Connect with us

russian invasion and UN

ഇങ്ങനെ യു എന്‍ എന്തിനാണ്?

ഒരു രാജ്യത്തെ ജനതക്കൊന്നാകെ സ്വയം പ്രതിരോധിക്കാന്‍ ആയുധമെടുക്കേണ്ടി വരികയും തന്റെ സമസ്താപരാധങ്ങള്‍ക്കും പ്രതിക്രിയയായി മരണത്തിന് മുന്നില്‍ നില്‍ക്കാന്‍ ദുര്‍ബലനായ ഭരണത്തലവന്‍ തയ്യാറാകുകയും ചെയ്യുമ്പോഴും റഷ്യന്‍ അധിനിവേശത്തെ എന്തുകൊണ്ടാണ് ലോകത്തിന് ഒറ്റക്കെട്ടായി അപലപിക്കാനെങ്കിലും സാധിക്കാത്തത്?

Published

|

Last Updated

രു ന്യായവും നിലനില്‍ക്കില്ല. അധിനിവേശം എന്തൊക്കെ കാരണങ്ങളുണ്ടെങ്കിലും അതിക്രമമാണ്. ദേശ രാഷ്ട്രങ്ങള്‍ നിലനില്‍ക്കുന്നത് അതിര്‍ത്തിയിലാണല്ലോ. അതിര്‍ത്തികള്‍ ഒട്ടും സ്വാഭാവികമല്ലായിരിക്കും. ഒരു പക്ഷേ അനീതി തന്നെയായിരിക്കാം. വംശീയ യാഥാര്‍ഥ്യങ്ങളും ചരിത്രവും ഒന്നും പരിഗണിക്കാതെയാകാം അതിര്‍ത്തി രേഖ വരച്ചിട്ടുള്ളത്. ഒരു സുപ്രഭാതത്തില്‍ മനുഷ്യരെ സ്വദേശികളും വിദേശികളുമായി വേര്‍തിരിക്കുന്നതിന്റെ പേര് കൂടിയാണ് അതിര്‍ത്തി. പക്ഷേ, നിശ്ചയിക്കപ്പെട്ട അതിരുകള്‍ രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. പരസ്പരം അംഗീകരിക്കേണ്ട സത്യം. അധിനിവേശങ്ങള്‍ ഈ സത്യത്തെ നിരാകരിക്കുന്നു. അറബ് മണ്ണില്‍ ഇസ്‌റാഈലിനെ കുടിയിരുത്തിയത് അധിനിവേശമാണ്. അവശേഷിച്ച ഫലസ്തീനിലേക്ക് പോലും നിരന്തരം കടന്നു കയറി അധിനിവേശം തുടരുന്നു. ഭീകരവിരുദ്ധയുദ്ധമെന്ന ന്യായീകരണത്തില്‍ യു എസും നാറ്റോയും നടത്തിയ പടയോട്ടങ്ങളെല്ലാം അധിനിവേശമാണ്. ഇപ്പോള്‍ യുക്രൈനില്‍ നടക്കുന്നത് റഷ്യന്‍ അധിനിവേശമാണെന്ന് പറയുമ്പോള്‍ അത് അമേരിക്കന്‍ പക്ഷം ചേരലല്ല. യുക്രൈനെ തങ്ങളുടെ അധികാരക്കളിയിലെ കരുവാക്കി മാറ്റി ചുടുചോറ് വാരിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്താണിപ്പോള്‍ ചെയ്യുന്നത്? നാറ്റോ സഖ്യം എത്ര ഉത്തരവാദിത്വരഹിതമായാണ് പെരുമാറുന്നത്? ഈ ചോദ്യങ്ങളുയര്‍ത്തുന്നത് റഷ്യയെ പിന്തുണക്കലുമല്ല.

