Connect with us

Editorial

അക്രമകാരികളായ തെരുവുനായകളെ കൊല്ലണം

സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ ഒന്നാം സ്ഥാനത്താണ് തെരുവുനായ ആക്രമണം. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തിനിടെ 1,65,000 പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായി. ഒരു മാസം 33,000ത്തിലേറെ പേര്‍ക്ക് നായയുടെ കടിയേല്‍ക്കുന്നു.

Published

|

Last Updated

സംസ്ഥാനത്ത് തെരുവുനായ അക്രമം അടിക്കടി കൂടി വരികയാണ്. പൊതുനിരത്തുകള്‍, ഗ്രാമീണ റോഡുകള്‍, ഇടവഴികള്‍, ബസ്സ്റ്റാന്‍ഡ്, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങി എല്ലായിടങ്ങളിലും തെരുവുനായ്ക്കളുടെ വിഹാരമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ പ്രശ്നങ്ങളില്‍ ഒന്നാം സ്ഥാനത്താണ് തെരുവുനായ ആക്രമണം. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തിനിടെ 1,65,000 പേര്‍ തെരുവുനായ്ക്കളുടെ ആക്രമണത്തിന് വിധേയരായി. ഒരു മാസം 33,000ത്തിലേറെ പേര്‍ക്ക് നായയുടെ കടിയേല്‍ക്കുന്നു. ജനുവരി 30,634, ഫെബ്രുവരി 34,785, മാര്‍ച്ച് 35,085, ഏപ്രില്‍ 30,740, മേയ് 33,892 എന്നിങ്ങനെയാണ് കടിയേറ്റവരുടെ മാസം തിരിച്ചുള്ള കണക്ക.് കഴിഞ്ഞ വര്‍ഷം കടിയേറ്റത് 3.16 ലക്ഷം പേര്‍ക്കാണ്. 26 പേര്‍ മരണപ്പെടുകയും ചെയ്തു. 2017ല്‍ കടിയേറ്റവരുടെ എണ്ണം 1.35 ലക്ഷമായിരുന്നു. എട്ട് വര്‍ഷം കൊണ്ട് രണ്ടര മടങ്ങാണ് വര്‍ധിച്ചത്. തെരുവുനായകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. 2019ലെ ലൈവ്സ്റ്റോക്ക് സെന്‍സസ് പ്രകാരം 2,89,986 ആയിരുന്നു തെരുവുനായകളുടെ എണ്ണമെങ്കില്‍ ഇപ്പോഴത് നാല് ലക്ഷത്തിലേറെയായി.

ഇതിനിടെ നിയമസഭയില്‍ മന്ത്രി എം ബി രാജേഷ് നല്‍കിയ വിവരമനുസരിച്ച് 2016 തൊട്ട് 2024 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടെ കടിയേറ്റവരുടെ എണ്ണം 17.39 ലക്ഷവും മരണപ്പെട്ടവര്‍ 124 പേരുമാണ്. 2016ല്‍ അഞ്ച് പേര്‍, 2017ല്‍ എട്ട്, 2018ല്‍ ഒമ്പത്, 2019ല്‍ എട്ട്, 2020ല്‍ അഞ്ച്, 2021ല്‍ 11, 2022ല്‍ 27, 2023ല്‍ 25, 2024ല്‍ 26 എന്നിങ്ങനെയാണ് ഓരോ വര്‍ഷവും മരണപ്പെട്ടവരുടെ എണ്ണം. ഓരോ വര്‍ഷവും തെരുവുനായ ആക്രമണത്തിന്റെയും കടിയേറ്റുള്ള മരണത്തിന്റെയും എണ്ണം വര്‍ധിച്ചു വരികയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വാക്സീനേഷനാണ് നായയുടെ കടിയേറ്റാല്‍ പരിഹാരം. അതും ഫലപ്രദമല്ലാത്ത അവസ്ഥയാണ് നിലവില്‍. കൃത്യമായ വാക്സീനേഷന്‍ നടത്തിയവര്‍ തന്നെ പേയിളകി മരിക്കുന്ന സംഭവങ്ങള്‍ അടുത്തിടെ ധാരാളമായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു.

തെരുവുനായ ശല്യം രൂക്ഷമാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കൊന്നൊടുക്കുകയായിരുന്നു പതിവ്. 1994ലെ പഞ്ചായത്ത് ആക്ടും മുനിസിപാലിറ്റി ആക്ടും പ്രകാരം മനുഷ്യര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന അക്രമാസക്തരായ തെരുവുനായകളെയും പന്നികളെയും കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരവുമുണ്ടായിരുന്നു. മൃഗസ്നേഹികള്‍ അതിനെതിരെ രംഗത്തു വരികയും തെരുവുനായകളെ കൊല്ലുന്നതിന് കേന്ദ്ര സര്‍ക്കാറും ജുഡീഷ്യറിയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് നായകളുടെ എണ്ണവും അക്രമവും വന്‍തോതില്‍ വര്‍ധിച്ചത്. നായകളെ വന്ധ്യംകരിക്കലും (എ ബി സി) ആനിമല്‍ ഷെല്‍ട്ടര്‍ നിര്‍മാണവുമാണ് പകരം നിര്‍ദേശിക്കപ്പെട്ട മാര്‍ഗങ്ങള്‍. എന്നാല്‍ കേന്ദ്ര ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ചട്ടം കര്‍ശനമാക്കിയതോടെ വന്ധ്യംകരണം പ്രതിസന്ധിയിലായി. ഏഴ് വര്‍ഷത്തെ എക്സ്പീരിയന്‍സുള്ള ഡോക്ടര്‍, എയര്‍കണ്ടീഷന്‍ ഓപറേഷന്‍ തിയേറ്റര്‍, ജനറേറ്റര്‍, റഫ്രിജറേറ്റര്‍, ഫ്രഷ് വാട്ടര്‍ ടാങ്ക് തുടങ്ങി അത്യാധുനിക സൗകര്യങ്ങളുള്ള എ ബി സി സെന്ററുകളിലായിരിക്കണം തെരുവുനായകളെ വന്ധ്യംകരിക്കേണ്ടതെന്നാണ് പുതിയ കേന്ദ്രചട്ടം. തുടര്‍ന്ന് ഒരാഴ്ച ശുശ്രൂഷിച്ച് മുറിവുണക്കി അണുബാധ ഇല്ലെന്നുറപ്പാക്കി എവിടെ നിന്നാണോ നായയെ പിടിച്ചു കൊണ്ടുവന്നത് അവിടെ തന്നെ തുറന്നു വിടുകയും വേണം. മനുഷ്യ ശസ്ത്രക്രിയക്കോ ആശുപത്രികള്‍ക്കോ ഇല്ലാത്ത കര്‍ശന വ്യവസ്ഥകളാണ് നായ്ക്കളുടെ കാര്യത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിരു കടന്ന മൃഗസ്നേഹം.

ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നിര്‍ദേശിച്ച തരത്തിലുള്ള ഒരു എ ബി സി സെന്റര്‍ സ്ഥാപിക്കണമെങ്കില്‍ രണ്ട് കോടിയോളം രൂപ ചെലവ് വരും. നിലവില്‍ സംസ്ഥാനത്തെ ആശുപത്രികള്‍ തന്നെ സാമ്പത്തിക പ്രതിസന്ധി കാരണം പരിമിതികള്‍ നേരിടുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര നിയമം ലഘൂകരിച്ചെങ്കില്‍ മാത്രമേ വന്ധ്യംകരണ യജ്ഞം മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം സന്നദ്ധമാകുന്നില്ലെങ്കില്‍ അതിനെ മറികടക്കുന്നതിന് സംസ്ഥാനം നിയമം കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കണ്‍കറന്റ് ലിസ്റ്റില്‍ പെട്ടതാണ് മൃഗസംരക്ഷണം. ഇത്തരം വിഷയങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമങ്ങളും ചട്ടങ്ങളും നിര്‍മിക്കാമെന്നാണ് നിയമവിദഗ്ധ പക്ഷം. നേരത്തേ ജെല്ലിക്കെട്ടിന്റെ വിഷയത്തില്‍ തമിഴ്നാട് നിയമം കൊണ്ടുവന്നിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള 2014ലെ സുപ്രീം കോടതി വിധി മറികടക്കാന്‍ 2017ലാണ് ജെല്ലിക്കെട്ട് അനുവദനീയമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതും പിന്നീട് നിയമസഭ അതംഗീകരിക്കുകയും ചെയ്തത്. മറ്റു ചില സംസ്ഥാനങ്ങളും കണ്‍കറന്റ് ലിസ്റ്റില്‍ പെട്ട വിഷയങ്ങില്‍ നിയമനിര്‍മാണം നടത്തിയിട്ടുണ്ട്.

നിയമം ലഘൂകരിച്ചാല്‍ തന്നെ തദടിസ്ഥാനത്തില്‍ വന്ധ്യംകരണം നടത്തി പരിഹരിക്കാവുന്നതാണോ തെരുവുനായ ശല്യം? നിലവില്‍ നാല് ലക്ഷത്തിലേറെ തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്. ഇവയുടെ വന്ധ്യംകരണ പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ എത്ര വര്‍ഷമെടുക്കും. തെരുവുനായ ശല്യം രൂക്ഷമാകുന്ന രണ്ടോ മൂന്നോ മാസങ്ങളില്‍ ഏതാനും നായ്ക്കളെ പിടിച്ചു കൊണ്ടുപോയി വന്ധ്യംകരണം നടത്തുന്നതോടെ അവസാനിക്കുന്നു നിലവിലെ വന്ധ്യംകരണ യജ്ഞം. അടുത്ത വര്‍ഷം പിന്നെയും തടരും. എല്ലാ നായ്ക്കളെയും വന്ധ്യംകരണം നടത്തി വര്‍ഷം തോറും വാക്സീനേഷന്‍ നല്‍കിയെങ്കില്‍ മാത്രമേ നായ മൂലമുണ്ടാകുന്ന പേബാധക്ക് പരിഹാരമാകുകയുള്ളൂ. ഇതിന് വര്‍ഷങ്ങളെടുക്കും. വന്ധ്യംകരണം തുടരുന്നതോടൊപ്പം പേപ്പട്ടികളെയും അക്രമസ്വഭാവമുള്ള നായകളെയും കൊല്ലുക കൂടിയാണ് പ്രായോഗിക മാര്‍ഗം. ഇക്കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ട് കോഴിക്കോട് നഗരസഭയും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും നേരത്തേ സുപ്രീം കോടതിയെ സമീപിച്ചതുമാണ്. കപട മൃഗസ്നേഹികള്‍ ഇതിനെതിരെ രംഗത്ത് വന്നെന്നിരിക്കും. എന്നാല്‍ പക്ഷിപ്പനി ബാധിച്ച കോഴികളെ വന്‍തോതില്‍ കൊന്നൊടുക്കുന്നുണ്ട് രാജ്യത്ത്. അപകടകാരികളായ കാട്ടുപന്നികളെ കൊന്നൊടുക്കാനും നിയമം അനുവദിക്കുന്നുണ്ട്. നായകളുടെ കാര്യത്തില്‍ മാത്രം ഇതായിക്കൂടാ എന്ന് പറയുന്നതിലെ യുക്തി മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.

 

Latest