Connect with us

Prathivaram

നന്മയും നർമവും പെയ്തിറങ്ങിയപ്പോൾ...

Published

|

Last Updated

മലയാളികൾക്ക് സുപരിചിതനാണ് കവി രാവണപ്രഭു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് കടലുണ്ടി നഗരം മേനാത്ത് രാമകൃഷ്ണനാണ് രാവണപ്രഭുവായി അറിയപ്പെട്ടിരുന്നത്. നിരന്തര പഠനത്തിലൂടെയും കവിതകളിലൂടെയും ഒരേ സമയം അധ്യാപകനും വിദ്യാർഥിയുമായി കഴിഞ്ഞ കലാകാരൻ. ഏതെങ്കിലും പാർട്ടിയുടെ അരിക് പറ്റി മാത്രമേ കവികൾക്കും എഴുത്തുകാർക്കും വളരാൻ സാധിക്കുകയുള്ളൂ എന്ന പലരുടെയും ധാരണ തിരുത്തി, നന്മ വളർത്തുക തിൻമയെ എതിർക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട വ്യക്തിയായിരുന്നു ഈ കവി. ഗ്രാമങ്ങളിൽ കാവ്യസംസ്കാരം വളർത്തുന്നതിന് പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ഇദ്ദേഹം നന്മയും ഹാസ്യവും പെയ്തിറങ്ങിയ കവിയായിരുന്നു.

 

കുട്ടികൾക്ക് വേണ്ടി കവിത എഴുതുക, അവരെക്കൊണ്ട് അത് പാടിക്കുക ഇതെല്ലാം ജീവിതത്തിന്റെ ഭാഗമാക്കിയ രാവണപ്രഭു എട്ടാം വയസ്സിലാണ് കവിത എഴുതിത്തുടങ്ങിയത്. ഇദ്ദേഹത്തിന്റെ കവിതകളിൽ ഒട്ടുമിക്കതും പ്രവാചകനെക്കുറിച്ചുള്ളതാണ്. മുഹമ്മദ് നബി(സ)യുടെ ജീവതചരിത്രം എല്ലാ വിഭാഗം ജനങ്ങളും പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ച് വളർന്നുവരുന്ന കുട്ടികളിൽ ലാളിത്യപൂർണമായ ജീവിതത്തിലൂടെ മാതൃക കാണിച്ച നബി(സ)യുടെ ജീവിതത്തിലെ ഓരോ അധ്യായവും കുട്ടികളുടെ മനസ്സിൽ ഊട്ടിയുറപ്പിക്കണം. നബി സൂക്തങ്ങൾക്ക് അനുദിനം പ്രസക്തി ഏറിവരികയാണ്. അത്യാഗ്രഹമാണ് മനുഷ്യനെ എല്ലാ ദുഷ്ചെയ്തികളിലേക്കും തള്ളിവിടുന്നത്. മറ്റുള്ളവന്റെ ധനം അപഹരിക്കാനും അതിനായി അവനെ അരുംകൊല നടത്താനും വരേ അത്യാഗ്രഹം പ്രേരകമാകുന്നു. ലളിത ജീവിതം സ്വീകരിച്ചവർക്ക് ഒരിക്കലും അത്യാഗ്രഹം ഉണ്ടാകില്ല. ഇതിന് മുഹമ്മദ് നബി (സ) യുടെ ലാളിത്യപൂർണമായ ജീവിതമാണ് മാതൃകയാക്കേണ്ടതതെന്ന് രാവണപ്രഭു തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറയാറുണ്ട്. ഈ ഒരു ഉദ്ദേശ്യത്തോടെ പ്രവാചകന്റെ ബാല്യകാല ജീവിതത്തിലെ ഓരോ ഏടുകളും ഉൾക്കൊള്ളുന്ന ബാല കവിതാ സമാഹാരം തന്നെ ഇദ്ദേഹം എഴുതിയിട്ടുണ്ട്. ഖുർആനിലെ ആദ്യ സൂക്തമായ “സൂറതുൽ ഫാത്വിഹ’യുടെ സാരം ഉൾക്കൊള്ളിച്ച് രചിച്ച “ഫാതിഹ’ എന്ന കവിത ഇങ്ങനെ വായിക്കാം.

