Connect with us

Editorial

സ്ത്രീകളുടെ രാത്രി യാത്രയും സുരക്ഷിതത്വവും

സ്ത്രീകള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാനുള്ള സാഹചര്യം ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന അവകാശമാണ്. എന്നാല്‍ ബസ്, ട്രെയിന്‍ തുടങ്ങി ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് ഭീതിയുടെയും അപമാനത്തിന്റെയും ഇടങ്ങളായി മാറിയിരിക്കുന്നു.

Published

|

Last Updated

വിവിധ സ്ഥാപനങ്ങളില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ യാത്രാ സംബന്ധമായ സുരക്ഷാ പ്രശ്നങ്ങള്‍ പഠിക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന വനിതാ കമ്മീഷന്‍. ഐ ടി പാര്‍ക്കുകള്‍, മാളുകള്‍, ആശുപത്രികള്‍ തുടങ്ങി 32 തൊഴില്‍ മേഖലയില്‍ രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ കമ്മീഷന്‍ നടത്തിയ ഹിയറിംഗില്‍, യാത്രാവേളയില്‍ സുരക്ഷാപ്രശ്നം അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പഠനം. തിരുവനന്തപുരം, എറണാകളും, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ആറ് ജില്ലകളിലെ നഗര മേഖലകളില്‍ സര്‍വേ വഴി ആഴത്തിലുള്ള അഭിമുഖം, ഗ്രൂപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ മാര്‍ഗേനയാണ് വിവരം ശേഖരിക്കുക. തുടര്‍ന്ന് ഇത്തരം പ്രയാസങ്ങള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അറിയിച്ചു.

സ്ത്രീകള്‍ക്ക് നിര്‍ഭയമായി സഞ്ചരിക്കാനുള്ള സാഹചര്യം ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന അവകാശമാണ്. എന്നാല്‍ ബസ്, ട്രെയിന്‍ തുടങ്ങി ഇന്ത്യയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ സ്ത്രീകള്‍ക്ക് ഭീതിയുടെയും അപമാനത്തിന്റെയും ഇടങ്ങളായി മാറിയിരിക്കുന്നു. ഒറ്റക്കുള്ള രാത്രി യാത്രകള്‍ പ്രത്യേകിച്ചും. ജോലി, പഠനം, ചികിത്സ, കുടുംബ ആവശ്യങ്ങള്‍ തുടങ്ങി ജീവിതത്തിന്റെ അനിവാര്യ ഭാഗമായ യാത്രകള്‍ പോലും മോശം അനുഭവങ്ങളാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. പൊതുവാഹനങ്ങളില്‍ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ ദൈനംദിന വാര്‍ത്തയാണിന്ന് മാധ്യമങ്ങള്‍ക്ക്. മാധ്യമ വാര്‍ത്തകള്‍ക്കപ്പുറം മാനഹാനി ഭയന്നും മറ്റും ഇരകള്‍ പുറത്തു പറയാതെ പോകുന്ന സംഭവങ്ങളാണ് കൂടുതലും.

രാജ്യത്ത് പ്രതിവര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീപീഡന കേസുകളില്‍ വലിയൊരു വിഭാഗവും പൊതുയിടങ്ങളിലോ പൊതുവാഹനങ്ങളിലോ ആണ് നടക്കുന്നത്. വേള്‍ഡ് ബേങ്ക്, ഐ ടി ഡി പി (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് പോളിസി), എസ് പി ആര്‍ എഫ് (സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍) തുടങ്ങിയ സംഘടനകള്‍ പ്രമുഖ നഗരങ്ങളില്‍ നടത്തിയ സര്‍വേ അനുസരിച്ച് പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്ന സ്ത്രീകളില്‍ 50 മുതല്‍ 88 ശതമാനം വരെ പേര്‍ ശാരീരികമായോ വാചികമായോ പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. ഡല്‍ഹി 88, മുംബൈ 75, പുണെ 63 എന്നിങ്ങനെയാണ് പീഡനത്തിനിരയാകുന്നവരുടെ ശതമാനക്കണക്ക്. പീഡന വേളയില്‍ അതിനെതിരെ പ്രതികരിക്കാന്‍ സന്നദ്ധത കാണിക്കുന്നവര്‍ 20 ശതമാനവും പരാതിയുമായി പോലീസിനെ സമീപിക്കുന്നവര്‍ പത്തില്‍ താഴെയുമാണെന്നും സര്‍വേ വ്യക്തമാക്കുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രമുഖ നഗരങ്ങളില്‍ 70-80 ശതമാനമെന്നാണ് കണക്ക്.

