Connect with us

ആത്മായനം

ഒറ്റക്കാകുമ്പോൾ നമ്മളാകേണ്ടത്

രഹസ്യ ജീവിതം തെറ്റുകളില്ലാതെ സംരക്ഷിക്കാനുള്ള എളുപ്പവിദ്യ ഏകാന്തതയെ നന്മകൾ കൊണ്ട് അലങ്കരിക്കുകയെന്നതാണ്. ഒറ്റക്കാകുമ്പോൾ വെറുതെയിരിക്കുകയെന്നത് പൈശാചികതക്ക് മേയാൻ അവസരം കൊടുക്കലാണ്. പൂർവസ്വൂരികളെല്ലാം രഹസ്യ ജീവിതത്തെ പുഷ്കലമാക്കിയവരായിരുന്നു. ആരെയും കാണിക്കാതെ അനവധി നന്മകൾ അവരനുഷ്ഠിച്ചു.

Published

|

Last Updated

ദാ സമയം ആത്മശുദ്ധിയുള്ള ജീവിതം നയിക്കുകയെന്നതാണ് നല്ല മനുഷ്യന്റെ അന്തസ്സത്ത. ആളുകൾക്ക് മുന്നിൽ മാന്യദേഹവും അവരുടെ അസാന്നിധ്യത്തിൽ ചവറുമായി രൂപാന്തരപ്പെടുന്നവർ നല്ല മനുഷ്യരല്ല. കപട ജന്മങ്ങളാണവർ!. നമ്മളീ കൂട്ടരിൽ ഏതു വിഭാഗത്തിലാണുൾപ്പെടുക?. മറുപടി പറയേണ്ട. ഒന്നാമത്തെ കൂട്ടരിൽ പെടാനുള്ള പണിയെടുക്കലാണ് പ്രധാനം. കഴിഞ്ഞ ആത്മായനം പങ്കു വെച്ച പോലെ നമുക്കിനിയുമിനിയും നല്ല മനുഷ്യനായിക്കൊണ്ടിരിക്കാം.
രഹസ്യവും പരസ്യവുമായ ജീർണതകൾ വെടിയണമെന്ന പാഠമാണ് സൂറ: അൻആമിന്റെ 120 ാം സൂക്തം മനുഷ്യരോട് ഉപദേശിക്കുന്നത്. രഹസ്യം നന്നാവാത്തവന്റെ പരസ്യത്തിനെന്തു മൂല്യമാണുള്ളത്?! അമേധ്യം പട്ടിൽ പൊതിഞ്ഞാൽ മഹത്വമുള്ളതാകുമോ?

തമാശിച്ചു തള്ളേണ്ട കാര്യമല്ല. രഹസ്യ ജീവിതം സംശുദ്ധമാക്കി തീർക്കുന്നതിൽ നമ്മളിൽ പലരും ഡി പ്ലസുകാരാണ്. സൂറ: ഹാഖയുടെ 18-ാം സൂക്തം നമ്മുടെ നെഞ്ചിൽ തറഞ്ഞുകയറണം. “അന്ന് നിങ്ങളെ രംഗത്ത് കൊണ്ട് വരും. നിങ്ങളുടെ ഒരു രഹസ്യവും മറച്ചുവെക്കുകയില്ല’.
യാ അല്ലാഹ്… വഷളാക്കപ്പെടാതിരിക്കാനാണ് മനുഷ്യൻ കതക് പൂട്ടി കുറ്റിയിട്ട് അരുതാത്തത് ചെയ്യുന്നത്. തെറ്റായ ആലോചനകൾ മനസ്സിലിട്ട് താലോലിക്കുന്നതുമതേ. കൂട്ടരേ.. ഈ കുതന്ത്രങ്ങളൊക്കെയും വൃഥാവിലാണ്. അന്ത്യനാളിന്റെ പേര് തന്നെ ” യൗമു തുബ് ലാ സറാഇർ ‘ അഥവാ രഹസ്യങ്ങൾ പരിശോധിക്കപ്പെടുന്ന ദിനമെന്നാണ്. എല്ലാ കർമങ്ങളുടെയും ഫലം ന്യായപൂർവം നൽകപ്പെടും. നന്മ ചെയ്തവർക്ക് പ്രതിഫലം തിന്മ ചെയ്തവർക്ക് തിക്ത ഫലവും.

