Kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള: ജാമ്യം ലഭിച്ച മുരാരി ബാബു ജയിലില്‍ നിന്ന് പുറത്തിറങ്ങി
കെ പി ശങ്കരദാസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി
തിരുവനന്തപുരം | ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം നല്‍കിയത്. സ്വര്‍ണ്ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു.
ദ്വാരപാലക ശില്‍പ കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസില്‍ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കട്ടിളപ്പാളി കേസില്‍ 90 ദിവസം പൂര്‍ത്തിയാകാത്തതിനാല്‍ റിമാന്‍ഡില്‍ തുടരുകയാണ്. മുരാരി ബാബു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറാന്‍ അനുമതി നല്‍കിയത്. ഗൂഢാലോചനയില്‍ അടക്കം മുരാരിക്ക് പങ്കുണ്ടെന്നാണ് എസ് ഐ ടിയുടെ കണ്ടെത്തല്‍. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി. ഈ മാസം 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കേസില്‍ റിമാന്‍ഡിലുള്ള മുന്‍ ദേവസ്വം ബോര്‍ഡ് അംഗം കെ പി ശങ്കരദാസിനെ ഇന്ന് രാത്രിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ 11-ാം പ്രതിയാണ് കെ പി ശങ്കരദാസ്. ജയിലിലെ മെഡിക്കല്‍ ഓഫീസര്‍ രേഖകള്‍ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലില്‍ അഡ്മിറ്റ് ചെയ്തു. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്.

