National
ബിഹാര്‍: എന്‍ ഡി എ വീണ്ടും അധികാരത്തിലേക്ക്; കാലിടറി ഇന്ത്യാ സഖ്യം
201 സീറ്റില്‍ മുന്നേറി എന്‍ ഡി എ. 36 സീറ്റുകളില്‍ മാത്രമാണ് ഇന്ത്യാ സഖ്യത്തിന് ലീഡുള്ളത്. ബി ജെ പി ഒറ്റക്ക് 43 സീറ്റില്‍ വിജയിച്ചു. 44 സീറ്റില്‍ മുന്നേറ്റം തുടരുന്നു.
പട്‌ന | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കവേ 201 സീറ്റില്‍ മുന്നേറി എന്‍ ഡി എ. 36 സീറ്റുകളില്‍ മാത്രമാണ് ഇന്ത്യാ സഖ്യത്തിന് ലീഡുള്ളത്. ബി ജെ പി ഒറ്റക്ക് 43 സീറ്റില്‍ വിജയിച്ചു. 44 സീറ്റില്‍ മുന്നേറ്റം തുടരുന്നു.
ജനതാദള്‍ യുനൈറ്റഡ് (ജെ ഡി (യു)) 28 സീറ്റില്‍ വിജയിച്ചപ്പോള്‍ 55 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. രാഷ്ട്രീയ ജനതാ ദള്‍ ( ആര്‍ ജെ ഡി) ആറ് സീറ്റ് നേടി. 19ല്‍ മുന്നേറുന്നു. കോണ്‍ഗ്രസ്സിന് ഒരു സീറ്റ് മാത്രമാണ് ഇതുവരെ നേടാനായത്. അഞ്ച് സീറ്റില്‍ മുന്നിലാണ്. ഇടത് കക്ഷികളായ സി പി ഐ (എം എല്‍), സി പി എം എന്നിവ ഓരോ സീറ്റില്‍ വിജയിച്ചു. ഇരു പാര്‍ട്ടികള്‍ക്കും ഓരോ സീറ്റില്‍ വീതം ലീഡുണ്ട്.
സംസ്ഥാനത്തെ 46 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ബി ജെ പി ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്ന ഒറ്റക്കക്ഷിയാകും. ലീഡ് നിലയില്‍ എന്‍ ഡി എ നേരത്തെത്തന്നെ കേവല ഭൂരിപക്ഷം പിന്നിട്ടിരുന്നു. മഹുവ മണ്ഡലത്തില്‍ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് മുന്നിലാണ്. ഇന്ത്യ സഖ്യത്തിന്റെ ഉപമുഖ്യമന്ത്രി സ്ഥാനാര്‍ഥി മുകേഷ് സാഹ്നിക്കും പാര്‍ട്ടിക്കും തിരിച്ചടി നേരിടുകയാണ്. എന്‍ ഡി എയുടെ ഭാഗമായ ചിരാഗ് പാസ്വാനും നേട്ടമുണ്ടാക്കാനായില്ല. അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) നാല് സീറ്റില്‍ വിജയിച്ചപ്പോള്‍ ഒരിടത്ത് മുന്നിലാണ്.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ റെക്കോര്‍ഡ് പോളിങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 71 ശതമാനം സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. 1951ന് ശേഷം സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങാണ് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ക്രമസമാധാനം കണക്കിലെടുത്ത് പാട്ന ജില്ലയില്‍ ഈ മാസം 16 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ 122 സീറ്റുകള്‍ നേടിയാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനാകും.



