Connect with us

Ongoing News

മാതാവിനെ നോക്കുന്നതിന് ഭാര്യ വിസമ്മതിക്കുന്നു; വൃദ്ധമാതാവിനെ അഗതി മന്ദിരത്തിലെത്തിച്ച മകനെതിരെ പോലീസ് അന്വേഷണം

അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

Published

|

Last Updated

പത്തനംതിട്ട | മാതാവിനെ വൃദ്ധസദനത്തിലെത്തിച്ച മകനെതിരെ പോലീസ് അന്വേഷണം. തിരുവനന്തപുരം ജില്ലയില്‍ വട്ടപ്പാറ കല്ലയം, കാരാമൂട് അനിതാ വിലാസത്തില്‍ ആന്റണിയുടെ ഭാര്യ ജ്ഞാനസുന്ദരി(71)യെ അടൂര്‍ മഹാത്മജന സേവന കേന്ദ്രത്തിലെത്തിച്ച മകനെതിരെ ലഭിച്ച പരാതിയിലാണ് അന്വേഷണം. ജൂലൈ 14ന് രാത്രി മിത്രപുരത്തിന് സമീപം വഴിയില്‍ നിന്ന മകന്‍ അജികുമാര്‍ ഇതുവഴിവന്ന പോലീസ് വാഹനത്തിന് കൈ കാണിക്കുകയും തന്റെ പേര് ബിജുവെന്നാണെന്നും അടുത്ത സ്ഥലത്ത് ജോലിയാണെന്നും പറഞ്ഞു. രാത്രി അപകടകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ അജ്ഞാതയായ വൃദ്ധയെ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.

വിവരം അറിഞ്ഞെത്തിയ അടൂര്‍ പോലീസ് ഇയാളെയുംകൂട്ടി വൃദ്ധയെ അടൂര്‍ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. 16ന് പകല്‍ ജ്ഞാനസുന്ദരിയുടെ ഫോണിലേക്ക് ബിജു എന്ന പേരില്‍ അജികുമാര്‍ സംസാരിച്ചു. തുടര്‍ന്ന് അജി മഹാത്മയിലെത്തി. മദ്യപിച്ചെത്തിയ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ജനസേവനകേന്ദ്രം ജീവനക്കാര്‍ ഇയാള്‍ മകനാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പോലീസെത്തി കൂട്ടിക്കൊണ്ടു പോയി.

ചോദ്യം ചെയ്യലില്‍ ജ്ഞാനസുന്ദരിയും മകന്‍ അജികുമാറും ഭാര്യ ലീനയും കൂടി ചേര്‍ന്നാണ് കള്ളക്കഥ ചമച്ചതെന്ന് വ്യക്തമായി. അമ്മയെ സംരക്ഷിക്കാന്‍ ഭാര്യ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ അഗതി മന്ദിരത്തിലെത്തിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അടൂര്‍ പോലിസ് പറഞ്ഞു.