Kerala
ഏഴ് കിലോ വ്യാജ സ്വര്‍ണവും 250 മാലകളും പിടികൂടി; കര്‍ണാടക സ്വദേശികളായ നാലുപേര്‍ അറസ്റ്റില്‍
കാല്‍ലക്ഷത്തോളം രൂപയും സ്വര്‍ണമാണെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടി കൈവശം കരുതിയിരുന്ന ഏഴ് ഗ്രാം യഥാര്‍ഥ സ്വര്‍ണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കാസര്‍കോട് | നഗരത്തിലെത്തിച്ച ഏഴ് കിലോ വ്യാജ സ്വര്‍ണവും 250 മാലകളും പോലീസ് പിടികൂടി. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്തു. കര്‍ണാടക മാണ്ഡ്യ രംഗപട്ടണം സ്വദേശികളായ ജീവന്‍ലാല്‍ (59), ഗണേഷ് സോളാങ്കി (53), ഹരിലാല്‍ (37), അര്‍ജുന്‍ കിസാന്‍ സോളാങ്കി (30) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് പ്രസ്സ്‌ക്ലബ് ജങ്ഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട ആറംഗ സംഘത്തെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. നാലുപേരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. രണ്ടുപേര്‍ രക്ഷപ്പെട്ടു. പിടിയിലായവരെ പരിശോധിച്ചപ്പോഴാണ് ഏഴ് കിലോയോളം വ്യാജ സ്വര്‍ണാഭരണങ്ങളും 250 മാലകളും കണ്ടെത്തിയത്.
കാല്‍ലക്ഷത്തോളം രൂപയും സ്വര്‍ണമാണെന്ന് വിശ്വസിപ്പിക്കുന്നതിന് വേണ്ടി കൈവശം കരുതിയിരുന്ന ഏഴ് ഗ്രാം യഥാര്‍ഥ സ്വര്‍ണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കോപ്പറും കാഡ്മിയവും കലര്‍ത്തിയ ആഭരണങ്ങളും കണ്ടെത്തി. ക്യാരറ്റ് കുറഞ്ഞ സ്വര്‍ണക്കണ്ണിയും നൂലും കാണിച്ച് വ്യാജസ്വര്‍ണം വിറ്റ് തട്ടിപ്പ് നടത്താനാണ് സംഘം കാസര്‍കോട്ടെത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ആവശ്യക്കാരെ കണ്ടെത്തി കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് മുക്കുപണ്ടം നല്‍കി പണം കൈക്കലാക്കുകയാണ് രീതി.
ഒരാഴ്ച മുമ്പ് കാസര്‍കോട്ടെത്തിയ സംഘം ബേക്കല്‍ പള്ളിക്കരയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ച് വരികയായിരുന്നു. ആഭരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പറഞ്ഞ് ഇവര്‍ കാസര്‍കോട്ടെ ചില ജ്വല്ലറികളിലും എത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. തെലുങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇവര്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. പിന്നീട് കാസര്‍കോട്ടെത്തുകയായിരുന്നു. രക്ഷപ്പെട്ട രണ്ട് പ്രതികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.



