Connect with us

പടനിലം

വയനാട്: ഇവിടെ ഇന്ത്യ തന്നെ മുഖ്യം

ദേശീയാടിസ്ഥാനത്തില്‍ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഒന്നര മാസം നീണ്ട വീറും വാശിയുമുള്ള പ്രചാരണം അവസാനിച്ചപ്പോള്‍ വലിയ ആവേശത്തിലാണ് മുന്നണികള്‍.

Published

|

Last Updated

കോണ്‍ഗ്രസ്സിന്റെ രാജ്യത്തെ മുഖമായ രാഹുല്‍ ഗാന്ധിയും ഇന്ത്യ മുന്നണിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ ആനി രാജയും ബി ജെ പി സംസ്ഥാന പ്രസിഡന്റ്കെ സുരേന്ദ്രനും കൊമ്പുകോര്‍ക്കുന്ന വയനാട്ടില്‍ നടന്നത് സമാനതകളില്ലാത്ത പ്രചാരണം. ദേശീയാടിസ്ഥാനത്തില്‍ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ഒന്നര മാസം നീണ്ട വീറും വാശിയുമുള്ള പ്രചാരണം അവസാനിച്ചപ്പോള്‍ വലിയ ആവേശത്തിലാണ് മുന്നണികള്‍.

2019ലേതിന് സമാനമായ ഭൂരിഭക്ഷത്തിൽ രാഹുല്‍ മണ്ഡലം നിലനിര്‍ത്തുമെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ തറപ്പിച്ച് പറയുന്നു. എന്നാല്‍, വലിയ രാഷ്ട്രീയ അടിയൊഴുക്ക് ഇടതിന് അനുകൂലമാകുമെന്നും ആനി രാജ ചരിത്രം കുറിക്കുമെന്നും എല്‍ ഡി എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. കെ സുരേന്ദ്രന്‍ വലിയ തോതില്‍ വോട്ടുവിഹിതം ഉയര്‍ത്തുമെന്ന് എന്‍ ഡി എയും അവകാശപ്പെടുന്നു.

മണ്ഡലത്തിന്റെ സ്വഭാവവും സാമുദായിക സമവാക്യങ്ങളും മറ്റും പരിശോധിച്ചാല്‍ യു ഡി എഫ് ആധിപത്യം പ്രകടമാണ്. പ്രചാരണ രംഗത്തുണ്ടായ ഇടത് മുന്നേറ്റം ആനി രാജക്ക് വോട്ടായി മാറിയാല്‍ രാഹുലിന്റെ ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പൊതു വിലയിരുത്തല്‍.

കൊടി വിവാദം
ദേശീയ നേതാക്കളുടെ വലിയ പട വയനാട്ടില്‍ പ്രചാരണത്തിനെത്തി. ദേശീയതലത്തിൽ ചര്‍ച്ചയായ വിവാദങ്ങളും പ്രചാരണ രംഗത്ത് ഉയര്‍ന്നുവന്നു. മുസ്‌ലിം ലീഗിന്റെ കൊടി ദേശീയ അടിസ്ഥാനത്തില്‍ ബി ജെ പി ആയുധമാക്കുമെന്ന് ഭയന്ന് ഒരു കൊടിയും പ്രചാരണത്തിന് ഉപയോഗിക്കേണ്ടെന്ന യു ഡി എഫ് തീരുമാനം വലിയ ചര്‍ച്ചയായി. ഇത് ആയുധമാക്കിയ ഇടതുപക്ഷം, സംഘ്പരിവാറിനെ ഭയന്ന് കൊടിപോലും ഉപയോഗിക്കാത്തവരാണോ ഫാസിസത്തിനെതിരെ പോരാടുന്നതെന്ന ചോദ്യം ഉയര്‍ത്തി.
മുഖ്യമന്ത്രിയെ ആക്രമിച്ചായിരുന്നു യു ഡി എഫ് ഇതിന് പ്രതിരോധം തീര്‍ത്തത്. ബി ജെ പിക്കെതിരെ മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹത്തിനും കുടുംബത്തിനുമെതിരായ ആരോപണങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ നടപടി സ്വീകരിക്കുന്നില്ലെന്നും യു ഡി എഫ് പ്രചാരണായുധമാക്കി. കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പിണറായി വിജയനെതിരെ പ്രചാരണ വേദികളില്‍ ആരോപണങ്ങള്‍ ചൊരിഞ്ഞു.