“പരമകാരുണികൻ കരുണാനിധി അവിടുത്തെ തിരുനാമം സ്മരിപ്പു ഞാൻ,
സ്തുതി മുഴുവനും സർവലോകങ്ങളും പരിപാലിക്കുന്ന ദൈവത്തിനാകുന്നു,
പരമ കാണികൻ ദയാവാരിധി
പ്രതിഫല ദിവസത്തിനുടമസ്ഥൻ,
അവിടുത്തെ മാത്രം ഞങ്ങളാധിപ്പൂ ശരണം, നീ;
സഹായത്തിനു നീയൊരാൾ,
നാഥാ നിന്നാലനുഗ്രഹിച്ചോരുടെ നേർവഴിയിൽ നയിക്കണം ഞങ്ങളെ, കോപത്തിനിരയായോരുടെ മാർഗം പ്രാപിച്ചിടരുകീയുള്ളവരാരും,
ദൈവസന്ദേശമുണ്ടായിരുന്നിട്ടും
വ്യതിചലിച്ചവരാരുതാനാകിലും
അവരിൽ നിന്നുമകറ്റി നിൻമാർഗത്തിൽ കരുണയോടെ നീ കൈപിടിക്കുക’
“ഇത്തഖുന്നാറ വലൗബി ശിഖ്വിതംറ’ എന്ന നബി(സ)യുടെ ദാനധർമോപദേശത്തെ രാവണപ്രഭു കവിതയാക്കിയത് ഇങ്ങനെ:
“കാരക്ക തൻ ചീന്ത് ദാനം ചെയ്തെങ്കിലും നരകത്തിൽ നിന്നുമൊഴിവാകുക, ഇല്ലതുപോലും കരത്തിലെന്നാകിലോ നല്ലൊരു വാക്കോതി രക്ഷ നേടൂ,’
“ആരെ നീ സ്നേഹിപ്പതായവൻ മാത്രമേ കൂടെയുണ്ടാവൂ, പരലോകത്തിൽ ‘
“നിശ്ചയമായും ലഹരി പദാർഥങ്ങൾ ഒക്കെ നിഷിദ്ധമാണോർമ വേണം’
തുടങ്ങിയ കവിതകൾ ഏറെ പ്രസക്തമാണ്.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇസ്്ലാമിനെ ആക്ഷേപിക്കുന്നവർ യാഥാർഥ്യം ഗ്രഹിക്കുന്നില്ലെന്ന് ഇദ്ദേഹം പറയാറുണ്ട്
ഹാസ്യകഥകളും കവിതകളും രാവണപ്രഭുവിന് തൂലികയിൽനിന്നുതിർന്നു. ആസ്വാദകരെ വെറുതെ ചിരിപ്പിക്കാനുള്ളതല്ല മറിച്ച് ആനുകാലിക വിഷയങ്ങളും തത്വങ്ങളും ഹാസ്യാത്മകമായി അവതരിപ്പിക്കുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകൾ.
നിലവിലെ രാഷ്ട്രീയ പ്രവർത്തനത്തെപ്പറ്റി ഇദ്ദേഹം എഴുതിയ വരികൾ ഏവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതാണ്.

വർഷങ്ങൾക്ക് മുമ്പ് ഇദ്ദേഹം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും വോട്ട് പിടിത്തവും പരാജയപ്പെട്ടതുമെല്ലാമുള്ള അനുഭവം കവിതയാക്കി രചിച്ച “പഞ്ചായത്ത് പ്രസിഡന്റിന്റെ മൂക്ക്’ എന്ന നീണ്ട കവിത ഏറെ ഹാസ്യം നിറഞ്ഞതാണ് രാഷ്ട്രീയത്തിലെ അന്തർ നാടകങ്ങളും കാലുവാരലുകളുമെല്ലാം ഇതിൽ തുറന്നുകാട്ടുന്നുണ്ട്. “എട്ടാം വാർഡിലെ മണി മാസ്റ്റർക്ക് കെട്ടിയ പണവും നഷ്ടമായി’ എന്ന വരി തന്നെക്കുറിച്ച് തന്നെയാണ് രാവണപ്രഭു വിശേഷിപ്പിച്ചത് എന്ന് പറയുമ്പോൾ ആ മനസ്സിന്റെ നിഷ്കളങ്കത വ്യക്തമാകുന്നു. മദ്യപാനത്തെക്കുറിച്ചെഴുതിയ “സാത്താന്റെ നീര് ‘ എന്ന കവിതയിലെ ചില വരികൾ
” ഇളനീര് കുടിച്ചോലോ സുഖവുണ്ടാകും
മര നീര് കുടിച്ചാലോ മങ്ങിപ്പോകും
മരുഷ്യന്മാർ കുടി കൊണ്ട് മുടിഞ്ഞു പോകും
മരുമക്കൾ മക്കളെല്ലാം തുടഞ്ഞ് പോകും കുടിക്കുന്ന ഡ്രൈവർമാർ പിടിച്ച് ചക്രം തിരിക്കുമ്പോൾ നടു റോട്ടിൽ തിളയ്ക്കും രക്തം ‘
“പ്രവാചക പ്രകീർത്തനമായി മാത്രം അഞ്ഞൂറിലേറെ കവിതകൾ രാവണപ്രഭു രചിച്ചിട്ടുണ്ട്. ഹാസ്യവേദി സംസ്ഥാന പ്രസിഡന്റ്, കേരള ലഹരി വിരുദ്ധ സംഘം ട്രഷറർ, ഹരിത ഭാരത് പ്രസിഡന്റ്, വെട്ടം മാസിക, ഹാസ്യവേദി ത്രൈമാസിക പത്രാധിപർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം ആകാശവാണിയിൽ കവിതകൾ അവതരിപ്പിച്ചിട്ടുണ്ട്. എസ് എസ് എഫ് – എസ് ബി എസ് വേദികളിലും സാഹിത്യോത്സവുകളിലും സ്ഥിരസാന്നിധ്യമായിരുന്നു.

Latest