Editorial
വിറ്റുവിറ്റ് ഇന്ത്യയെയും വില്‍ക്കുമോ?
മികച്ച ഭരണത്തിലൂടെയും വിദഗ്ധമായ ആസൂത്രണത്തിലൂടെയുമാണ് രാജ്യം പുരോഗതി കൈവരിച്ചതും പൊതുമേഖല വളര്‍ന്നതും. അത് നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയുമാണ് ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. അതിനു പക്ഷേ ഭരണപരമായ കഴിവും രാജ്യ, ജനക്ഷേമ തത്പരതയും വേണം. വിത്തരി കുത്തി കഞ്ഞി കുടിക്കുന്നത് ഭരണ പരാജയമാണ്.
എല്ലാം വിറ്റ് തുലക്കുകയാണ് മോദി സര്‍ക്കര്‍. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, റെയില്‍വേ, ബേങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍, വൈദ്യുതി നിലയങ്ങളും ലൈനുകളും തുടങ്ങി രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസം നാഷനല്‍ മോണിറ്റൈസേഷന്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ അനാവരണ ചടങ്ങില്‍ സംസാരിക്കവെ, കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത് അടുത്ത നാല് വര്‍ഷം കൊണ്ട് സര്‍ക്കാര്‍ ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വിറ്റഴിക്കുമെന്നാണ.് 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 യാത്രാവണ്ടികള്‍, കൊങ്കണ്‍ റെയില്‍വേയുടെ 741 കിലോമീറ്റര്‍, തിരഞ്ഞെടുത്ത റെയില്‍വേ കോളനികള്‍, കരിപ്പൂര്‍, കോയമ്പത്തൂര്‍, ചെന്നൈ, തിരുപ്പതി ഉള്‍പ്പെടെ 25 വിമാനത്താവളങ്ങള്‍, ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം ഉള്‍പ്പെടെ രണ്ട് ദേശീയ സ്റ്റേഡിയങ്ങള്‍, രണ്ട് പ്രാദേശിക സ്റ്റേഡിയങ്ങള്‍, വെയര്‍ ഹൗസിംഗ്, ഊര്‍ജോത്പാദന മേഖല, ഊര്‍ജവിതരണ മേഖല, പ്രകൃതിവാതക പൈപ്പ് ലൈന്‍, തുറമുഖം, അര്‍ബന്‍ റിയല്‍ എസ്റ്റേറ്റ് തുടങ്ങി 12 മന്ത്രാലയങ്ങള്‍ക്കു കീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുന്നത്. ആദ്യ വര്‍ഷം 88,190 കോടി, രണ്ടാം വര്‍ഷം 1,62,422 കോടി, മൂന്നാം വര്‍ഷം 1,79,544 കോടി, നാലാം വര്‍ഷം 1,67,345 കോടി എന്ന കണക്കിലാണ് വില്‍പ്പന.
പുനരുപയോഗ ഊര്‍ജ മേഖലയിലെ പ്രമുഖ കമ്പനിയായ റിന്യു പവര്‍, അമേരിക്കന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത് 100 കോടി ഡോളര്‍ (74,000 കോടി രൂപ) സമാഹരിക്കാനും പദ്ധതിയുണ്ട്. യു എസ് വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ ഇന്ത്യന്‍ റിന്യൂവബ്ള്‍ കമ്പനിയാണ് റിന്യൂ പവര്‍. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബി പി സി എല്‍), ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ റിസര്‍വ് ബേങ്കിന്റെ കരുതല്‍ പണത്തില്‍ നിന്ന് നല്ലൊരു വിഹിതം പല തവണയായി വാങ്ങിക്കുകയും ചെയ്തു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റു കഴിയുമ്പോള്‍ ഇന്ത്യയെ തന്നെ വില്‍ക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
