National
കലാപം രൂക്ഷമായി തുടരുന്നു; ജയ്ശങ്കറുമായി ഫോണില്‍ സംസാരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളെ കുറിച്ച് പരസ്പരം ചര്‍ച്ച നടത്തിയതായി ജയ്ശങ്കര്‍ എക്‌സില്‍ കുറിച്ചു.
ന്യൂഡല്‍ഹി | ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്നതിനിടെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഫോണില്‍ സംസാരിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. സംഭാഷണം നടന്നതായി ജയ്ശങ്കര്‍ എക്‌സിലൂടെ വെളിപ്പെടുത്തി.
ഇറാനിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിതിഗതികളെ കുറിച്ച് പരസ്പരം ചര്‍ച്ച നടത്തിയതായി ജയ്ശങ്കര്‍ കുറിച്ചു.
ലഭ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഇറാനില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്‍ അവിടം വിടണമെന്ന് ഇന്ത്യ നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 10,000ത്തോളം ഇന്ത്യക്കാര്‍ നിലവില്‍ ഇറാനിലുണ്ടെന്നാണ് കണക്ക്. അതിനിടെ, ഇറാനില്‍ കുടുങ്ങിയ കശ്മീരി വിദ്യാര്‍ഥികളെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
ഇറാന്‍ സര്‍ക്കാരിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഇതുവരെ 3,000ത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പ്രതിഷേധം രൂക്ഷമായതോടെ യു എസ് ആക്രമണ ഭീഷണിയുടെ നിഴലിലാണ് ഇറാന്‍. പ്രതിഷേധക്കാര്‍ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്നും സമരത്തില്‍ നിന്ന് പിന്മാറരുതെന്നും ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഹ്വാനം ചെയ്തിരുന്നു.


