Connect with us

From the print

ദുരന്തസാധ്യതാ മുന്നറിയിപ്പ് അവഗണിച്ചു; നിർമാണക്കമ്പനിക്കും പൊതുമരാമത്ത് വകുപ്പിനും ഗുരുതര വീഴ്ച

മണ്ണ് നീക്കം ചെയ്യാത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി

Published

|

Last Updated

കോഴിക്കോട് | ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതാ പദ്ധതിയുമായി ബന്ധപ്പെട്ട് അപകടസാധ്യത മുൻകൂട്ടി മനസ്സിലാക്കിയിട്ടും അവഗണിച്ചുവെന്ന് രേഖകൾ. പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള 19 അംഗ ഉദ്യോഗസ്ഥരും നിർമാണക്കമ്പനി അധികൃതരും അടങ്ങുന്ന സംഘം പദ്ധതിപ്രദേശം സന്ദർശിച്ച് നടത്തിയ തീരുമാനങ്ങൾ നടപ്പാക്കാത്തതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. ഇതു സംബന്ധിച്ച് നടത്തിയ ചർച്ചയും തീരുമാനങ്ങളും ഉൾക്കൊള്ളുന്ന മിനുട്സ് സിറാജിന് ലഭിച്ചു.
കഴിഞ്ഞമാസം 25നാണ് പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയുടെ പ്രവർത്തന പുരോഗതിയും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായി പ്രദേശത്ത് സന്ദർശനം നടത്തിയത്. ഇതിന്റെ ഭാഗമായി നടത്തിയ ചർച്ചയിൽ സ്ഥലത്ത് കൂട്ടിയിട്ട മണ്ണ് അപകടഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. കൂട്ടിയിട്ട മണ്ണ് ടാർപോളിൻ ഉപയോഗിച്ച് കവർ ചെയ്തിട്ടുണ്ടെന്നും മണ്ണ് സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലമില്ലെന്നും കരാർ കമ്പനി ഉദ്യോഗസ്ഥരെ അറിയിക്കുകയുണ്ടായി. ഇതേത്തുടർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന്റെ സഹായം തേടാൻ തീരുമാനിക്കുകയും ചെയ്തു. ഏകദേശം ഒരു ലക്ഷം ക്യുബിക് മീറ്റർ മണ്ണ് താത്കാലികമായി സൂക്ഷിക്കാൻ വേണ്ട സ്ഥലമാണ് കരാർ കമ്പനി ആവശ്യപ്പെട്ടത്. നിലവിൽ പദ്ധതിപ്രദേശത്ത് കൂട്ടിയിട്ട മണ്ണ് അപകടഭീഷണിയായതിനാൽ മണ്ണിടുന്നതിന്റെ ഉയരം കുറയ്ക്കാൻ പാരിസ്ഥിതിക സാങ്കേതിക വിദഗ്ധരുടെ അഭിപ്രായം തേടി നടപടികൾ സ്വീകരിക്കണമെന്നും നിർദേശിക്കുകയുണ്ടായി.

എന്നാൽ ഇത്ര ദിവസമായിട്ടും പദ്ധതിയുടെ പൂർണമായ മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത് കോഴിക്കോട് ഡിവിഷനോ വയനാട് ജില്ലയിലെ മേപ്പാടി ഭാഗത്ത് പദ്ധതി നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയ പൊതുമരാമത്ത് കൽപ്പറ്റ റോഡ്‌സ് സബ്ഡിവിഷനോ വേണ്ട കാര്യങ്ങൾ ചെയ്തില്ല. പദ്ധതിപ്രദേശത്ത് മണ്ണ് കൂട്ടിയിട്ടതിനാല്‍ മഴക്കാലത്തുള്ള സോയിൽ പൈപ്പിംഗ്, സ്‌ലോപ്പ് സ്റ്റബിലിറ്റി തുടങ്ങിയ പ്രതിഭാസങ്ങൾ കാരണം അപകടമുണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ മുൻകരുതലും സ്വീകരിക്കാനും മുന്നറിയിപ്പ് നൽകിയിരുന്നു.

ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ നൽകാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകുകയും ചെയ്തു. പദ്ധതിപ്രദേശത്തെ എല്ലാവിധ നിർമാണ പ്രവർത്തനങ്ങളും അനുബന്ധ പ്രവർത്തനങ്ങളും മുഴുവന്‍ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് മുന്നോട്ടു കൊണ്ടുപോകാൻ പദ്ധതിയുടെ എസ് പി വി ആയ കൊങ്കൺ റെയിൽവേക്കും നിർദേശം നൽകിയിരുന്നു. ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ള പ്രദേശത്ത് എല്ലാ ദിവസവും മഴയുടെ അളവ് നിരീക്ഷിക്കുകയും അത് 20 മില്ലി മീറ്റർ അളവിൽ കൂടുതലായാൽ എല്ലാ പ്രവൃത്തിയും നിർത്തിവെക്കാനും തീരുമാനിച്ചിരുന്നു. മഴയുടെ അളവ് എല്ലാ ദിവസവും നിരീക്ഷിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു. അതിശക്തമായ മഴയുണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ പദ്ധതിയുടെ താഴെ മീനാക്ഷിപ്പാലത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു.

എന്നാൽ അപകടം മുൻകൂട്ടിക്കണ്ട് പത്ത് ദിവസം മുമ്പ് തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കാത്തതാണ് ദുരന്തത്തിലേക്ക് നയിച്ചത്. പദ്ധതിയുടെ എസ് പി വിയായ കൊങ്കൺ റെയിൽവേക്ക് പുറമെ പദ്ധതി നിരീക്ഷിക്കേണ്ട പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തു കൂടി ഗുരുതര വീഴ്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലത്തെ സംഭവം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

---- facebook comment plugin here -----

Latest