Kerala
പൂവാറില്‍ യുവാവിന് ക്രൂര മര്‍ദനം; എസ് ഐക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ് ഐയെ സസ്പെന്‍ഡ് ചെയ്തത്
തിരുവനന്തപുരം | പൂവാറില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ എസ് ഐയെ സസ്പെന്‍ഡ് ചെയ്തു. പൂവാര്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി മധു ആണ് അന്വേഷണ വിധേയമായി എസ് ഐയെ സസ്പെന്‍ഡ് ചെയ്തത്.
ഞായറാഴ്ച രാവിലെ പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് പൂവാര്‍ കല്ലിംഗവിളാകം മണ്ണാംവിളാകാം സ്വദേശി സുധീര്‍ ഖാനാണ്(35) പോലീസ് മര്‍ദനത്തില്‍ സാരമായി പരുക്കേറ്റത്.ഞയാറാഴ്ച രാവിലെ 11ഓടെ പൂവാര്‍ പെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. റോഡ് വശത്ത് ബൈക്ക് നിറുത്തി റോഡിന് താഴേക്ക് മൂത്രമൊഴിക്കാന്‍ ഇറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പില്‍ വന്ന പൂവാര്‍ എസ് ഐ സനലും സംഘവും തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് ലൈസന്‍സും ബൈക്കിന്റെ രേഖകളും എടുക്കാന്‍ എസ്.ഐ ആവശ്യപ്പെട്ടു. ഇത് അനുസരിച്ച് സുധീര്‍ തിരിയവെ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ സുധീറിനെ ലാത്തി വെച്ച് അകാരണമായി അടിക്കുകയായിരുന്നു.തുടര്‍ന്ന് സുധീറിനോട് സ്റ്റേഷനില്‍ എത്താന്‍ എസ് ഐ ആവശ്യപ്പെട്ടു. സ്റ്റേഷനില്‍ എത്തിയ സുധീറിന്റെ മൊബൈല്‍ ഫോണ്‍ എസ് ഐ സനല്‍ പിടിച്ചു വാങ്ങി വെക്കുകയും സ്റ്റേഷനില്‍ വെച്ചും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് സുധീര്‍ ഖാന്‍ പറയുന്നു. രാത്രി 7 മണിയോടെ സുധീറിനെ പോലീസ് വിട്ടയച്ചത്. തുടര്‍ന്ന് സുധീറിനെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേ സമയം വിനോദ സഞ്ചാരികളെ ശല്യം ചെയ്തതിനാണ് സുധീറിനെ കസ്റ്റഡിയിലെടുത്തതെന്നും മര്‍ദിച്ചിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്. സുധീര്‍ ഇതിന് മുമ്പും ചില കേസുകളില്‍ പ്രതി ആയിരുന്നതായി പൂവാര്‍ സിഐ പറഞ്ഞു.


