റസമ്മതത്തിന്റെ പശ്ചാത്തലത്തില്‍ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തും.


