Connect with us

National

രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്ന് പ്രഖ്യാപിക്കാന്‍ അമിത് ഷാ ആരാണ്, പൂജാരിയോ?; ചോദ്യവുമായി കോണ്‍ഗ്രസ്

നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിര്‍ത്തുക, ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുക എന്നിവയാണ് നിങ്ങളുടെ ജോലി

Published

|

Last Updated

ന്യൂഡല്‍ഹി  | രാമക്ഷേത്രം അടുത്ത വര്‍ഷം തുറക്കുമെന്ന് പ്രഖ്യാപിക്കാന്‍ അമിത് ഷാ ആരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ക്ഷേത്രം തുറക്കുന്ന കാര്യം ക്ഷേത്ര ഭാരവാഹികള്‍ നോക്കുമെന്നും രാജ്യസുരക്ഷ ഉറപ്പിക്കലാണ് ആഭ്യന്തര മന്ത്രിയുടെ ജോലിയെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

2024 ജനുവരി ഒന്നിന് രാമക്ഷേത്രം തുറക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.. രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ത്രിപുരയിലെ രഥയാത്രയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ഖാര്‍ഗെ രംഗത്തെത്തിയത്.

നിങ്ങളാണോ രാമക്ഷേത്രത്തിന്റെ പൂജാരി. നിങ്ങളാണോ രാമക്ഷേത്രത്തിന്റെ മഹന്ത്. ക്ഷേത്രഭാരവാഹികള്‍ അതിനെക്കുറിച്ച് സംസാരിക്കട്ടെ. ക്ഷേത്രം തുറക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ നിങ്ങള്‍ ആരാണ് നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനാണ്. രാജ്യം സുരക്ഷിതമാക്കുക, ക്രമസമാധാനം നിലനിര്‍ത്തുക, ജനങ്ങള്‍ക്ക് ഭക്ഷണം ഉറപ്പാക്കുക, കര്‍ഷകര്‍ക്ക് മതിയായ വില നല്‍കുക എന്നിവയാണ് നിങ്ങളുടെ ജോലി- ഖാര്‍ഗെ കേന്ദ്രമന്ത്രിക്കെതിരെ ആഞ്ഞടിച്ചു.

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും നടന്നില്ല. വിളകള്‍ക്ക് താങ്ങുവില വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അത് സംഭവിച്ചോ- ഖാര്‍ഗെ ചോദിച്ചു.

 

Latest