National
'83 വയസ്സായതിനാൽ ഖാർഗെക്ക് ഇരുന്ന് മുദ്രാവാക്യം വിളിക്കാം'; മല്ലികാർജുൻ ഖാർഗെയെ പരിഹസിച്ച് പ്രധാനമന്ത്രി
പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷ എം പിമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി
ന്യൂഡൽഹി | പ്രതിപക്ഷ ബഹളത്തിനിടെ രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖർഗെയുടെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തിന് ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് പ്രധാനമന്ത്രി രാജ്യസഭയിൽ എത്തിയത്. പ്രധാനമന്ത്രി സംസാരിക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷ എം പിമാർ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി. ഏകാധിപത്യത്തിനെതിരെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. ബഹളം ശക്തമായതോടെയാണ് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഖർഗെയ്‌ക്കെതിരെ മോദി പരിഹാസമുന്നയിച്ചത്. 83 വയസ്സുള്ള ഖർഗെയ്ക്ക് പ്രായക്കൂടുതൽ ഉള്ളതിനാൽ ഇരുന്നുകൊണ്ട് മുദ്രാവാക്യം വിളിക്കാമെന്നായിരുന്നു മോദിയുടെ പരാമർശം. മിനിറ്റുകളോളം പ്രതിഷേധം തുടർന്ന പ്രതിപക്ഷം പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
യൂറോപ്യൻ യൂണിയൻ, യു എസ് എന്നിവയുമായുള്ള പുതിയ വ്യാപാര കരാറുകളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിനെയും പരിഹസിച്ചു. അവർ മടുത്ത് പോയെന്നും അതുകൊണ്ടാണ് ഇറങ്ങിപ്പോയതെന്നും അദ്ദേഹം പറഞ്ഞു. 2014-ൽ കോൺഗ്രസ് വലിയൊരു അഴിമതിക്കൂട്ടമാണ് രാജ്യത്ത് അവശേഷിപ്പിച്ചത്. അത് വൃത്തിയാക്കാൻ തന്റെ സർക്കാരിന് കഠിനമായി പരിശ്രമിക്കേണ്ടി വന്നു. കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യയെക്കുറിച്ച് ലോകത്തിനുണ്ടായിരുന്ന മോശം പ്രതിച്ഛായ മാറ്റിയെടുക്കാൻ തനിക്ക് സമയം ചെലവഴിക്കേണ്ടി വന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഇടതുകക്ഷികൾ, ഡി എം കെ എന്നിവർ പതിറ്റാണ്ടുകളോളം കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരിച്ചവരാണെങ്കിലും അഴിമതിയുടെ പേരിലാണ് ഇവർ അറിയപ്പെടുന്നത്. ഇന്നും ഈ പാർട്ടികളെക്കുറിച്ച് പറയുമ്പോൾ ആളുകൾ വ്യാപാര കരാറുകളെക്കുറിച്ചല്ല, മറിച്ച് ബോഫോഴ്സ് പോലുള്ള അഴിമതി ഇടപാടുകളെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും മോദി പരിഹസിച്ചു. ഇന്ത്യ-യു എസ് കരാറിൽ രാജ്യം അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന കോൺഗ്രസ് ആരോപണത്തിനുള്ള മറുപടിയായാണ് ബോഫോഴ്സ് വിഷയം പ്രധാനമന്ത്രി ഉയർത്തിയത്. പദ്ധതികൾ നടപ്പിലാക്കുന്നതിലാണ് തന്റെ സർക്കാരിന്റെ ശ്രദ്ധയെന്നും കോൺഗ്രസ് വെറും ഭാവനയിൽ മാത്രമാണ് കാര്യങ്ങൾ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു.



