Kerala
ആരാകും കായല്‍ രാജാക്കന്മാര്‍?; ബിയ്യം കായലില്‍ ജലോത്സവം ഇന്ന്
ഇന്ന് രണ്ടിന് ആരംഭിച്ച് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.
പൊന്നാനി | രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ഓളപ്പരപ്പുകളെ ആവേശം കൊള്ളിച്ച് അവിട്ടം നാളില്‍ ബിയ്യം കായലിലൂടെ വള്ളങ്ങള്‍ കുതിക്കും. ആരാണ് കായലോളങ്ങളിലെ രാജാക്കന്മാരാകുന്നതെന്നറിയാന്‍ വീറും വാശിയും തുടിക്കുന്ന മത്സരത്തിനായി കാത്തിരിക്കുകയാണ് ബിയ്യം കായലോരം. ഇന്ന് ഉച്ചക്ക് രണ്ടിന് ആരംഭിച്ച് അഞ്ചരയോടെ അവസാനിക്കുന്ന തരത്തിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. നിലവിലെ വള്ളംകളി പവലിയന്‍ തകര്‍ച്ചാവസ്ഥയിലായതിനാല്‍ ഇത്തവണ സമാന്തരമായി താത്കാലിക പവലിയന്‍ നിര്‍മിച്ചാണ് മത്സരം നടത്തുന്നത്. അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് മത്സരം കാണാന്‍ ബിയ്യം കായലോരത്തെത്താറുള്ളത്.
വിദഗ്ധരായ തുഴച്ചില്‍ക്കാരുടെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ ശേഷമാണ് വിവിധ ക്ലബുകള്‍ മത്സരത്തിനിറങ്ങുന്നത്. പടിഞ്ഞാറേക്കര, കടവനാട്, പുളിക്കകടവ്, പുറങ്, എരിക്കമണ്ണ, പുഴമ്പ്രം എന്നിവിടങ്ങളില്‍ നിന്നായി 10 മേജര്‍ വള്ളങ്ങളും 14 മൈനര്‍ വള്ളങ്ങളുമാണ് ഇത്തവണ മത്സരത്തിനുള്ളത്. മേജര്‍ വള്ളത്തില്‍ 21 പേരും മൈനറില്‍ 12 പേരുമാണ് തുഴയെറിയുക. ആലപ്പുഴ, കോട്ടയം, പറവൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇത്തവണ തുഴച്ചിലുകാരെ എത്തിച്ചിട്ടുള്ളത്.
ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് കായലില്‍ വള്ളംകളി നടത്തുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായ രണ്ടുവര്‍ഷം വള്ളംകളി ഉപേക്ഷിച്ചിരുന്നു. മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പി നന്ദകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി, കെ ടി ജലീല്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ റഫീഖ, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സിന്ധു സംബന്ധിക്കും.




