Connect with us

himachal pradesh election

ഹിമാചല്‍ പ്രദേശ് ആരെ അധികാരത്തിലേറ്റും?

സംസ്ഥാനത്ത് 25 ശതമാനത്തിലധികം ദളിതരുമുണ്ട്. അതേസമയം ദളിതര്‍ സംഘടിതരല്ല എന്നതാണ് പ്രശ്‌നം. ജനസംഖ്യയുടെ ഗണ്യമായ അനുപാതം ഉള്‍ക്കൊള്ളുന്ന ദളിത് വോട്ടുകള്‍ എങ്ങോട്ട് ചായുന്നു എന്നതിനെ ആശ്രയിച്ചിട്ടും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. ആപ്പ് പഞ്ചാബ് മോഡല്‍ മുന്നേറ്റം ഉണ്ടാക്കിയാല്‍ തന്നെ അത് പ്രതിപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും ഫലത്തില്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലേക്ക് നയിക്കുന്നതിലുമാകും കലാശിക്കുക.

Published

|

Last Updated

ടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. സംസ്ഥാനം രൂപവത്കൃതമായത് മുതല്‍ കാല്‍ നൂറ്റാണ്ട് കാലം കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരായിരുന്നു സംസ്ഥാനം ഭരിച്ചത്. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന 1977ലെ അസംബ്ലി തിരഞ്ഞെടുപ്പാണ് കോണ്‍ഗ്രസ്സിന്റെ അടിത്തറ ഇളക്കിയത്. അന്ന് ഇന്ത്യയിലാകെ വലിയ ഓളമുണ്ടാക്കിയ ജയപ്രകാശ് നാരായണന്റെ ജനതാ പാര്‍ട്ടിയാണ് ആദ്യമായി കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ പിന്നീടങ്ങോട്ട് മൂന്നര പതിറ്റാണ്ട് കാലമായി നാളിതുവരെ ഒരു സര്‍ക്കാറിനും ഹിമാചലില്‍ ഭരണത്തുടര്‍ച്ച ലഭിച്ചിട്ടില്ല. ജനതാ പാര്‍ട്ടിയുടെ തകര്‍ച്ചക്ക് ശേഷം സംസ്ഥാനത്ത് വേരുറപ്പിച്ച ബി ജെ പിയാണ് കോണ്‍ഗ്രസ്സിനൊപ്പം തിരഞ്ഞെടുപ്പ് രംഗത്ത് എപ്പോഴും ഒപ്പത്തിനൊപ്പം നിന്നത്. അതേ ട്രെന്‍ഡ് തന്നെയാണ് ഇപ്പോഴും സംസ്ഥാനത്ത് നിലനില്‍ക്കുന്നതും. എന്നാല്‍ ആ പതിവ് ഇത്തവണ മാറ്റി എഴുതും എന്ന ആത്മവിശ്വാസത്തിലാണ് ബി ജെ പി. ഉത്തരാഖണ്ഡിലെയും ഉത്തര്‍ പ്രദേശിലെയും ചരിത്ര വിജയങ്ങള്‍ ബി ജെ പിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിനെ കൂടാതെ ആം ആദ്മി പാര്‍ട്ടി കൂടി തിരഞ്ഞെടുപ്പ് രംഗത്തേക്ക് പ്രവേശിച്ചതോടെ സംസ്ഥാനത്ത് ഒരു ത്രികോണ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.

