Kerala
മുനമ്പത്തെ വഖഫ് ഭൂമി വിറ്റഴിച്ചു; ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ പരാതി
എറണാകുളം റൂറല്‍ എസ്പിക്കാണ് പരാതി നല്‍കിയത്.
		
      																					
              
              
            കൊച്ചി| മുനമ്പത്തെ വഖഫ് ഭൂമി വിറ്റഴിച്ച ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി. എറണാകുളം റൂറല്‍ എസ്പി ക്കാണ് പരാതി നല്‍കിയത്. വഖഫ് സംരക്ഷണ സമിതി പ്രവര്‍ത്തകരായ മുഹമ്മദ് അമാനുള്ള, എ.എം സുന്നഹജന്‍ എന്നിവരാണ് പരാതി നല്‍കിയത്.
1950ല്‍ വഖഫായി രജിസ്റ്റര്‍ ചെയ്ത് ഫാറൂഖ് കോളജിന് കൈമാറിയതാണ് മുനമ്പത്തെ വഖഫ് ഭൂമിയെന്ന് പ്രവര്‍ത്തകര്‍ പരാതിയില്‍ ഉന്നയിച്ചു. മുസ്ലിം സമുദായത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട ഭൂമി കൈമാറാന്‍ പാടില്ലെന്ന് ആധാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍, ഫാറൂഖ് കോളജ് മാനേജ്‌മെന്റ് കമ്മിറ്റിയും പവര്‍ ഓഫ് അറ്റോണി ലഭിച്ച അഡ്വ. എം.വി പോളും ചേര്‍ന്ന് ഭൂരിഭാഗം ഭൂമിയും വിറ്റഴിച്ചുവെന്നാണ് ആരോപണം.
വില്‍പ്പനക്ക് വഖഫ് ബോര്‍ഡിന്റെ അനുമതി ലഭിച്ചിട്ടില്ല. കോടികളുടെ വഖഫ് ഭൂമി നഷ്ടപ്പെടുത്തിയ ഫാറൂഖ് കോളജ് മാനേജ്‌മെന്റിനെതിരെ വഖഫ്, രജിസ്‌ട്രേഷന്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. അതേസമയം, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നാണ് ഫാറൂഖ് കോളജ് മാനേജ്‌മെന്റിന്റെ നിലപാട്.
വഖഫ് ഭൂമികള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി സമരത്തിലാണ്. ജനുവരി നാലിന് എറണാകുളത്ത് വഖഫ് സംരക്ഷണ സമ്മേളനം നടക്കും.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
