Kerala
മേപ്പാടിയില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവം: എന്തുകൊണ്ട് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചു; അന്വേഷണം ആവശ്യപ്പെട്ട് നിഷ്മയുടെ മാതാവ്
മകളുടെ കൂടെ പോയത് ആരൊക്കെയാണെന്ന് അറിയില്ല. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി ലഭിക്കണം.

മലപ്പുറം| വയനാട് മേപ്പാടിയിലെ 900 കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ മാതാവ് ജെസീല. അപകടത്തില്‍ നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരുക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും മാതാവ് ജെസീല പറഞ്ഞു. ഇത്രയും സുരക്ഷിതമല്ലാത്ത ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ എന്നും എന്തുകൊണ്ടാണ് തന്റെ മകള്‍ക്ക് മാത്രം അപകടം സംഭവിച്ചതെന്നും ജെസീല ചോദിച്ചു.
മകളുടെ കൂടെ പോയത് ആരൊക്കെയാണെന്ന് അറിയില്ല. യാത്ര പോയതിനുശേഷം മൂന്ന് തവണ മകളുമായി സംസാരിച്ചിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച് കിട്ടിയിരുന്നില്ല. വീഡിയോ കോളിലും സംസാരിച്ചിരുന്നു. എത്ര പേരാണ് കൂടെയെന്ന് പറഞ്ഞില്ല. അവര്‍ ആരൊക്കെയാണെന്നും അറിയില്ല. കൂടെയുള്ള ആര്‍ക്കും ഒന്നും സംഭവിച്ചിട്ടുമില്ല. മകള്‍ക്ക് മാത്രമായി അപകടം സംഭവിച്ചത് എന്താണെന്ന് അറിയണം. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി ലഭിക്കണം. രാത്രി എന്താണ് സംഭവിച്ചതെന്ന് പ്രത്യേക അന്വേഷണം നടത്തണം. കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് വയനാട് മേപ്പാടിയിലെ 900 കണ്ടിയിലെ റിസോര്‍ട്ടില്‍ ടെന്റ് തകര്‍ന്ന് മലപ്പുറം സ്വദേശിയായ നിഷ്മ മരിച്ചത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പതിനാറംഗ വിനോദസഞ്ചാരികളുടെ സംഘത്തിലാണ് നിഷ്മ റിസോര്‍ട്ടില്‍ എത്തിയത്. റിസോര്‍ട്ടിലെ ടെന്റുകെട്ടിയ ഷെഡ് തകര്‍ന്നു വീഴുകയായിരുന്നു. യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലിചെയ്യുകയായിരുന്നു നിഷ്മ. ടെന്റ് സ്ഥാപിക്കുന്ന ഷെഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റിസോര്‍ട്ടിന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചതാണെന്നും പ്രവര്‍ത്തന അനുമതി ഇല്ലെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
സംഭവത്തില്‍ റിസോര്‍ട്ട് മാനേജരും സൂപ്പര്‍വൈസറും അറസ്റ്റിലായിട്ടുണ്ട്. എമറാള്‍ഡ് തൊള്ളായിരം വെഞ്ചേഴ്സ് റിസോര്‍ട്ടിന്റെ മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇരുവരെയും ഈ മാസം 28 വരെ റിമാന്‍ഡ് ചെയ്തു.