നിലവില്‍ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ ബി ജെ പിക്ക് 45 എം എല്‍ എമാരും കോണ്‍ഗ്രസ്സിന് 22 പേരും സി പി എമ്മിന് ഒരു എം എല്‍ എ വീതവുമാണുള്ളത്. എന്നാല്‍ 2021 ഒക്ടോബര്‍ 30ന് നടന്ന അവസാന ഉപതിരഞ്ഞെടുപ്പില്‍ മാണ്ഡി ലോക്സഭാ സീറ്റും ജുബ്ബല്‍-കോട്ഖായ് അസംബ്ലി സീറ്റും ബി ജെ പിയില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ രണ്ട് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ്സ് നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഇതില്‍ മാണ്ഡി ലോക്‌സഭാ സീറ്റ്, 2019ല്‍ ബി ജെ പിക്ക് നാല് ലക്ഷത്തിന്റെ ഭൂരിപക്ഷം നല്‍കിയ മണ്ഡലമായിരുന്നു. ഇത് ഭരണവിരുദ്ധ വികാരം ശക്തമാണെന്നതിന്റെ തെളിവായി കോണ്‍ഗ്രസ്സും ഉയര്‍ത്തി കാണിക്കുന്നുണ്ട്. അതേസമയംകോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഭരണവിരുദ്ധ വികാരം പോലും തങ്ങള്‍ക്കനുകൂലമാക്കാനുള്ള സംഘടനാപരമായ ശേഷിയില്ല എന്നത് വലിയ വെല്ലുവിളിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നേരിടുന്ന പോലെ തന്നെ കൂറുമാറ്റവും നേതൃത്വ പ്രതിസന്ധിയും ഹിമാചലിലും കോണ്‍ഗ്രസ്സിന് വലിയ പ്രശ്‌നമായി മുന്നിലുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന് പകരക്കാരനായി ഉയര്‍ത്തി കാണിക്കാന്‍ പാകമായ ഒരു നേതാവ് പോലും ഇപ്പോള്‍ കോണ്‍ഗ്രസ്സിനില്ല. ആറ് തവണ മുഖ്യമന്ത്രിയായ വലിയ ജനപ്രീതിയുള്ള നേതാവായിരുന്നു സിംഗ്. സിംഗിന്റെ നേതൃത്വത്തിലാണ് ഏറെക്കാലം കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പുകളെ നേരിട്ടത്. അതുകൊണ്ട് തന്നെ സിംഗിന് പകരക്കാരനെ കണ്ടെത്തുക എന്നതും വലിയ വെല്ലുവിളിയാണ്. മാത്രമല്ല തിരഞ്ഞെടുപ്പ് അടുത്തതോടെ ബി ജെ പിയിലേക്കുള്ള നേതാക്കളുടെ കൂറുമാറ്റവും സജീവമാണ്. കോണ്‍ഗ്രസ്സ് എം എല്‍ എമാരായ പവന്‍ കുമാര്‍ കാജലും ലഖ്വീന്ദര്‍ സിംഗ് റാണയും കഴിഞ്ഞ ആഗസ്റ്റില്‍ ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റിയുടെ തലവനായിരുന്നു കാജല്‍.

സെപ്തംബറില്‍ സംസ്ഥാന കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് പ്രസിഡന്റും മുന്‍ ക്യാബിനറ്റ് മന്ത്രിയുമായ ഹര്‍ഷ് മഹാജനും ബി ജെ പിയിലേക്ക് പോകുകയുണ്ടായി. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ മുതിര്‍ന്ന നേതാക്കളുടെ തുടര്‍ച്ചയായ ഈ കൂടുമാറ്റങ്ങള്‍ കോണ്‍ഗ്രസ്സ് ക്യാമ്പിലെ ആവേശം ചോര്‍ത്തുന്നുണ്ട്. എന്നാല്‍ ഉപതിരഞ്ഞെടുപ്പ് ട്രെന്‍ഡിലെ പ്രതീക്ഷയില്‍ കോണ്‍ഗ്രസ്സിലേക്കും നേതാക്കളുടെ കടന്നു വരവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ബി ജെ പിയുടെ ഹിമാചല്‍ പ്രദേശ് പാര്‍ട്ടി മുന്‍ മേധാവി ഖിമി റാം, എ എ പി മുന്‍ ഹിമാചല്‍ പ്രദേശ് പ്രസിഡന്റ് നിക്ക പട്യാല്‍, എ എ പിയുടെ ഹിമാചല്‍ പ്രദേശ് ഘടകത്തിന്റെ വൈസ് പ്രസിഡന്റ് എസ് എസ് ജോഗത എന്നിവര്‍ കോണ്‍ഗ്രസ്സിലും ചേര്‍ന്നിരുന്നു. എന്നിരുന്നാലും മുന്‍ പി സി സി അധ്യക്ഷന്‍ കുല്‍ദീപ് റത്തോഡുംകോണ്‍ഗ്രസ്സ് ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവ് മുകേഷ് അഗ്‌നിഹോത്രിയും തമ്മിലുള്ള ഗ്രൂപ്പ് കളി ഇപ്പോഴും അവസാനിച്ചിട്ടില്ല. വിഭാഗീയത ഒഴിവാക്കാന്‍ റത്തോഡിനെ എ ഐ സി സി വക്താവായി നിയമിക്കുകയായിരുന്നു. ഈ വിഭാഗീയതയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതില്‍ നിന്ന് വരെ കോണ്‍ഗ്രസ്സിനെ തടഞ്ഞിരിക്കുന്നത്.