ട്രെയിനില്‍ സ്ത്രീയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനായി ‘മേരെ സഖി’, സി സി ടി വി ക്യാമറ തുടങ്ങി പല പദ്ധതികളും സംവിധാനങ്ങളും നിലവിലുണ്ട്. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷക്കായി റെയില്‍വേ പ്രൊട്ടക്്ഷന്‍ ഫോഴ്സ് ആവിഷ്‌കരിച്ച പദ്ധതിയാണ് ‘മേരെ സഖി’. വനിതാ ഉദ്യോഗസ്ഥര്‍ സ്ത്രീയാത്രക്കാരുമായി ഇടക്കിടെ ബന്ധപ്പെട്ട് എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടോ എന്നാരായുന്നതാണ് പദ്ധതി. യാത്രക്കിടെ എന്തെങ്കിലും സുരക്ഷാ പ്രശ്നം അനുഭവപ്പെട്ടാല്‍ സഹായത്തിനായി വിളിക്കാന്‍ 139 എന്നൊരു ഹെല്‍പ് ലൈന്‍ നമ്പറുമുണ്ട് റെയില്‍വേക്ക്. ഇതൊക്കെ നിയമപുസ്തകത്തില്‍ മാത്രമാണ്. ഹെല്‍പ് ലൈന്‍ നമ്പറുകളും സി സി ടി വി ക്യാമറകളും മിക്കപ്പോഴും ബോര്‍ഡിലൊതുങ്ങുന്നു. ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ പലപ്പോഴും സമയത്തിന് സഹായം ലഭിക്കാറില്ല. സി സി ടി വി ക്യാമറകള്‍ പലതും പ്രവര്‍ത്തിക്കാറുമില്ല. പല ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സുരക്ഷാ ജീവനക്കാരും പീഡനം കണ്ടാലും കാണാത്ത ഭാവം നടിക്കുകയും ചെയ്യുന്നു.

സര്‍ക്കാര്‍ നടപ്പാക്കുന്ന സുരക്ഷാ സംവിധാനങ്ങളിലെ അപര്യാപ്തത മാത്രമല്ല, സ്ത്രീകളുടെ വസ്ത്രധാരണ രീതിക്കുമുണ്ട് സ്ത്രീപീഡനങ്ങളുടെ പെരുപ്പത്തില്‍ വലിയൊരു പങ്ക്. മതപണ്ഡിതന്മാരുടെ മാത്രം അഭിപ്രായമല്ല, സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ജസ്റ്റിസ് ശ്രീദേവി, മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അംഗമായിരുന്ന ആശാ മിര്‍ജെ, ബോളിവുഡ് നടി മല്ലികാ ഷെരാവത്ത് തുടങ്ങി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തന്നെ വെട്ടിത്തുറന്നു പറഞ്ഞ കാര്യമാണിത്. പെണ്‍കുട്ടികളുടെ മോശം വസ്ത്രധാരണവും തുറന്ന പെരുമാറ്റവും അനുചിത സ്ഥലങ്ങളിലേക്കുള്ള യാത്രയുമാണ് ലൈംഗിക അതിക്രമത്തിന്റെ കാരണമെന്നാണ് ആശാ മിര്‍ജെയുടെ പക്ഷം. അല്‍പ്പവസ്ത്രധാരികളായ സിനിമാ നടിമാരാണ് പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ പ്രധാന ഘടകമെന്ന് ജസ്റ്റിസ് ശ്രീദേവി പറയുന്നു. ഇതൊന്നും പഴഞ്ചന്‍ അഭിപ്രായങ്ങളായി തള്ളിക്കളയേണ്ടതല്ല. ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന ദൃശ്യങ്ങളും വസ്ത്രധാരണവും പുരുഷന്മാരുടെ ലൈംഗികതയെ ഉത്തേജിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചതാണ്.

വനിതാ കമ്മീഷന്‍ ഇക്കാര്യത്തില്‍ മുന്‍വെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എന്തായാലും, സ്ത്രീകള്‍ സ്വയം നിയന്ത്രണം പാലിക്കുകയാണ് ശരിയായ പോംവഴി. പുറത്തിറങ്ങിയാല്‍ കാമക്കണ്ണുകള്‍ പിന്തുടരുമെന്ന ബോധ്യത്തോടെ മാന്യമായ വസ്ത്രം ധരിക്കാന്‍ അവര്‍ ശ്രദ്ധിക്കട്ടെ. സ്ത്രീകളുടെ രാത്രി യാത്രയിലെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ കഴിയാത്ത സ്ഥാപനങ്ങള്‍ അവരെ രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കി, പകല്‍ ഷിഫ്റ്റില്‍ മാത്രം നിയോഗിക്കാന്‍ തയ്യാറാകണം. ഐ ടി, ബയോ ടെക്നിക് കമ്പനികള്‍ രാത്രി ഷിഫ്റ്റില്‍ സ്ത്രീകളെ ജോലി ചെയ്യിക്കുന്നത് ഒഴിവാക്കണമെന്ന് 2017ല്‍ കര്‍ണാടക നിയമസഭാ സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്ത കാര്യം ശ്രദ്ധേയമാണ്. വിവിധ ഐ ടി കമ്പനികള്‍ സന്ദര്‍ശിച്ച സമിതി അംഗങ്ങള്‍ക്ക് രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ ശിപാര്‍ശയെന്നും റിപോര്‍ട്ടില്‍ പറയുന്നു.