അതുകൊണ്ടാണ് ലുഖ്മാൻ (റ) തന്റെ മകനോട് “മകനേ അതൊരു കടുകുമണിയോളമാണെങ്കിലും അതൊരു പാറമടയിലോ വാനലോകത്തോ ഭൂമിക്കുള്ളിലോ ആണെങ്കിൽ അല്ലാഹു പുറത്തു കൊണ്ടുവരും, അല്ലാഹു സൂക്ഷ്മജ്ഞനും സർവജ്ഞനുമാണ്.’ എന്ന് ഉപദേശിച്ചത്.
രഹസ്യ ജീവിതം തെറ്റുകളില്ലാതെ സംരക്ഷിക്കാനുള്ള എളുപ്പവിദ്യ ഏകാന്തതയെ നന്മകൾ കൊണ്ട് അലങ്കരിക്കുകയെന്നതാണ്. ഒറ്റക്കാകുമ്പോൾ വെറുതെയിരിക്കുകയെന്നത് പൈശാചികതക്ക് മേയാൻ അവസരം കൊടുക്കലാണ്. പൂർവസ്വൂരികളെല്ലാം രഹസ്യ ജീവിതത്തെ പുഷ്കലമാക്കിയവരായിരുന്നു. ആരെയും കാണിക്കാതെ അനവധി നന്മകൾ അവരനുഷ്ഠിച്ചു.

ദൈവസ്മരണകളിലും ആരാധനകളിലും മുഴുകി. രഹസ്യ കർമങ്ങളെ പ്രചോദിപ്പിക്കുന്ന സൂക്തങ്ങൾ അനവധി ഖുർആനിലുണ്ട്. അത്തരം കർമങ്ങൾക്ക് ആത്മാർഥത കൂടുതലായിരിക്കും. അതുകൊണ്ടാണ് ” രഹസ്യ കർമങ്ങൾക്ക് പരസ്യ കർമങ്ങളേക്കാൾ എഴുപതിരട്ടി മഹത്വമുണ്ട്’ എന്ന് റസൂൽ (സ) പറഞ്ഞത് (ബൈഹഖി). ആദർശ ബന്ധുക്കളിൽ ഏറ്റവും സൗഭാഗ്യം ലഭിച്ചവരുടെ സവിശേഷതകളിൽ തിരുദൂതർ (സ) ” സ്വകാര്യ വേളകളിൽ അല്ലാഹുവെ അനുസരിച്ചവരെ’ എണ്ണുന്നത് കാണാം.

പകൽ മാന്യനാവുകയും ജനങ്ങളുടെ കണ്ണു തെറ്റിയാൽ എന്തു വൃത്തികേടും നിസ്സങ്കോചം ചെയ്യാനും മടിയില്ലാത്തവരുടെ ഹൃദയത്തെ ഗുരുതരമായ കാൻസറാണ് ബാധിച്ചിരിക്കുന്നത്. സർവശക്തനായ അല്ലാഹുവിനെ അനാദരിക്കുകയും ബലഹീനരായ സൃഷ്ടികളെ പരിഗണിക്കുകയും ചെയ്യുന്നവരാണവർ. അത്തരക്കാരുടെ മൗഢ്യനിലപാടിനെ സൂറ:നിസാഅ് വിമർശിച്ചിട്ടുണ്ട്.
എ ഐ ക്യാമറകളും പോലീസ് നിരീക്ഷണങ്ങളുമുള്ളിടത്ത് നമ്മൾ കാണിക്കുന്ന ഗതാഗത ശ്രദ്ധ അത്തരം നിരീക്ഷണങ്ങളില്ലാത്തിടത്ത് അയഞ്ഞു പോവാറുണ്ട്. എന്നാൽ സദാ അല്ലാഹുവിന്റെ നിരീക്ഷണത്തിൽ നിന്ന് പുറത്ത് പോകാത്ത നമ്മൾക്കെങ്ങനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടും നേരത്ത് തെറ്റു ചെയ്യാനാവും?! നിർത്തുകയല്ലേ? ഇനിയും നമ്മുടെ ജീവിതത്തെ നിയന്ത്രിച്ചിട്ടില്ലെങ്കിൽ പിന്നെപ്പോൾ നമ്മൾ നമ്മളെ ക്രമീകരിക്കും?

 

 

 

Latest