അതേസമയം, തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ നയിക്കുന്നത് നിലവിലെ മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ തന്നെയാണ്. ഉത്തര്‍ പ്രദേശിന് സമാനമായ ജനസമ്പര്‍ക്ക പരിപാടികളിലൂടെയാണ് ബി ജെ പി പ്രചാരണം കൊഴുപ്പിക്കുന്നത്. ബൂത്ത് തലത്തിലേക്ക് നേതാക്കള്‍ ഇറങ്ങിച്ചെന്ന് ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തിയാണ് ബി ജെ പി മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 15 ദിവസത്തിനിടെ രണ്ടാം സന്ദര്‍ശനത്തിനായി വ്യാഴാഴ്ച ഹിമാചലില്‍ എത്തിയ മോദി 3,000 കിലോമീറ്ററിലധികം വരുന്ന പി എം ജി എസ് വൈ റോഡ് പദ്ധതികളാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ മണ്ഡലങ്ങളിലായി സംസ്ഥാനത്ത് 4,000 കോടിയിലധികം രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഉന, ഹമിര്‍പൂര്‍, കാന്‍ഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ 1,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കഴിഞ്ഞ വാരത്തില്‍ മാത്രം അനുമതി നല്‍കി. ഇതില്‍ 300 കോടിയിലധികം മൂല്യമുള്ള പദ്ധതികള്‍ ഫലത്തില്‍ ഇപ്പോള്‍ തന്നെ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. വന്‍ വികസന പദ്ധതികള്‍ക്കൊപ്പം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെക്കുന്ന രാമക്ഷേത്രം, കശ്മീര്‍ അടക്കമുള്ള വൈകാരിക വിഷയങ്ങളും ബി ജെ പി പ്രചാരണ രംഗത്ത് നന്നായി ഉപയോഗിക്കുന്നുണ്ട്.

പഞ്ചാബില്‍ അധികാരം പിടിച്ച തന്ത്രം തന്നെയാണ് ആം ആദ്മി ഹിമാചലിലും പരീക്ഷിക്കുന്നത്. ജനങ്ങളെ ആകര്‍ഷിക്കാന്‍ വലിയ സൗജന്യങ്ങളാണ് തിരഞ്ഞെടുപ്പ് പത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. 300 യൂനിറ്റ് സൗജന്യ വൈദ്യുതി, ആറ് ലക്ഷം തൊഴില്‍, 3,000 രൂപ തൊഴിലില്ലായ്മ വേതനം, എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസ അലവന്‍സായി 1,000 രൂപ, ഡല്‍ഹിക്ക് സമാനമായ മൊഹല്ല ക്ലിനിക്കുകളില്‍ സൗജന്യ ആരോഗ്യ പരിരക്ഷ, പത്താം ക്ലാസ്സ് വരെ എല്ലാവര്‍ക്കും സൗജന്യ വിദ്യാഭ്യാസം തുടങ്ങിയ വലിയ സൗജന്യ പെരുമഴയാണ് ആപ്പ് പ്രകടന പത്രികയില്‍ പറയുന്നത്. അതേ സമയം ഇതിന് സമാനമായ വാഗ്ദാനങ്ങള്‍ തന്നെ നല്‍കി കോണ്‍ഗ്രസ്സും ആപ്പിനൊപ്പം നില്‍ക്കുന്നുണ്ട്. ആരോഗ്യ പരിരക്ഷക്കായി മൊബൈല്‍ ക്ലിനിക്കുകള്‍, 18-60 വയസ്സിനിടയിലുള്ള സ്ത്രീകള്‍ക്ക് 1,500 രൂപയുടെ അലവന്‍സ്, യുവതീ-യുവാക്കള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ പലിശ രഹിത വായ്പ തുടങ്ങിയവ കോണ്‍ഗ്രസ്സും വാഗ്ദാനം ചെയ്യുന്നുണ്ട്.