ഒരു രാജ്യത്തെ ജനതക്കൊന്നാകെ സ്വയം പ്രതിരോധിക്കാന്‍ ആയുധമെടുക്കേണ്ടി വരികയും തന്റെ സമസ്താപരാധങ്ങള്‍ക്കും പ്രതിക്രിയയായി മരണത്തിന് മുന്നില്‍ നില്‍ക്കാന്‍ ദുര്‍ബലനായ ഭരണത്തലവന്‍ തയ്യാറാകുകയും ചെയ്യുമ്പോഴും റഷ്യന്‍ അധിനിവേശത്തെ എന്തുകൊണ്ടാണ് ലോകത്തിന് ഒറ്റക്കെട്ടായി അപലപിക്കാനെങ്കിലും സാധിക്കാത്തത്? ഐക്യരാഷ്ട്ര സംഘടനക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്തത് എത്രമാത്രം ലജ്ജാകരമാണ്? യു എന്‍ രക്ഷാ സമിതിയില്‍ വെള്ളിയാഴ്ച നടന്ന വോട്ടിംഗ് ആ സംഘടനയുടെ നിരര്‍ഥകത ഒരിക്കല്‍ കൂടി വിളിച്ചു പറഞ്ഞിരിക്കുന്നു. യു എസും അല്‍ബേനിയയും ചേര്‍ന്നാണ് പ്രമേയം കൊണ്ടുവന്നത്. (അമേരിക്കക്ക് അത്തരമൊരു പ്രമേയം കൊണ്ടുവരാന്‍ എന്ത് യോഗ്യത എന്ന ചോദ്യം പ്രസക്തമാണ്) യുക്രൈനിലെ സംഭവവികാസങ്ങളെ അപലപിക്കുകയായിരുന്നു പ്രമേയത്തിന്റെ ലക്ഷ്യം. യു എന്‍ ഇടപെടണം, നടപടിയെടുക്കണം തുടങ്ങിയ വാക്കുകള്‍ പ്രമേയത്തിലുണ്ടായിരുന്നു. പ്രമേയ കര്‍ത്താക്കള്‍ തന്നെ അതില്‍ വെള്ളം ചേര്‍ത്തു. വെറും അപലപിക്കലില്‍ ഒതുക്കി. 15 അംഗ രക്ഷാ സമിതിയില്‍ 11 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ഇന്ത്യയും യു എ ഇയും ചൈനയും വിട്ടു നിന്നു. റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയത്തിന്റെ കഥ കഴിഞ്ഞു. ഇന്ത്യക്കും യു എ ഇക്കും തങ്ങളുടെ റഷ്യന്‍ പക്ഷപാതം കാണിക്കാന്‍ സാധിച്ചു. റഷ്യക്കൊപ്പം അടിയുറച്ച് നില്‍ക്കുമ്പോഴും ചൈനക്ക് തങ്ങളുടെ വ്യത്യസ്തത പ്രകടിപ്പിക്കാനായി. 11 രാജ്യങ്ങളുടെ ഒറ്റ ബ്ലോക്ക് രൂപപ്പെട്ടു. എല്ലാവരും ചെറു ചിരിയോടെ ഹസ്തദാനം ചെയ്ത് പിരിഞ്ഞു. ഇതിലപ്പുറം എന്തുണ്ടായി? മരണഭയത്താല്‍ പരക്കം പായുന്ന യുക്രൈന്‍ ജനതക്ക് എന്ത് സമാശ്വാസം ലഭിച്ചു? നാളെയെക്കുറിച്ച് എന്ത് പ്രതീക്ഷ സമ്മാനിച്ചു?

യു എന്നിന്റെ പിറവിയില്‍ തന്നെ അതിന്റെ ഭാവി നിര്‍ണയിക്കപ്പെട്ടു കഴിഞ്ഞതാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ജയപരാജയങ്ങളെ അപ്രസക്തമാക്കുന്ന പരിസമാപ്തിയാണ് ഉണ്ടായത്. കൊളോണിയല്‍ യുദ്ധങ്ങളെപ്പോലെയായിരുന്നില്ല, ലോകമഹായുദ്ധം അതിര്‍ത്തി വ്യാപനങ്ങള്‍ക്കോ വിഭവ സമാഹരണത്തിനോ ഒന്നും വഴിവെച്ചില്ല. പകരം കടുത്ത പ്രതിസന്ധിയാണ് ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും ഒരു പോലെ വരുത്തിവെച്ചത്. ഈ പ്രതിസന്ധിയാണ് ഇനിയൊരു യുദ്ധം ഉണ്ടാകരുതെന്ന നിശ്ചയത്തില്‍ വന്‍ ശക്തികളെ എത്തിച്ചത്. എന്നുവെച്ചാല്‍ യുദ്ധവിരാമം ജയിച്ചവരുടെ ആവശ്യമായിരുന്നു. തോറ്റവരുടേത് ആയിരുന്നില്ല. ‘ഇനിയൊരു യുദ്ധം വേണ്ടാ’ എന്ന മുദ്രാവാക്യം ലോകത്തെ കുറിച്ചുള്ള കരുതലില്‍ നിന്ന് ഉണ്ടായതല്ല. ലോകയുദ്ധം ജയിച്ചു നില്‍ക്കുന്നവര്‍ സ്വയം നടത്തിയ കരുതലായിരുന്നു അത്.
സായുധമായ ഏറ്റുമുട്ടല്‍ വേണ്ടെന്നേ അവര്‍ ആഗ്രഹിച്ചുള്ളൂ. സാംസ്‌കാരികവും സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ മറ്റെല്ലാ ഏറ്റുമുട്ടലുകളും തുടരണം. ആയുധക്കച്ചവടത്തിന് യുദ്ധഭീതി നിലനില്‍ക്കുകയും വേണം. അതുകൊണ്ട് പരിമിത അര്‍ഥത്തിലുള്ള യുദ്ധവിരാമമെന്ന അജന്‍ഡ നടപ്പാക്കാന്‍ ഒരു അന്താരാഷ്ട്ര സംഘടന വേണമായിരുന്നു. അതാണ് ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നേഷനായും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഐക്യ രാഷ്ട്ര സംഘടനയായും (യു എന്‍ ഒ) ആവിഷ്‌കരിക്കപ്പെട്ടത്. ജയിച്ചവര്‍ ജയിച്ചവര്‍ക്കായി രൂപവത്കരിച്ച ഒന്നായി അതിനെ കാണാവുന്നതാണ്. അതുകൊണ്ട്, പരിഷ്‌കരണത്തിന് വിധേയമാകാതെ തളം കെട്ടി നില്‍ക്കുന്ന ഒരു സംഘടനയായി യു എന്‍ അധഃപതിച്ചതിന്റെ ചരിത്രം നവ സാമ്രാജ്യത്വത്തിന്റെ ചരിത്രം തന്നെയാണ്.

