Connect with us

National

മൂകയും ബധിരയുമായ പെൺകുട്ടി ഗർഭിണി; 17 പേരുടെ ഡി എൻ എ പരിശോധനയിൽ സത്യം പുറത്ത്; പ്രതി സ്വന്തം പിതാവ്

17 പേരിൽ പിതാവിന്റെ ഡി എൻ എ. മാത്രമാണ് ഗർഭസ്ഥ ശിശുവിന്റേതുമായി പൊരുത്തപ്പെട്ടത്.

Published

|

Last Updated

മുംബൈ | സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കിയ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുംബൈയിലെ കഫ് പരേഡ് മേഖലയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ഡി എൻ എ. പരിശോധനാ ഫലം പുറത്തുവന്നതോടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ട പെൺകുട്ടി തന്റെ മുത്തശ്ശിയോട് ആംഗ്യഭാഷയിലൂടെ പരാതി പറയുകയായിരുന്നു. വയറ്റിൽ എന്തോ ഇഴയുന്നതുപോലെ തോന്നുന്നു എന്നായിരുന്നു പെൺകുട്ടി കൈകൾ കൊണ്ട് ആംഗ്യം കാണിച്ചത്. തുടർന്ന് നഗരത്തിലെ കാമ ആൻഡ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

തുടക്കത്തിൽ മൊഴി നൽകാൻ പെൺകുട്ടി വിസമ്മതിച്ചിരുന്നു. പിന്നീട് നടത്തിയ കൗൺസിലിംഗിന് ശേഷമാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരാളെയും 17 വയസ്സുകാരനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഗർഭസ്ഥ ശിശുവിന്റെ പിതാവ് ആരാണെന്ന് കണ്ടെത്താൻ കേസിൽ സംശയിക്കപ്പെട്ട 17 പേരുടെ ഡി എൻ എ. സാമ്പിളുകൾ പോലീസ് പരിശോധനയ്ക്ക് അയച്ചു. ഇതിൽ പെൺകുട്ടിയുടെ പിതാവും ഉൾപ്പെട്ടിരുന്നു.

ജനുവരി 27-ന് പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് പ്രതി പിതാവാണെന്ന് സ്ഥിരീകരിച്ചത്. 17 പേരിൽ പിതാവിന്റെ ഡി എൻ എ. മാത്രമാണ് ഗർഭസ്ഥ ശിശുവിന്റേതുമായി പൊരുത്തപ്പെട്ടത്. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബർ 21-നും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പരാതി നൽകാൻ പോലും പിതാവ് ആദ്യം തയ്യാറായിരുന്നില്ല. നിലവിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തുവരികയാണ്.

Latest