Connect with us

Siraj Article

കൊളീജിയം കോടാലിക്കൈയാകുമ്പോള്‍

ഹൈക്കോടതി ജഡ്ജിമാരെ തുടരെ സ്ഥലം മാറ്റുമ്പോള്‍ ഉദാത്തമായ നീതി നിര്‍വഹണത്തിന്റെ തുടര്‍ച്ചകള്‍ക്കാണ് ഭംഗം സംഭവിക്കുന്നത്. അതിന് കോടാലിക്കൈയാകുന്നത് സുപ്രീം കോടതി കൊളീജിയം തന്നെയാകുന്നത് ഏറെ ഗുരുതരമാണ്. ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ ഇടപെടലുകളും ദുഷ്ടലാക്കും തിരിച്ചറിഞ്ഞ് വേണം പരമോന്നത നീതിപീഠം ഭരണഘടനാദത്തമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍

Published

|

Last Updated

‘പ്രാദേശികമായി നോക്കുമ്പോള്‍ ഒരിടത്ത് ലഭ്യമല്ലാത്ത പ്രഗത്ഭരായ ന്യായാധിപരുടെ സേവനത്തിന് ഒരു ഹൈക്കോടതി ജഡ്ജിയെ മറ്റൊരു ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റേണ്ടി വരും. അതുപോലെ പ്രാദേശിക രാഷ്ട്രീയം ബാധിക്കാത്ത ഒരു പുതിയ ചീഫ് ജസ്റ്റീസിനെ ലഭിക്കാന്‍ ഇറക്കുമതി ചെയ്യേണ്ടതായും വരും’ എന്ന് പറഞ്ഞത് ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറാണ്. ഹൈക്കോടതികളിലെ ന്യായാധിപരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരത്തെ പരാമര്‍ശിക്കുന്ന ഭരണഘടനയുടെ 222ാം അനുഛേദത്തെ പ്രതി ഭരണഘടനാ അസംബ്ലിയിലാണ് അദ്ദേഹം ഈ വിശദീകരണം നടത്തിയത്. ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനുള്ള അധികാരം ഇപ്പോള്‍ സുപ്രീം കോടതി കൊളീജിയത്തില്‍ നിക്ഷിപ്തമായിരിക്കുമ്പോഴും അതിന്റെ ഗുണാത്മകതയും ഭരണഘടനാപരതയും എന്തെന്നതാണ് മേല്‍ പ്രസ്താവനയുടെ പൊരുള്‍.
ജുഡീഷ്യറിയുടെ കാര്യക്ഷമതയും സുതാര്യതയുമാണ് അവ്വിധമൊരു ഭരണഘടനാ വകുപ്പ് ഉള്‍പ്പെടുത്തിയതിന് പിന്നിലെ താത്പര്യം. എന്നാല്‍ പലപ്പോഴും ശക്തി ദൗര്‍ബല്യം സംഭവിച്ചുകൊണ്ടിരിക്കുന്ന നീതിന്യായ സംവിധാനത്തെ രക്ഷിക്കാനുള്ള ശ്രമമല്ല സ്ഥലം മാറ്റത്തിലൂടെ നമ്മുടെ പരമോന്നത നീതിപീഠം തന്നെ നടത്തുന്നത്. പ്രത്യുത ഭരണഘടനയും ഉറച്ച നീതിബോധവും കൈമുതലാക്കി നീതിനിര്‍വഹണം നടത്തുന്ന ന്യായാധിപരെ ശിക്ഷിക്കാനുള്ള ഭരണകൂട ഇംഗിതങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ് സുപ്രീം കോടതി കൊളീജിയം ചെയ്യുന്നത്.