1945 ല്‍ നിലവില്‍ വന്ന സംഘടനയുടെ അടിസ്ഥാനപ്രമാണമായി യു എന്‍ ചാര്‍ട്ടറില്‍ നാല് ലക്ഷ്യങ്ങളാണ് പറഞ്ഞിട്ടുള്ളത്. അന്തര്‍ദേശീയ സമാധാനവും സുരക്ഷയും സംരക്ഷിക്കുക, രാജ്യങ്ങള്‍ക്കിടയില്‍ പരസ്പര സൗഹാര്‍ദം വര്‍ധിപ്പിക്കുക, സാമൂഹികവും സാമ്പത്തികവും തുടങ്ങി മറ്റെല്ലാ പ്രശ്‌നങ്ങളും അന്തര്‍ദേശീയ സഹകരണത്തോടെ പരിഹരിക്കുക, പൊതുലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ട സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കാനുള്ള കേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നിവയാണ് അവ. ഇതില്‍ ഏത് ലക്ഷ്യമാണ് യു എന്‍ നേടിയിട്ടുള്ളത്? ലക്ഷ്യത്തിലേക്ക് അടുക്കുമ്പോഴെല്ലാം വന്‍ശക്തികളുടെ താത്പര്യങ്ങളില്‍ തട്ടി ആ ഉദ്യമങ്ങള്‍ തകരുകയാണ് ചെയ്യാറുള്ളത്. യു എന്നിന്റെ ഘടന തന്നെയാണ് അടിസ്ഥാനപരമായ പ്രശ്‌നം. യു എന്നിന്റെ നയരൂപവത്കരണ സമിതിയായ രക്ഷാ സമിതിയുടെ ഘടന നോക്കൂ. അഞ്ച് സ്ഥിരാംഗങ്ങളാണ് തുടക്കത്തിലേ രക്ഷാ സമിതിയില്‍ ഉള്ളത്. ഇന്നും അത് വിപുലീകരിക്കാതെ നില്‍ക്കുന്നു. ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവയാണവ. അഞ്ച് പേരും യുദ്ധം ജയിച്ചവര്‍. വന്‍ സാമ്പത്തിക സൈനിക ശക്തികള്‍. ഈ അഞ്ച് സ്ഥിരാംഗങ്ങളും പൊതുസഭയിലെ അംഗങ്ങളുടെ മൂന്നില്‍ രണ്ട് വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പത്ത് താത്കാലിക അംഗങ്ങളും ചേര്‍ന്നതാണ് രക്ഷാസമിതി. രണ്ട് വര്‍ഷമാണ് താത്കാലികാംഗങ്ങളുടെ ഔദ്യോഗിക കാലാവധി. സ്ഥിരാംഗങ്ങളെല്ലാം അനുകൂലിച്ച് വോട്ടുചെയ്താല്‍ മാത്രമേ രക്ഷാസമിതിയില്‍ ഒരു പ്രമേയം പാസ്സാകുകയുള്ളൂ. സ്ഥിരാംഗങ്ങള്‍ക്ക് വീറ്റോ അധികാരമുണ്ട്. എന്നുവെച്ചാല്‍ വന്‍കിട ശക്തികളായ അഞ്ച് രാഷ്ട്രങ്ങളില്‍ ഒന്നിനെങ്കിലും ഹിതകരമല്ലാത്തതാണ് തീരുമാനമെങ്കില്‍ നടപ്പാകില്ലെന്ന് തന്നെ.

