Connect with us

International

ബംഗ്ലാദേശിലെ അരക്ഷിതാവസ്ഥ: നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും തിരികെ വിളിച്ച് ഇന്ത്യ

ബംഗ്ലാദേശിൽ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നീക്കം

Published

|

Last Updated

ന്യൂഡൽഹി | ബംഗ്ലാദേശിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവിടത്തെ ഇന്ത്യൻ ഹൈക്കമ്മീഷനിലും മറ്റ് നയതന്ത്ര കാര്യാലയങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെയും ആശ്രിതരെയും തിരികെ വിളിക്കാൻ ഇന്ത്യ തീരുമാനിച്ചു. ബംഗ്ലാദേശിൽ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. പാർലമെന്റ് തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്ത്യയുടെ ഈ സുപ്രധാന തീരുമാനം.

നിലവിൽ കുടുംബാംഗങ്ങളെ ഒഴിവാക്കിയുള്ള ‘നോൺ-ഫാമിലി’ പോസ്റ്റിങ് രീതിയിലേക്കാണ് നയതന്ത്ര കാര്യാലയങ്ങൾ മാറുന്നത്. ഇത് സാധാരണയായി അതീവ സുരക്ഷാ വെല്ലുവിളിയുള്ള രാജ്യങ്ങളിലാണ് ഏർപ്പെടുത്താറുള്ളത്. എന്നാൽ ധാക്കയിലെ ഹൈക്കമ്മീഷനും ചിറ്റഗോങ്, ഖുൽന, രാജ്ഷാഹി, സിൽഹെറ്റ് എന്നിവിടങ്ങളിലെ കോൺസുലേറ്റുകളും പ്രവർത്തനം തുടരുമെന്ന് കേന്ദ്രം അറിയിച്ചു.

2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റതോടെ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ വിള്ളലുകൾ വീണിരുന്നു. കഴിഞ്ഞ ഡിസംബർ 12-ന് വിദ്യാർത്ഥി നേതാവ് ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സമ്മർദ്ദം വർധിപ്പിച്ചു.

പ്രതിഷേധങ്ങൾ ശക്തമായതോടെ മിഷൻ ഓഫീസുകളുടെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ എപ്പോൾ മടങ്ങുമെന്ന കാര്യത്തിൽ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.

 

---- facebook comment plugin here -----

Latest