Kerala
ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കേസിലെ പ്രധാന പ്രതികളുടെയെല്ലാം അക്കൗണ്ടുകള്‍ മരവിപ്പിച്ചു. ഇന്ന് ശബരിമലയില്‍ വീണ്ടും പരിശോധന നടത്താന്‍ എസ് ഐ ടിക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു.
കൊച്ചി | ശബരിമല സ്വര്‍ണക്കൊള്ളയില്‍ പി എസ് പ്രശാന്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകളും അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. കേസിലെ പ്രധാന പ്രതികളുടെയെല്ലാം അക്കൗണ്ടുകള്‍ മരവിപ്പിച്ചു.
ഇന്ന് ശബരിമലയില്‍ വീണ്ടും പരിശോധന നടത്താന്‍ എസ് ഐ ടിക്ക് കോടതി അനുമതി നല്‍കുകയും ചെയ്തു. വാതില്‍പ്പാളി ഉള്‍പ്പെടെ അളക്കാനും പരിശോധിക്കാനുമാണ് അനുമതി നല്‍കിയിട്ടുള്ളത്. കേസ് ഫെബ്രുവരി ഒമ്പതിന് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
സ്വര്‍ണപ്പാളി തന്നെ മാറ്റിയോ എന്നതുള്‍പ്പെടെയുള്ള സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് പരിശോധനാ റിപോര്‍ട്ടെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ പരിശോധന നടത്തിയ വി എസ് എസ് സിയിലെ ഉദ്യോഗസ്ഥരുടെ വിശദമായ മൊഴിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പാളികള്‍ മാറ്റിയിട്ടുണ്ടോ എന്നതില്‍ വ്യക്തത ഉണ്ടാക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കണം. ആവശ്യമെങ്കില്‍ മറ്റ് സാങ്കേതിക വിദഗ്ധരുടെ ഉപദേശവും സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.