സെപ്തംബര്‍ 16ലെ സുപ്രീം കോടതി കൊളീജിയം തീരുമാനമായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ സഞ്ജീബ് ബാനര്‍ജിയെ രണ്ട് ന്യായാധിപര്‍ മാത്രമുള്ള, ആരാരുമറിയാത്ത മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുക എന്നത്. എന്നാല്‍ പ്രസ്തുത തീരുമാനം കൊളീജിയത്തിന്റെ മറ്റു നാമനിര്‍ദേശങ്ങള്‍ പോലെ വൈകാതെ പുറത്തുവന്നില്ല എന്നതില്‍ തന്നെ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം ചിലത് ഒളിപ്പിക്കാനുള്ള ശ്രമം നടത്തി എന്ന വിമര്‍ശം ഉണ്ടായി. നവംബര്‍ ഒമ്പതിനാണ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയെ സ്ഥലം മാറ്റുന്നതിനുള്ള ശിപാര്‍ശ സുപ്രീം കോടതി കൊളീജിയം പുറത്തുവിടുന്നത്.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിരുത്തരവാദ സമീപനങ്ങള്‍ക്കെതിരെ രാജ്യത്തെ ചരിത്ര പാരമ്പര്യമുള്ള ഹൈക്കോടതികളിലൊന്നിന്റെ മുഖ്യ ന്യായാധിപ പദവിയിലിരുന്നുകൊണ്ട് ശക്തമായ പ്രതികരണങ്ങള്‍ നടത്തിയ ന്യായാധിപനാണ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി. ഭരണകൂടത്തെ വിറപ്പിക്കുന്ന ഉത്തരവുകളാണ് അദ്ദേഹം പുറപ്പെടുവിച്ചത്. അതുവഴി കേന്ദ്ര സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ സഞ്ജീബ് ബാനര്‍ജിയെ മേഘാലയ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുന്നതിന് കൊളീജിയമെടുത്ത തീരുമാനം ദുരുപദിഷ്്ടിതമാണ് എന്നാണ് ഉയരുന്ന വിമര്‍ശം. സുപ്രീം കോടതി കൊളീജിയം തീരുമാനത്തിനെതിരെ നിയമ രംഗത്ത് നിന്ന് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. മദ്രാസ് ഹൈക്കോടതിയിലെ 200ല്‍ പരം അഭിഭാഷകര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും മറ്റു കൊളീജിയം അംഗങ്ങള്‍ക്കും പ്രതിഷേധം അറിയിച്ചുകൊണ്ട് കത്തയച്ചതാണതില്‍ ശ്രദ്ധേയം. വിവാദ സ്ഥലം മാറ്റത്തിന്റെ കാരണം അറിയാന്‍ ബാറിനും പൊതു സമൂഹത്തിനും അവകാശമുണ്ടെന്ന് കത്തില്‍ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി.

സുപ്രീം കോടതി കൊളീജിയം ഹൈക്കോടതി ജഡ്ജിമാരെ കാരണം വെളിപ്പെടുത്താതെ നിരന്തരം സ്ഥലം മാറ്റുന്നത് ഭരണഘടന മുന്നോട്ടുവെക്കുന്ന ഏതെങ്കിലും താത്പര്യത്താലാണെന്ന് കരുതാനാകില്ല. അങ്ങനെയെങ്കില്‍ സ്ഥലം മാറ്റത്തിന്റെ നിദാനമെന്തെന്ന് കൊളീജിയത്തിന് വ്യക്തമാക്കാം. സുപ്രീം കോടതി കൊളീജിയത്തിന്റെ ഇത്തരം നടപടികള്‍ ഭരണഘടനാ കോടതികളായ ഹൈക്കോടതികളുടെ പ്രതാപത്തിന് ഇടിവ് വരുത്തുന്നതും നീതിന്യായ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുന്നതുമാണ്.

ഭരണഘടന പ്രകാരം ഹൈക്കോടതികള്‍ സുപ്രീം കോടതിയുടെ കീഴ്ത്തരമല്ല. ഹൈക്കോടതികള്‍ അവയുടെ അധികാര പരിധിക്കുള്ളില്‍ സുപ്രീം കോടതിയോട് തുല്യമാണ്. സുപ്രീം കോടതിയുടെ മുന്‍ വിധികളും റൂളിംഗുകളും പാലിക്കണമെന്ന് മാത്രം. എന്നാല്‍ തങ്ങളുടെ കീഴ്ത്തരത്തിലുള്ളത് എന്ന ലാഘവ ബുദ്ധിയോടെയാണ് ഹൈക്കോടതികളിലെ ന്യായാധിപ നിയമനങ്ങളില്‍ പലപ്പോഴും സുപ്രീം കോടതി കൊളീജിയം സ്വീകരിക്കുന്ന സമീപനം. അതത്രെ കാരണം പോലും ബോധിപ്പിക്കേണ്ടാത്ത വിധം ന്യായാധിപ സ്ഥലം മാറ്റങ്ങളില്‍ സുതാര്യമല്ലാത്ത ഇടപെടലുകള്‍ കൊളീജിയത്തിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ ഇടയാക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ആഖില്‍ ഖുറേഷിയുടെ കാര്യത്തിലും ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജിയുടെ കാര്യത്തിലെടുത്തതിന് സമാനമായ നിലപാട് സുപ്രീം കോടതി കൊളീജിയം സ്വീകരിച്ചിരുന്നു. സ്ഥലം മാറ്റത്തിന്റെ ഹേതുവെന്തെന്ന് കൊളീജിയം വ്യക്തമാക്കാതിരിക്കുമ്പോള്‍ അത് നീതിന്യായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന സുതാര്യമല്ലാത്ത നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ സുപ്രീം കോടതിയുടെ വിശ്വാസ്യത തകര്‍ക്കുകയും ചെയ്യുന്നു.

