Kerala
സ്വയം അധികാരകേന്ദ്രങ്ങളായി നേതാക്കള്‍ മാറുന്ന പ്രവണത തടയണം: കോടിയേരി
കഴിഞ്ഞകാല ത്യാഗങ്ങളെ മാത്രം ആശ്രയിച്ച് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാകില്ല
തിരുവനന്തപുരം | സി പി എം സംഘടനാ സമ്മേളനങ്ങളിലേക്ക് കടക്കവെ പാര്‍ട്ടിയും സംസ്ഥാനഭരണവും എങ്ങിനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് ഓര്‍മിപ്പിച്ച് പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനി പത്രത്തില്‍ എഴുതിയ പാര്‍ട്ടിയും സംസ്ഥാനഭരണവും എന്ന ലേഖനത്തിലാണ് കോടിയേരി ചില കാര്യങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞകാല ത്യാഗങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാകില്ല. വര്‍ത്തമാനകാല പ്രതിസന്ധികളിലും പ്രശ്നങ്ങളിലും ഇടപെട്ട് ജനതയെ നയിക്കാന്‍ പ്രാപ്തരാണന്ന ബോധം നിരന്തരം സൃഷ്ടിച്ചുകൊണ്ടേ പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവു. സ്വയം അധികാരകേന്ദ്രങ്ങളായി മാറുന്നതില്‍ ആഹ്ലാദം കണ്ടെത്തുന്ന ആളുകളുണ്ടാകും. അത്തരം പ്രവണതകളെ ശക്തമായി നേരിടാനാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടി സഖാക്കള്‍ ജനങ്ങളോട് വിനയത്തോടെ ഇടപെടുന്ന ശൈലിയാണ് തുടരേണ്ടതെന്ന് സി പി എം സ്ഥാന കമ്മിറ്റി അംഗീകരിച്ച ‘സംസ്ഥാന സര്‍ക്കാറും വര്‍ത്തമാനകാല കടമകളും’ എന്ന രേഖ ഓര്‍മിപ്പിക്കുന്നുണ്ട്. പാര്‍ട്ടി നയം മനസ്സിലാക്കി ജനങ്ങളുമായി സംവദിക്കുന്ന ശൈലിയിലേക്ക് പാര്‍ട്ടി നടത്തുന്ന ചര്‍ച്ചകളെയും ഇടപെടലുകളെയും വികസിപ്പിക്കാനാകണം. ക്കാര്യത്തില്‍ 1957ലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അവതരിപ്പിച്ച പ്രമേയത്തിന്റെ കാഴ്ചപ്പാടുകള്‍ പ്രസക്തമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.




