International
യു എ ഇ പ്രസിഡന്റിന്റെ ഇന്ത്യന്‍ സന്ദര്‍ശനം; വിവിധ മേഖലകളില്‍ സഹകരണത്തിന് ഉഭയകക്ഷി ധാരണ
ഊര്‍ജ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുക, ആധുനിക ന്യൂക്ലിയര്‍ സാങ്കേതികവിദ്യ, എ ഐ, ശൂന്യാകാശ ഗവേഷണം, പ്രതിരോധം എന്നീ മേഖലകളിലാണ് പ്രധാനമായും കരാര്‍ ഒപ്പുവച്ചത്.
ന്യൂഡല്‍ഹി | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. ഊര്‍ജ മേഖലയിലെ സഹകരണം വര്‍ധിപ്പിക്കുക, ആധുനിക ന്യൂക്ലിയര്‍ സാങ്കേതികവിദ്യ, എ ഐ, ശൂന്യാകാശ ഗവേഷണം, പ്രതിരോധം എന്നീ മേഖലകളിലാണ് പ്രധാനമായും കരാര്‍ ഒപ്പുവച്ചത്.
മൂന്ന് മണിക്കൂര്‍ നീണ്ട യു എ ഇ പ്രസിഡന്റിന്റെ സന്ദര്‍ശനം ഇന്ത്യ-യു എ ഇ ബന്ധത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിക്കുന്നതാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എല്‍ എന്‍ ജി) ഇറക്കുമതി വര്‍ധിപ്പിക്കുന്നത് ഇന്ത്യയുടെ ഊര്‍ജ സുരക്ഷയ്ക്ക് കരുത്തേകും. 2030 ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യണ്‍ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബന്ധം കൂടുതല്‍ വിപുലീകരിക്കപ്പെടുമെന്നും വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു.
കാര്‍ഷിക ഉത്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി വര്‍ധിപ്പിക്കും. യു എ ഇയിലെ ഫസ്റ്റ് അബൂദബി ബേങ്ക്, ഡി പി വേള്‍ഡ് എന്നിവയുടെ ഓഫീസുകള്‍ ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയില്‍ തുറക്കും. യു എ ഇയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ ശൈഖ് മുഹമ്മദ് പുലര്‍ത്തുന്ന കരുതലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൃതജ്ഞത അറിയിച്ചു.
ഇന്ന് വൈകിട്ട് അഞ്ചോടെ ഇന്ത്യയിലെത്തിയ യു എ ഇ ഭരണാധികാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇരുവരും ഒരേ കാറിലാണ് പ്രധാനമന്ത്രിയുടെ വസതിയായ എഴ് ലോക് കല്യാണ്‍ മാര്‍ഗിലേക്ക് പോയത്. ഭീകരവാദത്തെയും അതിന് സഹായം നല്‍കുന്നവരെയും ഇരുനേതാക്കളും ശക്തമായി അപലപിച്ചു.



