From the print
കണ്ണീരോർമകൾക്ക് രണ്ടാണ്ട് തികയും മുമ്പ്
രണ്ട് വർഷം മുമ്പത്തെ നേർചിത്രപ്പകർപ്പ് പോലെയാണ് ഇന്നലത്തെ ദുരന്തവും.
കോഴിക്കോട് | ഒരു നാട് ഒന്നാകെ ഒഴുകിപ്പോയ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ കണ്ണീരോർമകൾക്ക് രണ്ടാണ്ട് തികയും മുമ്പ് വീണ്ടും ദുരന്തവാർത്തകളിൽ വയനാട്. 2024 ജൂലൈയിലായിരുന്നു ഒരു പേക്കിനാവ് പോലെ ഓർക്കാൻ തോന്നുന്ന ആ കാഴ്ചകൾ. മണ്ണും മനുഷ്യനും വീടും വെള്ളവും ഒന്നാകെ ഒഴുകിപ്പോയ ദുരന്തത്തിന്റെ മറ്റൊരു മുഖമാണ് ഇന്നലെ വയനാട് മീനാക്ഷിപാലത്തിന് സമീപം കണ്ടത്. ആർത്തലച്ചുവരുന്ന വെള്ളവും മണ്ണും കണ്ട് പ്രാണരക്ഷാർഥം ഓടുന്ന മനുഷ്യർ. ഒന്ന് കരയാൻ പോലുമാകാതെ ആ സംഹാരതാണ്ഡവത്തിന് മുന്നിൽ കീഴടങ്ങി മൃതിയടഞ്ഞവർ. രണ്ട് വർഷം മുമ്പത്തെ നേർചിത്രപ്പകർപ്പ് പോലെയാണ് ഇന്നലത്തെ ദുരന്തവും.
ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ 298 പേർ മരണപ്പെടുകയും 32 പേരെ കാണാതാകുകയും ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകൾ. 300ലധികം വീടുകളാണ് തകർന്നത്. മഴക്കാലത്തെ ദുരന്തം വയനാടിന് പുതുമയല്ല. 2019 ആഗസ്റ്റിലായിരുന്നു കനത്ത മഴയെത്തുടർന്ന് മേപ്പാടി പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്. പ്രസ്തുത ദുരന്തത്തിൽ 17 പേരാണ് മരിച്ചത്.
2018ൽ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ ഭാഗമായി മലയോര മേഖലയായ വയനാട്ടിൽ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാരണം നിരവധി ജീവനും വീടുകളും കൃഷികളും നഷ്ടമായി. 2020ലും 21ലും ഇതുതന്നെ ആവർത്തിച്ചു. ഇത്തവണത്തേത് പ്രകൃതിദുരന്തമാണോ മനുഷ്യനിർമിത ദുരന്തമാണോയെന്ന ചർച്ച അന്തരീക്ഷത്തിൽ പടരുമ്പോൾ കേരളത്തിന്റെ പ്രകൃതിമനോഹാരിതയുടെ മടിത്തട്ടായ വയനാട് ഇനിയും ദുരന്തത്തിന്റെ പേരിൽ കരഞ്ഞുകൂടായെന്നത് യഥാർഥ ചിന്തയാണ്.
കുന്നിൻപ്രദേശവും അയഞ്ഞ മണ്ണിന്റെ ഘടനയും കാരണം കൂടുതൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമായാണ് വയനാടിനെ കണക്കാക്കുന്നത്. കഴിഞ്ഞ നൂറ് വർഷത്തിനിടക്ക് വയനാട്ടിലെ വനവിസ്തൃതിയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് പഠനം. ഇത് പ്രകൃതി ദുരന്തങ്ങൾക്കിടയാക്കുന്നു. രാജ്യവ്യാപകമായി ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള 30 ജില്ലകളിൽ 13ാം സ്ഥാനമാണ് വയനാടിനുള്ളത്. ഈ സാധ്യതകൾ നിലനിൽക്കെ പ്രകൃതിയുടെ അപ്രതീക്ഷിത വിധികളെ നമുക്ക് തടുക്കാനാകില്ലെങ്കിലും വയനാട് പോലുള്ള ഭൂമിയെ തൊട്ടുകളിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പാഠങ്ങൾ ഒരുപാടുണ്ട് എന്നത് വീണ്ടും ഓർമിപ്പിക്കുകയാണ് ഇന്നലത്തെ ദുരന്തം.
Content Highlights: Wayanad is struck by another landslide near Meenakshipalam reviving memories of the tragic 2024 Chooralmala Mundakkai disaster. Hilly terrains and loose soil structures make this region highly vulnerable to repeated environmental calamities during heavy monsoons. Experts emphasize the urgent need for strict conservation policies as forest cover continues to deplete rapidly.






