Connect with us

Kerala

വിമാനക്കൊള്ളക്ക് അന്ത്യമാകുന്നു; ടിക്കറ്റ് നിരക്ക് ഏകീകരണത്തിന് നീക്കം തുടങ്ങി

നടപടികളുമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

Published

|

Last Updated

തിരുവനന്തപുരം | വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നു. കെ സി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലിമെന്‍റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി എ സി) കര്‍ശന നിലപാടിനെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ഡി ജി സി എ നിര്‍ബന്ധിതമായത്. ഡിമാന്‍ഡ് അനുസരിച്ചാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൊള്ള നടത്തിയിരുന്നത്. വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതോടെ കീശ കീറാതെ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

പി എ സി നിരവധി തവണ ഈ വിഷയം കേന്ദ്ര സര്‍ക്കാറിന്‍റെയും വ്യോമയാന മന്ത്രാലയത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തുകയും അമിത വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അഹമ്മദാബാദ് വിമാന അപകടത്തെ തുടര്‍ന്ന് വ്യോമയാന സുരക്ഷാ ആശങ്കകളെ കുറിച്ചുള്ള ചര്‍ച്ചകളിലും വിഷയം ഉന്നയിച്ചു. വ്യോമയാന റെഗുലേറ്ററര്‍ക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ടായിട്ടും അതിന് തയ്യാറാകാത്ത നിലപാടിനെ കര്‍ശനമായി വിമര്‍ശിക്കുകയും ചെയ്തു.

രാജ്യത്തിന്‍റെ ജനസംഖ്യയില്‍ നല്ലൊരു ശതമാനം പ്രവാസികളെയും ആഭ്യന്തര വിമാനയാത്രികരെയും ബാധിക്കുന്ന വിഷയത്തില്‍ ഇനിയും അലംഭാവം തുടരാന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാട് പി എ സി സ്വീകരിച്ചതോടെയാണ് വിമാന ടിക്കറ്റ് നിരക്കുകള്‍ ഏകീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ഡി ജി സി എ സന്നദ്ധത അറിയിച്ചത്. ഉത്സവ സീസണിലും അവധിക്കാലത്തും അനിയന്ത്രിതമായ നിരക്കാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഇതിനെല്ലാം പുറമെ യൂസേഴ്സ് ഫീസും സര്‍വീസ് ചാര്‍ജും ഉള്‍പ്പെടെ സാധാരണക്കാരായ യാത്രക്കാര്‍ ടിക്കറ്റ് നിരക്കിലൂടെ നല്‍കേണ്ട അവസ്ഥയാണ്.

 

---- facebook comment plugin here -----

Latest