Connect with us

Kerala

പ്രമീള നായരെ കുറിച്ചുള്ള പുസ്തകം; എം ടിയുടെ മക്കളുടെ ആരോപണം തള്ളി ദീദി ദാമോദരന്‍

പുസ്തകം എംടിയെ കുറിച്ചല്ലാത്തതിനാല്‍ അനുവാദം വാങ്ങേണ്ടതില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു

Published

|

Last Updated

കോഴിക്കോട് | എം ടി വാസുദേവന്‍നായരുടെ ആദ്യ ഭാര്യ പ്രമീളാ നായരെ കുറിച്ചുള്ള എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകം എംടിയെ കുറിച്ചല്ലാത്തതിനാല്‍ മക്കളുടെ അനുവാദം വാങ്ങേണ്ടതില്ലെന്ന് എഴുത്തുകാരി ദീദി ദാമോദരന്‍ പറഞ്ഞു. ആരേയും അവഹേളിക്കുന്ന കാര്യങ്ങള്‍ പുസ്തകത്തിലില്ല. ഏതു ഭാഗമാണ് മക്കളെ വേദനിപ്പിച്ചതെന്ന് പറഞ്ഞാല്‍ പരിശോധിക്കാമെന്നും ദീദി ദാമോദരന്‍ പറഞ്ഞു. പുസ്തകം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മക്കളായ അശ്വതിയും സിതാരയും രംഗത്ത് വന്നതിന് പിന്നാലെയാണ് ദീദി ദാമോദരന്റെ പ്രതികരണം.

ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേര്‍ന്നാണ് പുസ്തകം എഴുതിയത്. പുസ്തകം വായിക്കാതെയാണ് മക്കള്‍ ആരോപണം ഉന്നയിക്കുന്നതെന്നും എംടിയെ കുറിച്ചല്ല, പ്രമീള നായര്‍ എന്ന എഴുത്തുകാരിയെ കുറിച്ചാണ് പുസ്തകമെന്നും അവര്‍ ചൂണ്ടിക്കാട്ടി. സിതാരയും അശ്വതിയും ജനിക്കുന്നതിന് മുമ്പുള്ള കാലഘട്ടമാണ് പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത്. പുസ്തകത്തില്‍ തെറ്റായി എന്താണുള്ളതെന്ന് പറയുന്നവര്‍ വ്യക്തമാക്കിത്തരണം. പ്രമീള നായര്‍ എന്ന പേര് അവര്‍ക്കെന്നും പ്രശ്‌നമാണ്. എംടിയുടെ പല ചിത്രങ്ങളിലും പ്രമീള നായരെ പോലുള്ള സ്ത്രീകളെ മോശമായി ചിത്രീകരിച്ചിട്ടുണ്ട്. വിവാദം എന്തിനെ കുറിച്ചാണെന്ന് അറിയില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു.

എം ടിയുടെ പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയും പിന്നീട് ജീവിതസഖിയായി മാറുകയും ചെയ്ത പ്രമീളാ നായരുടെ ജീവിതത്തോട് ചേര്‍ന്നുള്ള സഞ്ചാരമാണ് എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുസ്തകം. ദീദി ദാമോദരനും എച്ച് മുക്കുട്ടിയും ചേര്‍ന്നെഴുതിയ പുസ്തകം ബുക്ക് വേം ആണ് പ്രസിദ്ധീകരിച്ചത്. പ്രമീളാ നായരുടെ ജീവിതമെന്ന പേരില്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം ഭാഗങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നാണ് എം ടിയുടെ മക്കളായ സിതാരയും അശ്വതിയും സാമൂഹിക മാധ്യമത്തില്‍ പങ്കു വെച്ച സംയുക്തപ്രസ്താവനയില്‍ പറയുന്നത്.

പ്രശസ്തിക്കും ധനസമ്പാദനത്തിനും വേണ്ടി അന്തരിച്ച വ്യക്തികളെ തേജോവധം ചെയ്യരുത്. ഈ പുസ്തകത്തില്‍ എഴുതപ്പെട്ട കാര്യങ്ങള്‍ അര്‍ധസത്യങ്ങളും വളച്ചൊടിക്കലുമാണ്. കുടുംബത്തെ തേജോവധം ചെയ്ത് അതു വഴി ആര്‍ജ്ജിക്കുന്ന കുപ്രസിദ്ധിയിലൂടെ പുസ്തകം വില്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അവര്‍ ആരോപിച്ചു. പുസ്തകം എഴുതുന്നിതിനു മുമ്പ് മക്കളോട് അഭിപ്രായം തേടിയില്ലെന്നും പുസ്തകം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും അശ്വതി വ്യക്തമാക്കി.

 

Latest