ഗണപതിവട്ടം
സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റി ഗണപതിവട്ടമാക്കുമെന്ന് ബി ജെ പി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നു. വിഭാഗീയത സൃഷ്ടിച്ച് വോട്ട് നേടുക എന്ന ലക്ഷ്യമായിരുന്നു പിന്നിൽ. എന്നാല്‍, മണ്ഡലത്തില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ പിന്നോട്ട് പോയി. പ്രധാനമന്ത്രിയുടെ മുസ്‌ലിംവിരുദ്ധ പരാമര്‍ശവും സി എ എയും എന്‍ ആര്‍ സിയും ഇലക്ടറല്‍ ബോണ്ടും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

വന്യജീവി
പ്രാദേശിക വിഷയങ്ങളില്‍ വയനാട്ടിലെ വന്യജീവി ആക്രമണങ്ങള്‍ തന്നെയായിരുന്നു പ്രധാനം. വനം- വന്യജീവി നിയമം ഭേദഗതി ചെയ്യുമെന്ന് എല്‍ ഡി എഫ് പ്രകടനപത്രകിയില്‍ പറഞ്ഞു. യു ഡി എഫ് പ്രകടന പത്രികയില്‍ ഇതുണ്ടായിരുന്നില്ല. ഇത് ചര്‍ച്ചയായെങ്കിലും വയനാട്ടിലെത്തിയ കോണ്‍ഗ്രസ്സിന്റെ ദേശീയ നേതാക്കളെല്ലാം വനം- വന്യജീവി നിയമം ഭേദഗതി ചെയ്യുമെന്ന് വാഗ്്ദാനം നല്‍കി.

ബി ജെ പിയും സമാന അഭിപ്രായമാണ് ഉയര്‍ത്തിയത്. ദേശീയപാതയിലെ രാത്രിയാത്രാ വിലക്ക്, ചുരം ബദല്‍ പാത, റെയില്‍വേ എന്നിങ്ങനെ ചര്‍ച്ചയായി.
രാഹുലിന്റെ ജനസമ്മതി ഒരിക്കല്‍ക്കൂടി വിളിച്ചറിയിക്കുന്നതാകും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലമെന്നാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ്സ്, ലീഗ് നേതാക്കള്‍ കരുതുന്നത്.

ഇത്തവണ ഒരു ലക്ഷത്തിനടുത്ത് കന്നി വോട്ടര്‍മാരുണ്ട്. ഇവരില്‍ നല്ലൊരുപങ്കും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് രാഹുല്‍ ഗാന്ധിക്കായി പ്രചാരണത്തിന് ഇറങ്ങിയതാണെന്നും യു ഡി എഫ് പറയുന്നു.
അസംഘടിത വിഭാഗത്തില്‍പ്പെട്ടതടക്കം തൊഴിലാളികളുടെയും ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്ത്രീകളുടെയും വോട്ട് രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായി ലഭിക്കുമെന്നാണ് ഇടതുപക്ഷം പറയുന്നത്. കഴിഞ്ഞ തവണ എന്‍ ഡി എക്ക് ലഭിച്ച 78,590 വോട്ട് ഇത്തവണ സുരേന്ദ്രന്‍ ഒന്നേകാല്‍ ലക്ഷത്തിലേക്ക് എത്തിക്കുമെന്നാണ് ബി ജെ പി നേതൃത്വം കരുതുന്നത്.