രക്ഷാ സമിതി സ്ഥിരാംഗങ്ങളുടെ വീറ്റോ അധികാരം യു എന്നിന് മുകളില്‍ അഞ്ച് സൂപ്പര്‍ അധികാര കേന്ദ്രങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്തത്. പൊതു സഭ ദിവസങ്ങളോളം കുത്തിയിരുന്നു ആലോചിച്ചുറപ്പിച്ച് തയ്യാറാക്കുന്ന പ്രമേയം രക്ഷാ സമിതിയില്‍ എത്തുന്നു. അവിടെ ഏതെങ്കിലും ഒരു രാജ്യം വീറ്റോ ചെയ്യുന്നതിലൂടെ ആ പ്രമേയം നിഷ്ഫലമാകുന്നു. ഇത്രയും നിരര്‍ഥകമായ ഏര്‍പ്പാട് വേറെയുണ്ടോ? അന്താരാഷ്ട്ര സമൂഹമെന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന വന്‍കിടക്കാരുടെ കൂട്ടായ്മ ഇച്ഛിക്കുന്നതിന് അപ്പുറത്തേക്ക് ഒരു ഈച്ചയും പറക്കില്ല എന്നതാണ് സ്ഥിതി.
രക്ഷാ സമിതിയിലെ വീറ്റോ അധികാരം പൊളിച്ചെറിയണമെന്ന ആവശ്യത്തിന് യു എന്നിനോളം തന്നെ പഴക്കമുണ്ട്. ഏറ്റവും ഒടുവില്‍ 2015ല്‍ , യു എന്നിന് എഴുപത് വയസ്സ് തികയുന്ന ഘട്ടത്തില്‍ നൂറ് രാജ്യങ്ങള്‍ ഒപ്പുവെച്ച പ്രസ്താവനയിറങ്ങി. അതില്‍ ബ്രിട്ടനും ഫ്രാന്‍സും ഒപ്പുവെച്ചുവെന്നതും ശ്രദ്ധേയമായി. വംശഹത്യകള്‍, കൂട്ടക്കൊലകള്‍, യുദ്ധക്കുറ്റങ്ങള്‍ തുടങ്ങിയവക്കെതിരെ അവതരിപ്പിക്കുന്ന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യില്ലെന്ന് ഈ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു. അമേരിക്കയും റഷ്യയും ചൈനയും തങ്ങളുടെ താത്പര്യങ്ങള്‍ക്കായി വീറ്റോ അധികാരം പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് കൂടുതലായും വീറ്റോ അധികാരത്തില്‍ പുനര്‍വിചിന്തനം ആവശ്യപ്പെടുന്നത്. ഫലസ്തീന്റെ സ്വാതന്ത്ര്യ പോരാട്ടവുമായി ബന്ധപ്പെട്ട പ്രമേയങ്ങളില്‍ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ചതിന്റെ ചരിത്രം മാത്രം നോക്കിയാല്‍ ഇക്കാര്യം വ്യക്തമാകും.

എപ്പോഴൊക്കെ ഇസ്‌റാഈലിന്റെ കൂട്ടക്കുരുതിക്കെതിരെ യു എന്‍ നിലയുറപ്പിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അമേരിക്ക വീറ്റോ ചെയ്തിട്ടുണ്ട്. അനധികൃത ജൂത കുടിയേറ്റ വിഷയത്തില്‍ ഇസ്‌റാഈലിനെതിരെ കൊണ്ടുവന്ന പ്രമേയം മാത്രമാണ് അപവാദമായി നില്‍ക്കുന്നത്. അന്ന് ഇസ്‌റാഈലിനെതിരായ പ്രമേയം വോട്ടിനിട്ടപ്പോള്‍ അമേരിക്ക വിട്ടു നിന്നു. ബരാക് ഒബാമ സ്ഥാനമൊഴിയാനിരിക്കെയായിരുന്നു അത്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നു പോലും പാലിച്ചില്ലല്ലോ എന്ന കുറ്റബോധത്തില്‍ നിന്ന് ഉത്ഭവിച്ചതായിരുന്നു ആ വിട്ടു നില്‍ക്കല്‍ തീരുമാനം. സിറിയക്കെതിരായ പ്രമേയങ്ങളെ റഷ്യയും നിരവധി തവണ വീറ്റോ ചെയ്തിരുന്നു.

