Connect with us

Kerala

പാര്‍ട്ടിക്കെതിരെ ആരോപണം; വി കുഞ്ഞികൃഷ്ണന്‍ ശത്രുക്കളുടെ കോടാലി കൈ എന്ന് ജില്ലാ സെക്രട്ടറി

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്

Published

|

Last Updated

കണ്ണൂര്‍ | പാര്‍ട്ടിക്കെതിരെ ചാനല്‍ അഭിമുഖത്തില്‍ ആരോപണം ഉന്നയിച്ച സി പി എം ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി കൈ ആണെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു.

കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ പാര്‍ട്ടി തള്ളി കളയുന്നുവെന്ന് സി പി എം ജില്ലാ സെക്രട്ടറി പ്രസ്താവനയില്‍ പറഞ്ഞു. ബഹുജന മധ്യത്തില്‍ പാര്‍ട്ടിയെ ഇകഴ്ത്തുന്ന ആരോപണങ്ങള്‍ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതാണ്.

പയ്യന്നൂര്‍ എം എല്‍ എ, ടി ഐ മധുസൂദനനും സംഘവും പാര്‍ട്ടി രക്തസാക്ഷി ഫണ്ടില്‍ ഉള്‍പ്പെടെ ഒരുകോടിയിലേറെ രൂപയുടെ തിരിമറി നടത്തിയെന്ന ഗുരുതര ആരോപണമാണ് ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ നടത്തിയത്. ധന്‍രാജ് രക്തസാക്ഷി ഫണ്ട്, തെരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിങ്ങനെ മൂന്ന് ഫണ്ടുകളില്‍ തിരിമറി നടത്തിയെന്നും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെ തെളിവ് സഹിതം സംസ്ഥനാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ പാര്‍ട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും വി കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചിരുന്നു.

പ്രസ്താവനയുടെ പൂര്‍ണ രൂപം:

ഒരു മാധ്യമത്തിന് വി കുഞ്ഞികൃഷ്ണന്‍ നല്‍കിയ അഭിമുഖം തികച്ചും വാസ്തവ വിരുദ്ധമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചെലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മീഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്.

2021 ല്‍ ഉയര്‍ന്നുവന്ന ആക്ഷേപത്തെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ പരിശോധന നടത്തുകയും കമ്മീഷന്റെ റിപ്പോര്‍ട്ട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് ചില സംഘടന നടപടികള്‍ പാര്‍ട്ടി സ്വീകരിച്ചതുമാണ്. പാര്‍ട്ടി ജില്ലാ കമ്മിറ്റിയും പാര്‍ട്ടി പയ്യന്നൂര്‍ ഏരിയ കമ്മിറ്റിയും നിശ്ചയിച്ച കമ്മീഷനുകളാണ് വിവിധ ആക്ഷേപങ്ങളെക്കുറിച്ച് അതത് ഘട്ടത്തില്‍ അന്വേഷിച്ച് അതത് കമ്മിറ്റികള്‍ ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഈ ചര്‍ച്ചയിലും തീരുമാനങ്ങളിലും വി കുഞ്ഞികൃഷ്ണനും പങ്കാളിയായതാണ്.

അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞു. സമ്മേളനം നടക്കുന്ന ഘട്ടത്തില്‍ വി കുഞ്ഞികൃഷ്ണന്‍ പുതിയ ചില ആരോപണങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ഈ ആരോപണങ്ങള്‍ മാധ്യമങ്ങളിലും മറ്റും വാര്‍ത്തയായി വരുന്ന നിലയുമുണ്ടായി. ഉന്നയിച്ച കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി നിശ്ചയിച്ച കമ്മീഷന്‍ അന്വേഷിക്കുകയും അന്വേഷണ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യുകയും ഉണ്ടായി. വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വ്വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതുമാണ്.

എട്ടു മാസങ്ങള്‍ക്ക് മുമ്പ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് വി കുഞ്ഞികൃഷ്ണന്‍ തുറന്ന് പറഞ്ഞതുമാണ്. അതിന് ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും വി കുഞ്ഞികൃഷ്ണന്‍ പങ്കെടുത്തതുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലി കൈയ്യായി മാറുന്നതരത്തിലാണ് കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി. പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇകഴ്ത്തിക്കാട്ടുന്ന കുഞ്ഞികൃഷ്ണന്റെ ഈ നടപടി പാര്‍ട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.

പാര്‍ട്ടിയില്‍ അതത് കാലഘട്ടത്തില്‍ ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് സംഘടന രീതി അനുസരിച്ച് ചര്‍ച്ച ചെയ്യുകയും ആവശ്യമായ സംഘടന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് എതിരാളികള്‍ക്ക് കടന്നാക്രമിക്കാന്‍ ആയുധം നല്‍കുന്ന കുഞ്ഞികൃഷ്ണന്റെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. അദ്ദേഹം ഉന്നയിച്ച ആക്ഷേപങ്ങള്‍ പാര്‍ട്ടി തള്ളിക്കളയുന്നു.

 

---- facebook comment plugin here -----

Latest