ന്യായാധിപര്‍ക്ക് സ്വതന്ത്രവും ഭയരഹിതവുമായി പ്രവര്‍ത്തിക്കാന്‍ വേണ്ട വിധമുള്ള വാഗ്ദാനങ്ങള്‍ നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അങ്ങനെയിരിക്കെ ജഡ്ജിമാരെ തോന്നിയ പടി സ്ഥലം മാറ്റുമ്പോള്‍ അത് ഭരണഘടനാ വിരുദ്ധമാകുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക സ്വഭാവത്തിന്റെ ഭാഗമായ കോ-ഓപറേറ്റീവ് ഫെഡറലിസത്തിന് നിരക്കാത്ത നടപടിയാണത്.

നിയമ വ്യവഹാരം നടത്തുന്നതിനുള്ള പണച്ചെലവും ഭൂമിശാസ്ത്രപരമായ അസൗകര്യവും സുപ്രീം കോടതിയെ താരതമ്യേനെ സാധാരണ പൗരന്‍മാര്‍ക്ക് അപ്രാപ്യമാക്കുന്നുണ്ട്. അന്തിമ വിധിയെന്നോണം പൊതുജനം കൂടുതലായി ആശ്രയിക്കുന്നത് ഹൈക്കോടതികളെയാണ്. അതുകൊണ്ടാണ് കുന്നോളം കേസുകള്‍ ഹൈക്കോടതികളിലെത്തുന്നതും. എന്നാല്‍ ഭരണഘടനാ കോടതികളെന്ന നിലയിലുള്ള കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിയാത്ത വിധം അനഭിലഷണീയമായ സ്ഥലം മാറ്റങ്ങള്‍ക്ക് സുപ്രീം കോടതി കൊളീജിയം അവസരമൊരുക്കുമ്പോള്‍ ചങ്ങലക്ക് ഭ്രാന്ത് പിടിച്ച പ്രതീതിയില്‍ നീതിന്യായ സ്വാതന്ത്ര്യത്തിന്‍ മേല്‍ കൈയേറ്റം നടത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവര്‍ക്ക് മുമ്പില്‍ ജുഡീഷ്യറിയെ പണയപ്പെടുത്തുകയാണ് അറിഞ്ഞോ അറിയാതെയോ കൊളീജിയം ചെയ്യുന്നത്.

ഭരണഘടനയുടെ 222(1) അനുഛേദത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റപ്പെടുന്ന ന്യായാധിപന്റെ സമ്മതമില്ലാതെ സ്ഥലം മാറ്റം നടത്താമെന്ന് വരുന്നതില്‍ അപകടം ഒളിച്ചിരിക്കുന്നുണ്ട്. എക്‌സിക്യൂട്ടീവിന്റെ ഭരണഘടനാ വിരുദ്ധവും ജനദ്രോഹപരവുമായ നീക്കങ്ങളെ യഥോചിതം തടയാന്‍ നമ്മുടെ രാജ്യത്തെ ഹൈക്കോടതികള്‍ക്ക് ഏറെക്കുറെ കഴിയുന്നുണ്ട്. രാജ്യത്തെ പഴക്കം ചെന്നതും മുന്‍നിരയിലുള്ളതുമായ മദ്രാസ്, ബോംബെ, അലഹബാദ് ഹൈക്കോടതികളില്‍ നിന്ന് സമീപകാലത്ത് കേട്ട പല വിധിപ്രസ്താവങ്ങളും അത്തരത്തിലുള്ളതാണ്. അതേസമയം ഹൈക്കോടതി ജഡ്ജിമാരെ തുടരെ സ്ഥലം മാറ്റുമ്പോള്‍ ഉദാത്തമായ നീതി നിര്‍വഹണത്തിന്റെ തുടര്‍ച്ചകള്‍ക്കാണ് ഭംഗം സംഭവിക്കുന്നത്. അതിന് കോടാലിക്കൈയാകുന്നത് സുപ്രീം കോടതി കൊളീജിയം തന്നെയാകുന്നത് ഏറെ ഗുരുതരമാണ്.

ഭരണകൂടത്തിന്റെ ജനാധിപത്യ വിരുദ്ധ ഇടപെടലുകളും ദുഷ്ടലാക്കും തിരിച്ചറിഞ്ഞ് വേണം പരമോന്നത നീതിപീഠം ഭരണഘടനാദത്തമായ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍. അല്ലാത്ത പക്ഷം നമ്മുടെ ഭരണഘടനക്കും ജനാധിപത്യത്തിനും പോറലേല്‍പ്പിക്കുന്ന നിലപാടായിരിക്കുമത്.

Latest