From the print
മനുഷ്യ മതില്‍ തീര്‍ത്ത് സ്വീകരണം
ഇന്നലെ രാവിലെ പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തി പ്രദേശമായ തിരുവല്ലയിലെത്തിയ കേരളയാത്രയെ കയറിന്റെയും കായലിന്റെയും നാട് മനുഷ്യ മതില്‍ തീര്‍ത്ത് സ്വീകരിച്ചു.
കേരളയാത്രയെ തിരുവല്ലയിൽ സ്വീകരിച്ച ശേഷം ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത, തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നിര്‍വിണിനന്ദ എന്നിവർ നായകൻ കാന്തപുരം ഉസ്താദുമായി സൗഹൃദ സംഭാഷണത്തിൽ
പത്തനംതിട്ട/ ആലപ്പുഴ | മതം മതിലുകളല്ല മാനവികതയാണെന്ന മഹിത സന്ദേശവുമായി തിരുവല്ലയുടെ ഊഷ്മള സ്നേഹം ഏറ്റുവാങ്ങിയ കേരളയാത്രയെ കയറിന്റെയും കായലിന്റെയും നാട് മനുഷ്യ മതില്‍ തീര്‍ത്ത് സ്വീകരിച്ചു. ഇന്നലെ രാവിലെ പത്തനംതിട്ട ജില്ലയുടെ അതിര്‍ത്തി പ്രദേശമായ തിരുവല്ലയിലെത്തിയ കേരളയാത്രാ നായകന്‍ കാന്തപുരം ഉസ്താദിനെയും ഉപനായകരെയും കാത്തിരുന്നത് രണ്ട് മത മേലധ്യഷന്‍മാരായിരുന്നു. ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപൊലീത്ത, തിരുവല്ല ശ്രീരാമകൃഷ്ണ ആശ്രമത്തിലെ സ്വാമി നിര്‍വിണിനന്ദ എന്നിവര്‍ക്കൊപ്പമാണ് പ്രാസ്ഥാനിക കുടുംബം ചരിത്രയാത്രയെ വരവേറ്റത്.
നൂറുകണക്കിന് അനാഥ കുഞ്ഞുങ്ങളുടെ സംരക്ഷകനെന്ന് വിശേഷിപ്പിച്ചായിരുന്നു ആര്‍ച്ച് ബിഷപിന്റെ പ്രസംഗം ആരംഭിച്ചത്. കാന്തപുരത്തെ കാണാന്‍ കഴിഞ്ഞതിലുളള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. കാന്തപുരം ഒരു അത്ഭുത മനുഷ്യനെന്ന് സ്വാമി പറഞ്ഞു. ശേഷം മൂവരും ഒന്നിച്ചിരുന്ന് വിശേഷങ്ങള്‍ പങ്കുവെച്ചത് മതം അകലാനുള്ളതല്ല, അടുത്തിരിക്കാനാണെന്ന മഹിത സന്ദശത്തിന് ബലമേകി. തുടര്‍ന്ന് പത്തനംതിട്ട ടൗണില്‍ നടന്ന സ്വീകരണ സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു.
വൈകിട്ട് ആലപ്പുഴയിലെത്തിയ കേരളയാത്രയെ ജില്ലാ അതിര്‍ത്തിയായ ചാരുംമൂട്ടില്‍ എം എസ് അരുണ്‍ കുമാര്‍ എം എല്‍ എയുടെയും സമസ്ത മുശാവറ അംഗം എ ത്വാഹാ മുസ്്‌ലിയാരുടെയും നേതൃത്വത്തില്‍ പൗരാവലി സ്വീകരിച്ചാനയിച്ചു. പിന്നീട് കായംകുളം ശഹീദാര്‍ പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി ലിങ്ക് റോഡിലൂടെ കടന്നുവരുമ്പോള്‍ റോഡിന് ഇരുവശവും ജനങ്ങള്‍ തിങ്ങിക്കൂടി. സ്വീകരണ സമ്മേളനത്തിന് സാക്ഷിയായ ഹെല്‍ മെക്സ് മൈതാനവും ജനനിബിഡമായിരുന്നു.
കേരളയാത്ര ഇന്ന് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. രാവിലെ ഒമ്പതിന് ഓച്ചിറയിലാണ് സ്വീകരണം. വൈകിട്ട് അഞ്ചിന് പീരങ്കി മൈതാനത്ത് പതി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നഗറിലാണ് സ്വീകരണ സമ്മേളനം.





