From the print
നയപ്രഖ്യാപന പ്രസംഗം: കേന്ദ്ര വിമര്‍ശത്തില്‍ വിയോജിച്ച് ഗവര്‍ണര്‍; തിരുത്തില്ലെന്ന് സര്‍ക്കാര്‍
ഗവര്‍ണര്‍ മടക്കിയ പ്രസംഗം തിരിച്ചയച്ചു.
തിരുവനന്തപുരം | ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശത്തില്‍ വിയോജിപ്പറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേന്ദ്ര സര്‍ക്കാറിനെതിരായ വിമര്‍ശം അടങ്ങുന്ന ഭാഗത്ത് തിരുത്തല്‍ വേണമെന്നാണ് ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസംഗം സര്‍ക്കാറിന് അയച്ചിരുന്നു. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തില്‍ ഭേദഗതി വരുത്തില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഗവര്‍ണര്‍ തിരിച്ചയച്ച പ്രസംഗം തിരുത്താതെ സര്‍ക്കാര്‍ ഇന്നലെ വീണ്ടും മടക്കി നല്‍കി.
സര്‍ക്കാര്‍ തിരുത്തിയില്ലെങ്കിലും പ്രസംഗം ഗവര്‍ണര്‍ പൂര്‍ണമായും വായിക്കും. എന്നാല്‍, വിയോജിപ്പ് ലോക്ഭവന്‍ സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് 26 വരെ നീളുന്ന 15-ാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തിനാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് തുടക്കം കുറിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായുള്ള അവസാന നിയമസഭാ സമ്മേളനം കൂടിയാണിത്.
ബജറ്റ് 29ന്GOVERN OR IN
നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച 22ന് നടക്കും. 29ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാറിന്റെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂവെങ്കിലും മുഴുവന്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. മാര്‍ച്ച് 26 വരെ 32 ദിവസത്തേക്ക് സമ്മേളനം ചേരാനായി തീരുമാനിച്ചിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ സഭ വെട്ടിച്ചുരുക്കും. ബജറ്റും ധനാഭ്യര്‍ഥനകളും വിശദമായി ചര്‍ച്ച ചെയ്ത് പാസ്സാക്കുന്നതിന് മുമ്പുതന്നെ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരാന്‍ ഇടയുള്ളതിനാല്‍ മുഴുവന്‍ ബജറ്റ് പാസ്സാക്കാതെ ആറ് മാസത്തെ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസ്സാക്കി നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനാണ് സാധ്യത.


