Kerala
അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ ബുള്ളറ്റിടിച്ച് അമ്മ മരിച്ചു
ചേലക്കോട് കോക്കൂരി വീട്ടില്‍ രേണുക (30) ആണ് മരിച്ചത്
തൃശൂര്‍ | അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ അതിവേഗത്തില്‍ വന്ന ബുള്ളറ്റിടിച്ച് അമ്മ മരിച്ചു. മകള്‍ക്ക് ഗുരുതര പരിക്ക്. സംസ്ഥാന പാതയിലെ പുളിങ്കുട്ടത്തുണ്ടായ അപകടത്തില്‍ ചേലക്കോട് കോക്കൂരി വീട്ടില്‍ രേണുക (30) ആണ് മരിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ രേണുകയുടെ അഞ്ച് വയസ്സുള്ള മകള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകിട്ട് 4.45 ഓടെ പുളിങ്കുട്ടത്തെ നയാരാ പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. രേണുകയും മകളും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിയന്ത്രണം വിട്ടുവന്ന ബുള്ളറ്റ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും പിന്നാലെ വന്ന മറ്റൊരു ബൈക്കും ഇടിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു.
ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേണുകയുടെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. അപകടത്തെക്കുറിച്ച് പഴയന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


