Kerala
യുവാവിന്റെ കൊലപാതകം: കാരണം സുഹൃത്തുമായുളള ഭാര്യയുടെ ബന്ധം
മദ്യപിച്ചാല്‍ അപകടകാരിയായി മാറുന്ന വിനോദ്, ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുകയും അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ്.

പത്തനംതിട്ട | കോയിപ്രം പുല്ലാട് ഐരക്കാവ് പാറക്കല്‍ പ്രദീപ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതി കോയിപ്രം വരയന്നൂര്‍ കല്ലുങ്കല്‍ മോന്‍സി എന്ന് വിളിക്കുന്ന വിനോദിനെ സംഭവസ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുത്തു. കൊലപ്പെടുത്താനുപയോഗിച്ച കത്തി, കൊല്ലപ്പെട്ട പ്രദീപിന്റെ വീടിനുപിന്നിലെ ആള്‍താമസമില്ലാത്ത പുരയിടത്തിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെടുത്തു. കത്തിയുടെ പിടി കടലാസില്‍ പൊതിഞ്ഞ നിലയിലായിരുന്നു. കൊലപാതകസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇയാളുടെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നതും പോലീസ് കണ്ടെത്തി. പുല്ലാട് മത്സ്യക്കച്ചവടം ചെയ്യുന്ന വിനോദും കൊല്ലപ്പെട്ട പ്രദീപും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിനോദിന്റെ ഭാര്യയും കൊല്ലപ്പെട്ട പ്രദീപുമായി അവിഹിത ബന്ധമുണ്ടായിരുന്നതും വിനോദില്‍ നിന്നകന്നു പ്രദീപിൻ്റെ നിയന്ത്രണത്തിൽ താമസിച്ചതും കൊലപാതകത്തിനുള്ള വിരോധകാരണമായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകം നടത്തിയത് എങ്ങനെയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. പ്രദീപിന്റെ കുമ്പനാട് ഐരക്കാവിലുള്ള വീടിന്റെ സമീപം 18ന് രാത്രി 8.30ന് വിനോദ് എത്തി. ഈ സമയം പ്രദീപ് വിനോദിന്റെ ഭാര്യയുമായി ഫോണില്‍ സ്പീക്കറില്‍ സംസാരിക്കുന്നത് കേട്ടു. കുറേനേരം കാത്തുനിന്ന പ്രതി, വീടിനു സമീപത്തുള്ള മുളങ്കാടില്‍, കൊല്ലാന്‍ കരുതി ഒളിച്ചുവച്ച കത്തിയുമായി വീടിന്റെ ഭിത്തിക്ക് മറഞ്ഞു ചെന്ന് പ്രദീപിന്റെ പുറത്ത് ആഞ്ഞുകുത്തുകയായിരുന്നു. പ്രാണരക്ഷാര്‍ഥം വീടിനുമുന്നിലെ ചതുപ്പുനിലത്തേക്ക് പ്രദീപ് ഓടിയെങ്കിലും പ്രതി പിന്തുടര്‍ന്നെത്തി. ചതുപ്പില്‍ കമഴ്ന്നുവീണപ്പോള്‍ പുറത്തും വയറ്റിലും ആഴത്തില്‍ പലതവണ കുത്തി മുറിവേല്‍പ്പിച്ചു. അനക്കമടങ്ങും വരെ പത്ത് മിനിറ്റോളം തോളില്‍ വലതുകാല്‍ കൊണ്ട് ചവുട്ടിപ്പിടിച്ച് മരണമുറപ്പിക്കും വരെ കാക്കുകയും ചെയ്തതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
മദ്യപിച്ചാല്‍ അപകടകാരിയായി മാറുന്ന വിനോദ്, ഭാര്യയെയും കുട്ടികളെയും ഉപദ്രവിക്കുകയും അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യുന്നത് പതിവാണ്. ഇത് സംബന്ധിച്ച് ഭാര്യയുടെയും പരിസരവാസികളുടെയും പരാതികള്‍ നിലവിലുണ്ട്. അയല്‍വാസിയായ സ്ത്രീയെ അപമാനിച്ചതിനും മര്‍ദിച്ചതിനും ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസുമുണ്ട്. തിരുവല്ല ഡി വൈ എസ് പി. എ അഷദിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടികള്‍ കൈകൊണ്ടത്. പോലീസ് സംഘത്തില്‍ എസ് ഐ. ജി ഉണ്ണികൃഷ്ണന്‍,എ എസ് ഐമാരായ സുധീഷ്, ഷിറാസ്, ബിജു, എസ് സി പി ഓ ഷബാന അഹമ്മദ്, സി പി ഓ സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.