സമസ്ത മേഖലയിലും സ്വയംപര്യാപ്തതയെന്ന അവകാശവാദത്തിലാണ് നേരത്തേ മോദി സര്‍ക്കാര്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗര്‍ പദ്ധതി പ്രഖ്യാപിച്ചത്. ആ പദ്ധതിയെ തകിടം മറിക്കുന്നതാണ് തുടര്‍ച്ചയായുള്ള സര്‍ക്കാറിന്റെ വിറ്റഴിക്കല്‍ പദ്ധതി. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍. സ്വതന്ത്ര്യത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ രാജ്യം ഭരിച്ച ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവര്‍ പൊതുമേഖലയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഏറെ പണിപ്പെട്ടാണ് അവയെ വളര്‍ത്തിയെടുത്തത്. സ്വത്തുക്കള്‍ ഏതാനും സ്വകാര്യ വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നത് തടയണമെന്നതാണ് നമ്മുടെ ഭരണഘടനാ തത്വങ്ങളുടെ അന്തസ്സത്ത. തദടിസ്ഥാനത്തിലാണ് പൊതുമേഖലയില്‍ സ്ഥാപനങ്ങള്‍ ആരംഭിച്ചതും അവയെ ശക്തിപ്പെടുത്തിയതും. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ തരണം ചെയ്യുന്നതില്‍ ഈ മേഖല വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്തടക്കം സാധാരണക്കാരന്റെ ജീവിതത്തില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രസക്തിയും ഇടപെടലും എത്രമാത്രം പ്രാധാന്യമേറിയതാണെന്ന് കൊവിഡ് നമ്മെ ബോധ്യപ്പെടുത്തി. ലോക സാമ്പത്തിക രംഗത്ത് സംഭവിക്കുന്ന മാറ്റങ്ങളും പൊതുമേഖലയുടെ പ്രസക്തിയും സാമൂഹിക ഉത്തരവാദിത്വവും കൂടുതല്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഉത്പാദന രംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്യാന്‍ ഈ മേഖലക്ക് സാധിക്കും. രാജ്യത്തിന്റെ പൊതുമേഖല കാര്യക്ഷമമായിരുന്നെങ്കില്‍ മഹാമാരി രാജ്യത്ത് ഇത്രയേറെ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും അതിന്റെ ലക്ഷ്യമാണ്. പൊതുമേഖലകള്‍ സ്വകാര്യവത്കരിക്കപ്പെടുന്നതോടെ നിരവധി തൊഴില്‍ അവസരങ്ങളാണ് ഒറ്റയടിക്ക് നഷ്ടപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സംവരണ തത്വങ്ങള്‍ പാലിക്കാന്‍ അധികാരികള്‍ ബാധ്യസ്ഥരായിരുന്നു. സ്വകാര്യവത്കരിക്കപ്പെടുന്നതോടെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ കൂടുതല്‍ അവഗണിക്കപ്പെടും.
റാവുവിന്റെ ഭരണകാലത്താണ് സാമ്പത്തിക ഉദാരവത്കരണത്തിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ പ്രവണത ആരംഭിച്ചത്. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ രാജ്യത്തിന് കടുത്ത ബാധ്യത സൃഷ്ടിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയാണ് അവയുടെ വില്‍പ്പനക്ക് അന്ന് തുടക്കം കുറിച്ചത്. എന്നാല്‍ കോടിക്കണക്കിന് രൂപ ഖജനാവിലേക്ക് ലാഭവിഹിതമായും പലതരത്തിലുള്ള നികുതികളായും നല്‍കുന്ന സ്ഥാപനങ്ങളും ഇപ്പോള്‍ നിസ്സാരവിലക്ക് കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുകയാണ്. മോദി സര്‍ക്കാര്‍ വന്നതോടെയാണ് ഇതിനു ഗതിവേഗം വന്നത്. സര്‍ക്കാറിനുള്ള അധീശത്വം നിലനിര്‍ത്താനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ 49 ശതമാനം ഓഹരികളേ വില്‍ക്കൂ എന്നായിരുന്നു ആദ്യമൊക്കെ സ്വീകരിച്ച സമീപനം. ക്രമേണ അത് 51 ആയി. ഇപ്പോള്‍ സമ്പൂര്‍ണമായിത്തന്നെ സ്വകാര്യ കുത്തകകളെ ഏല്‍പ്പിക്കാം എന്നായി. അതും അംബാനി, അദാനി തുടങ്ങി മോദിയുമായി അടുത്ത ബന്ധമുള്ളവരുടെ കരങ്ങളിലാണ് അവ എത്തിച്ചേരുന്നത്. മികച്ച ഭരണത്തിലൂടെയും വിദഗ്ധമായ ആസൂത്രണത്തിലൂടെയുമാണ് രാജ്യം പുരോഗതി കൈവരിച്ചതും പൊതുമേഖല വളര്‍ന്നതും. അത് നല്ല നിലയില്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയുമാണ് ഭരണകര്‍ത്താക്കള്‍ ചെയ്യേണ്ടത്. അതിനു പക്ഷേ ഭരണപരമായ കഴിവും രാജ്യ, ജനക്ഷേമ തത്പരതയും വേണം. വിത്തരി കുത്തി കഞ്ഞി കുടിക്കുന്നത് കഴിവുകേടും ഭരണ പരാജയവുമാണ്.