രക്ഷാ സമിതി പ്രമേയം ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങളുടെ താത്പര്യ പൂര്‍ത്തീകരണങ്ങള്‍ നടത്തിയതിന്റെ ഏറ്റവും ക്രൂരമായ ഉദാഹരണമായിരുന്നു ലിബിയ. 2011 മാര്‍ച്ചില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ ‘പ്രമേയം 1973’ന്റെ പിന്‍ബലത്തിലാണ് അമേരിക്കയും കൂട്ടരും ലിബിയയില്‍ കയറി നിരങ്ങിയത്. അന്ന് രക്ഷാസമിതിയില്‍ 10 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ചൈനയും റഷ്യയും അടക്കം അഞ്ച് അംഗങ്ങള്‍ വിട്ട് നിന്നു. ലിബിയയില്‍ ജനാധിപത്യവും സുരക്ഷയും ഉറപ്പാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നായിരുന്നു പ്രമേയത്തിന്റെ താത്പര്യം. സംഭവിച്ചതെന്താണ്? മുഅമ്മര്‍ ഗദ്ദാഫിയെ വകവരുത്തുകയെന്ന അമേരിക്കന്‍ താത്പര്യം പൂര്‍ത്തിയായി. എണ്ണ സമ്പത്ത് കൊള്ളയടിക്കാന്‍ പാകത്തില്‍ ലിബിയ സമ്പൂര്‍ണ അരാജകത്വത്തിലേക്ക് കൂപ്പു കുത്തി. ഇറാഖില്‍ കൂട്ട നശീകരണ ആയുധമുണ്ടെന്ന അമേരിക്കന്‍ റിപോര്‍ട്ട് മാത്രം കണക്കിലെടുത്താണ് അധിനിവേശത്തിന് യു എന്‍ പച്ചക്കൊടി കാണിച്ചത്.

സദ്ദാമിനെ വധിക്കുകയും ശിയാ ഭൂരിപക്ഷ സര്‍ക്കാറിനെ വാഴിക്കുകയും ചെയ്തപ്പോള്‍ ‘ദൗത്യം’ പൂര്‍ത്തിയായി. ഇവിടെ നിന്നാണ് ഇസില്‍ തീവ്രവാദികള്‍ ശക്തി സംഭരിച്ചത്. നിലവിലെ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ നീതിബോധവും വ്യക്തിപരമായ ഇച്ഛാശക്തിയും മ്യാന്‍മറിലും ഉത്തര കൊറിയയിലും മാറ്റുരക്കപ്പെട്ടു. മ്യാന്‍മര്‍ കൂട്ടക്കൊലയെ യു എന്‍ മനുഷ്യാവകാശ ഏജന്‍സിയും അഭയാര്‍ഥി ഏജന്‍സിയും ശക്തമായി അപലപിക്കുന്നുണ്ടെങ്കിലും പ്രശ്‌നത്തിന്റെ മര്‍മം തൊടാന്‍ രക്ഷാസമിതി തയ്യാറായിട്ടില്ല.

അഭയാര്‍ഥികളായെത്തുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളെ സ്വീകരിക്കാന്‍ ബംഗ്ലാദേശടക്കമുള്ള രാജ്യങ്ങള്‍ക്ക് യു എന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. അതിന് സാമ്പത്തിക സഹായവും നല്‍കുന്നു. എന്നാല്‍ ഈ മനുഷ്യര്‍ ഇങ്ങനെ അലയേണ്ടി വരുന്നതിന്റെ അടിസ്ഥാന കാരണം ബുദ്ധമതക്കാരായ ഭീകരവാദികളുടെ ക്രൂരതയാണെന്നും മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പിന്തുണയിലാണ് ഈ വംശഹത്യ നടക്കുന്നതെന്നും ഉച്ചത്തില്‍ പറയാന്‍ യു എന്‍ രക്ഷാസമിതി തയ്യാറായിട്ടില്ല.

യുക്രൈനില്‍ അമേരിക്കന്‍ ചേരി നേരിട്ടിറങ്ങിയേക്കാം. യുദ്ധം വ്യാപിച്ചേക്കാം. മാനവ രാശി കൂടുതല്‍ ദുരന്തങ്ങളിലേക്ക് എറിയപ്പെട്ടേക്കാം. അപ്പോഴും അന്തസ്സുള്ളൊരു പ്രമേയം പോലും പാസ്സാക്കാനാകാതെ യു എന്‍ വിറങ്ങലിച്ച് നില്‍ക്കും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest