Uae
ലോകത്തിലെ ഏറ്റവും വലിയ ദുബൈ മോട്ടോര്‍ മാര്‍ക്കറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു; 1,500 ഷോറൂമുകള്‍
ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 22 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് പദ്ധതിക്കുള്ളത്.
ദുബൈ | ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയായ ദുബൈ മോട്ടോര്‍ മാര്‍ക്കറ്റ് പദ്ധതി ദുബൈയുടെ ഒന്നാം ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു. 22 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമാണ് പദ്ധതിക്കുള്ളത്.
‘ഇലക്ട്രിക്, ഹൈബ്രിഡ്, പരമ്പരാഗത കാറുകളുടെ വ്യാപാരത്തെ പിന്തുണക്കുന്നതാണ് മാര്‍ക്കറ്റ്. 1,500-ല്‍ അധികം ഷോറൂമുകള്‍ ഉള്‍ക്കൊള്ളും. ലോകത്തിലെ ഏറ്റവും വലിയ കാര്‍ വിപണിയാണ് ദുബൈ മോട്ടോര്‍ മാര്‍ക്കറ്റ് ലക്ഷ്യമാക്കുന്നത്. പ്രതിവര്‍ഷം 8,00,000 വാഹനങ്ങള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള സംയോജിത സൗകര്യങ്ങളും ഇവിടെയുണ്ടാവും. നിക്ഷേപകര്‍, കമ്പനികള്‍, വ്യക്തികള്‍, കാര്‍ പ്രേമികള്‍ എന്നിവരെ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്ന ഈ പ്ലാറ്റ്‌ഫോം ഡി പി വേള്‍ഡ് ശൃംഖല വഴി ദുബൈയെ ലോകത്തിലെ എല്ലാ വിപണികളുമായും ബന്ധിപ്പിക്കും.’ ശൈഖ് മക്തൂം പറഞ്ഞു.
2033-ഓടെ ഇമാറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാനുള്ള ദുബൈയുടെ ‘ഡി 33’ സാമ്പത്തിക അജണ്ടയുടെ ലക്ഷ്യങ്ങളെ ഇത് പിന്തുണക്കുമെന്നും അതുവഴി ദുബൈ ആഗോളതലത്തില്‍ സാമ്പത്തിക നഗരങ്ങളില്‍ മുന്‍പന്തിയില്‍ തുടരുമെന്നും ശൈഖ് മക്തൂം വ്യക്തമാക്കി.




