From the print
മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് മുഖ്യമന്ത്രി; നിർദേശിച്ചത് ആളുകളെ മാറ്റാനെന്ന് പി ഡബ്ല്യൂ ഡി
ഇന്നലെ പ്രദേശത്ത് പെയ്തത് 225 മില്ലീ മീറ്റർ മഴ
തിരുവനന്തപുരം | വയനാട് തുരങ്കപാതക്ക് സമീപം കള്ളാടിയിൽ അപകടത്തിനിടയാക്കിയ മണ്ണ് നീക്കം ചെയ്യാൻ നേരത്തേ തന്നെ നിർദേശം നൽകിയിരുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ. എന്നാൽ മുഖ്യമന്ത്രിയെ തള്ളി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല രംഗത്തെത്തി. അപകടം നടന്ന സ്ഥലത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കം ചെയ്യണമെന്ന് നേരത്തേ തന്നെ നിർദേശം നൽകിയിരുന്നതാണെന്നും ജില്ലാ കലക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയർമാനും 20ാം തീയതി ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഒപ്പം മണ്ണ് അടിയന്തരമായി നീക്കം ചെയ്യണമെന്ന് പൊതുമരാമത്ത് മന്ത്രിയും കോൺട്രാക്ടർമാരെ അറിയിച്ചിരുന്നു. പക്ഷേ കരാറുകാർ ജില്ലാ കലക്ടറുടെയും മന്ത്രിയുടെയും നിർദേശം പാലിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രദേശത്ത് കനത്ത മഴയാണ് പെയ്തത്. ഇന്നലെ 225 മില്ലി മീറ്റർ മഴ പെയ്തുവെന്നാണ് റിപോർട്ട്.
കരാറുകാർ ആ മണ്ണ് നീക്കം ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമായത്. എട്ട് എക്സ്‌വേറ്ററുകൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി തുടരുകയാണ്. മന്ത്രിമാരായ ടി സിദ്ദീഖിനെയും എ പി അനിൽകുമാറിനെയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനായി അയച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ദുരന്തനിവാരണ അതോറിറ്റി ഓഫീസ് എന്നിവ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാറിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ വാദങ്ങളെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീലാ അബ്ദുല്ല തള്ളി. പ്രതികൂല കാലാവസ്ഥയിൽ മണ്ണ് മാറ്റേണ്ടതില്ലെന്നും പകരം അവിടെ നിന്ന് ആളുകളെ മാറ്റാനാണ് ഉന്നതതല യോഗത്തിൽ നേരത്തേ തീരുമാനിച്ചിരുന്നതെന്നും പൊതുമരാമത്ത് സെക്രട്ടറി വ്യക്തമാക്കി.
മഴ പെയ്യുന്ന സമയത്ത് മണ്ണ് മാറ്റുന്നത് കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്നതിനാലാണ് മാറ്റേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനിച്ചതെന്ന് പൊതുമരാമത്ത് സെക്രട്ടറി വെളിപ്പെടുത്തി.
അതേസമയം മുന്നറിയിപ്പുകളിലെ അവ്യക്തത അപകടത്തിന് കാരണമായിട്ടുണ്ടെന്ന് വിമർശമുയർന്നിട്ടുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടായിട്ടും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മുന്നറിയിപ്പിൽ വയനാട്ടിൽ മഞ്ഞ ജാഗ്രത മാത്രമാണുണ്ടായിരുന്നത്. പൊതുജനങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുന്നതിലും ജാഗ്രതാ നിർദേശങ്ങൾ നൽകുന്നതിലും സർക്കാർ സംവിധാനത്തിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ദുരന്തനിവാരണ അതോറിറ്റിയും ചെയർമാനായ മുഖ്യമന്ത്രിയും കൈക്കൊള്ളേണ്ട തീരുമാനങ്ങളിൽ വന്ന പാളിച്ചകളാണ് അപകടത്തിന് കാരണമെന്നാണ് വിമർശം.
Content Highlights: A dispute has emerged between Kerala Chief Minister VD Satheesan and PWD Secretary Adeela Abdullah over the Wayanad tunnel landslide. The CM blamed contractors for ignoring orders to remove soil before the heavy rains. However, the PWD Secretary countered that a high-level meeting decided not to move the soil due to rain risks.






