Connect with us

kerala congredd

കേരള കോണ്‍ഗസ് പട്ടികയില്‍ ജോസഫ് ഗ്രൂപ്പ് അസ്തമിക്കുമോ?

പില്‍ക്കാലത്ത് സഭയുടെ താല്‍പര്യങ്ങളും സര്‍ക്കാറുകളും തമ്മിലുള്ള ഇടനിലക്കാരായി ആ പാര്‍ടി പരിണമിച്ചു.

Published

|

Last Updated

കോഴിക്കോട് | അധികാരത്തിന്റെ ശീതളച്ഛായയില്‍ വളര്‍ന്നും പിളര്‍ന്നും കാലം കഴിച്ച കേരള കോണ്‍ഗ്രസ്സുകളുടെ പട്ടികയില്‍ നിന്ന് ജോസഫ് ഗ്രൂപ്പ് അസ്തമിക്കുമോ?

ജോണി നെല്ലൂരിന് പിന്നാലെ വൈസ് ചെയര്‍മാന്‍ മാത്യു സ്റ്റീഫനും പാര്‍ട്ടി വിട്ടതോടെ, സഭയുടെ പിന്‍തുമയോടെ ബി ജെ പി താല്‍പര്യാര്‍ഥം പിറക്കാന്‍ പോകുന്ന പാര്‍ട്ടിയില്‍ ജോസഫ് വിഭാഗം വിലയിച്ചേക്കുമെന്നാണു കരുതുന്നത്. ഭരണമില്ലാത്ത യു ഡി എഫില്‍ ഏറെക്കാലം തുടരാനാവില്ലെന്നു നേതാക്കളോരുരുത്തരും തീരുമാനിക്കുന്നതോടെ ജേക്കബ് ഗ്രൂപ്പിന്റെ ഭാവിയും ഇതുതന്നെയാവും. കേരളത്തിലെ യു ഡി എഫ് സംവിധാനത്തില്‍ നിന്നു ക്രൈസ്തവ ന്യൂനപക്ഷം അകലുന്നതിന്റെ സൂചനകളാണു വന്നുകൊണ്ടിരിക്കുന്നത്.

കര്‍ഷകരുടെ പാര്‍ട്ടിയെന്നു പ്രഖ്യാപിച്ചായിരുന്നു കേരളാ കോണ്‍ഗ്രസ് പ്രസ്ഥാനം കേരളത്തില്‍ പിറവികൊണ്ടത്. പില്‍ക്കാലത്ത് സഭയുടെ താല്‍പര്യങ്ങളും സര്‍ക്കാറുകളും തമ്മിലുള്ള ഇടനിലക്കാരായി ആ പാര്‍ടി പരിണമിച്ചു. സഭയുടെ വോട്ടുബാങ്ക് വച്ചു സര്‍ക്കാറുകളോടു വിലപേശുന്ന നേതാക്കള്‍ നയിക്കുന്ന ആള്‍ക്കൂട്ടമായി അതു പരിണമിച്ചു. ഇപ്പോള്‍ ബി ജെ പി വച്ചുനീട്ടുന്ന ശുഭ പ്രതീക്ഷയിലേക്കുള്ള ഈ ഒഴുക്കും അതിന്റെ തുടര്‍ച്ച തന്നെ.

പ്രബലനായ കോണ്‍ഗ്രസ് നേതാവ് പി ടി ചാക്കോ മരിച്ച് 70-ാം ദിവസം 1964 ഒക്ടോബര്‍ ഒമ്പതിനു 15 എം എല്‍ എമാര്‍ കോട്ടയം തിരുനക്കര മൈതാനത്തു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ വച്ചായിരുന്നു കേരള കോണ്‍ഗ്രസ് എന്ന പ്രാദേശിക പാര്‍ട്ടിയുടെ പിറവി. മന്നത്തുപദ്മനാഭന്‍ കേരള കോണ്‍ഗ്രസ് എന്ന പേര് പ്രഖ്യാപിച്ചു. കെ എം ജോര്‍ജ് സ്ഥാപക ചെയര്‍മാനും ആര്‍ ബാലകൃഷ്ണ പിള്ള വൈസ് ചെയര്‍മാനുമായിരുന്നു.