ജാതി സമവാക്യങ്ങള്‍ക്കും വലിയ വളക്കൂറുള്ള സംസ്ഥാനമാണ് ഹിമാചല്‍. ജനസംഖ്യയില്‍ പകുതിയിലധികം രജപുത്രരും ബ്രാഹ്‌മണരുമാണ്. രജപുത്രര്‍ 33 ശതമാനവും ബ്രാഹ്‌മണര്‍ 18 ശതമാനവുമുണ്ട്. ആദ്യത്തെ കോണ്‍ഗ്രസ്സ് ഇതര മുഖ്യമന്ത്രിയായ ശാന്ത കുമാര്‍ ഒഴികെയുള്ള എല്ലാ മുഖ്യമന്ത്രിമാരും രജപുത്രരായിരുന്നു. സംസ്ഥാനത്ത് 25 ശതമാനത്തിലധികം ദളിതരുമുണ്ട്. അതേസമയം ദളിതര്‍ സംഘടിതരല്ല എന്നതാണ് പ്രശ്‌നം. ജനസംഖ്യയുടെ ഗണ്യമായ അനുപാതം ഉള്‍ക്കൊള്ളുന്ന ദളിത് വോട്ടുകള്‍ എങ്ങോട്ട് ചായുന്നു എന്നതിനെ അപേക്ഷിച്ചാകും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം. എ എ പിയും ഈ രജപുത്ര വോട്ട് ബേങ്ക് ലക്ഷ്യം വെച്ചാണ് നേതാക്കളെ തീരുമാനിച്ചിരിക്കുന്നത് എന്നത് ജാതി പേരുകള്‍ എത്രമാത്രം വോട്ടിനെ സ്വാധീനിക്കുന്നു എന്നതിന്റെ സാക്ഷ്യമാണ്. സംസ്ഥാനത്ത് സവര്‍ണ വോട്ടിലെ വലിയ ഭൂരിപക്ഷം ഇത്തവണ ബി ജെ പി പെട്ടിയിലാക്കാനാണ് സാധ്യത. സവര്‍ണ പ്രീണനം ലക്ഷ്യം വെച്ച് രൂപവത്കരിച്ച കമ്മീഷനും ഭൂരിപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസ്സില്‍ നിന്ന് പൂര്‍ണമായും അടര്‍ത്തി എടുക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്. അതേസമയം കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകളും നേരിയ തോതില്‍ ബി ജെ പിയുടെ പെട്ടിയില്‍ വീണിട്ടുണ്ട്. ഈ വോട്ടുകള്‍ തിരിച്ചു കൊണ്ടു വരാനും ദളിത് വോട്ടുകള്‍ ഏകീകരിക്കാനും കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സിന് നില മെച്ചപ്പെടുത്താനാകും. നിലവില്‍ അധികാരം പിടിക്കാനുള്ള വോട്ട് ബേങ്കോ സംഘടനാ ശേഷിയോ ആപ്പിനില്ല. എന്നാല്‍ ആപ്പ് പഞ്ചാബ് മോഡല്‍ ഒരു മുന്നേറ്റം ഉണ്ടാക്കിയാല്‍ തന്നെ അത് പ്രതിപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുന്നതിലും ഫലത്തില്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലേക്ക് നയിക്കുന്നതിലുമാകും കലാശിക്കുക.

---- facebook comment plugin here -----

Latest