കോണ്‍ഗ്രസ്സില്‍ നിന്നു വിട്ടുവന്നവര്‍ രൂപം നല്‍കിയ ആ പാര്‍ട്ടി 1965 ലെ തിരഞ്ഞെടുപ്പില്‍ 25 എം എല്‍ എമാരെ വിജയിപ്പിച്ചു കേരള രാഷ്ട്രീയത്തില്‍ നിര്‍ണായകമായ ഇടം നേടി. എന്നാല്‍ 67 ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളിലേക്കു പാര്‍ട്ടി ചുരുങ്ങി. കോണ്‍ഗ്രസ്സില്‍ നിന്നു കേരളാ കോണ്‍ഗ്രസ്സിലെത്തിയ കെ എം മാണി എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ പിറവിയായിരുന്നു പിന്നീടു കണ്ടത്. കെ എം ജോര്‍ജിനെ അട്ടിമറിച്ച് കെ എം മാണി നേതൃത്വത്തിലേക്ക് ഉയര്‍ന്നു.

ജോര്‍ജ് സാറില്‍ നിന്നു മാണിസാറിലേക്കു കേരളാ കോണ്‍ഗ്രസ്സിന്റെ നേൃത്വം എത്തി. 1977ല്‍ കേരളാ കോണ്‍ഗ്രസ്സ് പിളര്‍പ്പിനു നാന്നികുറിച്ചു. ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ് ബി രൂപീകരിച്ചു പുറത്തുപോയി. 1977 ല്‍ എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബാലകൃഷ്ണപിള്ളക്കു രണ്ടു സീറ്റ് ലഭിച്ചു. യു ഡി എഫിനൊപ്പം നിന്ന മറുപക്ഷം 20 സീറ്റ് നേടി.

രണ്ടു വര്‍ഷം കഴിഞ്ഞ് 1979 ല്‍ പി ജെ ജോസഫിനോടു തെറ്റി കെ എം മാണി സ്വന്തം പേരില്‍ പാര്‍ട്ടിയുണ്ടാക്കി. മാണി കോണ്‍ഗ്രസിനൊപ്പവും ജോസഫ് ഇടതുപക്ഷത്തിനൊപ്പവും നിലകൊണ്ടു.

1980 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കേരള കോണ്‍ഗ്രസ് (മാണി) എല്‍ ഡി .എഫിലേക്കും ജോസഫും പാര്‍ട്ടിയും യു ഡി എഫിലേക്കും ചാടി. 1982ല്‍ മാണി വീണ്ടും യു ഡി എഫില്‍ എത്തിയതോടെ മൂന്നു കേരള കോണ്‍ഗ്രസും ഒരേ പാളയത്തിലായി.

പിന്നീടുള്ള നാലുപതിറ്റാണ്ടില്‍ നിലവധി പിളര്‍പ്പുകളുണ്ടായി. ഒടുവില്‍ കെ എം മാണിയും പി ജെ ജോസഫും ലയിച്ചു കരുത്തുള്ള പാര്‍ട്ടിയായി. മാണിയുടെ മരണശേഷം മാണിയുടെ മകന്‍ ജോസ് കെ മാണിയുമായി പാര്‍ട്ടി ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള പിടിവാശിമൂത്ത് ജോസഫ് തന്റെ ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. മാണി വിഭാഗം എല്‍ ഡി എഫില്‍ എത്തി. യു ഡി എഫില്‍ തുടര്‍ന്ന ജോസഫിനാകട്ടെ അണികളെ അടുപ്പിച്ചു നിര്‍ത്താന്‍ കഴിയുന്ന ആകര്‍ഷണീയത നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.

പിറവിക്കു ശേഷം നീണ്ട രാഷ്ട്രീയ ജീവിത്തത്തില്‍ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ പലതും അസ്തമിച്ചു. പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപം കൊള്ളുന്ന പുതിയ കാലത്ത് അതിജീവിക്കാന്‍ കഴിയാതെ ചിലവ കാലയവനികയില്‍ മറയുന്നു. ജോസഫ്, ജേക്കബ് ഗ്രൂപ്പുകള്‍ യു ഡി എഫിന്റെ പട്ടികയില്‍ ഇനി എത്രകാലം എന്നതാണു ചോദ്യം.

 

 

Latest